ഹജ്ജ് നിര്‍വഹിക്കുന്ന വിദേശികള്‍ക്ക് പത്ത് വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തും

277

അനധികൃതമായി ഹജ്ജ് നിര്‍വഹിക്കുന്ന വിദേശികള്‍ക്ക് പത്ത് വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തും. നിയമ വിധേയമല്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നവര്‍ക്ക് സഹായം ചെയ്യുന്നവര്‍ക്കും ശിക്ഷ. തടവും പിഴയും നാടു കടത്തലുമാണ് ശിക്ഷ.
ഹജ്ജുമായി ബന്ധപ്പെട്ട് നിയമ ലംഘനം നടത്തുന്ന കമ്പനികളും വ്യക്തികളും ശക്തമായ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മക്കാ ഗവര്‍ണറേറ്റ് മുന്നറിയിപ്പ് നല്‍കുന്നു. അനുമതിപത്രമില്ലാത്ത തീര്‍ഥാടകരെ മക്കയിലേക്ക് കടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷത്തെ തടവിനു പുറമേ ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. കൂടാതെ വാഹനം കണ്ടു കെട്ടുകയും ചെയ്യും. കുറ്റക്കാര്‍ക്ക് ജാമ്യം അനുവദിക്കില്ല. അനുമതിപത്രമില്ലാതെ ഹജ്ജ് നിര്‍വഹിക്കാന്‍ ശ്രമിക്കുന്ന വിദേശ തീര്‍ഥാടകരെ നാടു കടത്തുകയും പത്തു വര്‍ഷത്തേക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്യും. ഹജ്ജ് വിസയുടെ കാലാവധി കഴിഞ്ഞും തിരിച്ചു പോകാത്ത വിദേശികള്‍ക്ക് ആദ്യഘട്ടത്തില്‍ പതിനയ്യായിരം റിയാല്‍ പിഴ ചുമത്തുകയും നാടു കടത്തുകയും ചെയ്യും.
ഇതേ കുറ്റത്തിന് രണ്ടാമതും പിടിക്കപ്പെട്ടാല്‍ ഇരുപത്തി അയ്യായിരം റിയാല്‍ പിഴയും മൂന്നു മാസത്തെ തടവും അനുഭവിക്കേണ്ടി വരും. മൂന്നാമത്തെ തവണ പിഴസംഖ്യ അമ്പതിനായിരമായും തടവ് ആറു മാസമായും വര്‍ധിക്കും. ഹജ്ജ് നിയമ ലംഘകര്‍ക്ക് ജോലിയോ മറ്റു സഹായങ്ങളോ ചെയ്യുന്നവര്‍ക്ക് ആദ്യഘട്ടത്തില്‍ പതിനയ്യായിരം റിയാല്‍ പിഴ ചുമത്തും. രണ്ടാമത്തെ തവണ പിടിക്കപ്പെട്ടാല്‍ മുപ്പതിനായിരം റിയാല്‍ പിഴയും മൂന്നു മാസത്തെ തടവും മൂന്നാമത്തെ തവണ ഒരു ലക്ഷം റിയാല്‍ പിഴയും ആറു മാസത്തെ തടവുമാണ് ശിക്ഷ. കുറ്റം ചെയ്തത് വിദേശിയാണെങ്കില്‍ ശിക്ഷാ കാലാവധിക്ക് ശേഷം നാടു കടത്തും. ഹജ്ജ് വിസാ നിയമം ലംഘിക്കുന്നവരെ കുറിച്ച വിവരം യഥാസമയത് അധികൃതരെ അറിയിക്കാത്ത സര്‍വീസ് ഏജന്‍സികള്‍ക്ക് ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തവണ യഥാക്രമം 25,000 റിയാല്‍, 50,000 റിയാല്‍, 1,00,000 എന്നിങ്ങനെ പിഴ ചുമത്തും. നിയമ ലംഘകര്‍ക്ക് ജോലി നല്‍കുന്ന സ്ഥാപനങ്ങളിലെക്കുള്ള റിക്രൂട്ട്മെന്റിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.

NO COMMENTS

LEAVE A REPLY