മദീനയിലെ പുണ്യ സ്ഥലങ്ങളും ചരിത്ര ശേഷിപ്പുകളും കാണാൻ തീർത്ഥാടകരുടെ തിരക്ക്

337

മദീന: മദീനയിലെ പുണ്യ സ്ഥലങ്ങളും ചരിത്ര ശേഷിപ്പുകളും സന്ദര്‍ശിക്കുന്ന തിരക്കിലാണ് ഹജ്ജ് തീര്‍ഥാടകര്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ രാപ്പകല്‍ ഭേതമന്യേ സംഘങ്ങളായി ഈ ചരിത്ര ഭൂമിയില്‍ എത്തുന്നു. പ്രവാചകന്‍ മുഹമ്മദ്‌ നബി അവസാനത്തെ പത്ത് വര്‍ഷം ജീവിച്ചതും മരണമടഞ്ഞതും മദീനയിലാണ്. അതുകൊണ്ട് തന്നെ മദീനയുടെ ഓരോ മുക്കും മൂലയും വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടതാണ്. ഒരാഴ്ചയില്‍ കൂടുതല്‍ മദീനയില്‍ താമസിക്കുന്ന ഹജ്ജ് തീര്‍ഥാടകരില്‍ ഭൂരിഭാഗവും ഇവിടെയുള്ള ചരിത്ര സ്ഥലങ്ങളും പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കും.ഉഹുദ്, ഖന്ദഖ്, മസ്ജിദുല്‍ ഖുബ, ഖിബ്‌ലതൈന്‍ തുടങ്ങി നിരവധി കേന്ദ്രങ്ങളുണ്ട് തീര്‍ഥാടകര്‍ക്ക് സന്ദര്‍ശിക്കാന്‍. ഇസ്ലാമിക ചരിത്രത്തിന്‍റെ ഭാഗമായ യുദ്ധഭൂമിയും പ്രവാചക ജീവിതത്തിലെ സുപ്രധാന സംഭവങ്ങള്‍ക്ക് സാക്ഷിയായ പള്ളികളുമൊക്കെയാണ് ഈ കേന്ദ്രങ്ങളില്‍ ഉള്ളത്. പ്രവാചകന്റെ പള്ളിയും ഖബറിടവും മഹാന്മാര്‍ അന്ത്യവിശ്രമം കൊള്ളുന്ന ജന്നതുല്‍ ബഖീ ഖബര്‍സ്ഥാനുമെല്ലാം തീര്‍ഥാടകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇപ്പോള്‍.