മിനായിലെ കല്ലേറ് കര്‍മത്തിനുള്ള സമയക്രമം പുനര്‍നിര്‍ണയിച്ചു

202

മക്ക: ജമ്രാ പാലത്തിലെ തിരക്കൊഴിവാക്കാന്‍ മിനായിലെ കല്ലേറ് കര്‍മത്തിനുള്ള സമയക്രമം പുനര്‍നിര്‍ണയിച്ചു. മൂന്നു ദിവസങ്ങളിലായി പന്ത്രണ്ടു മണിക്കൂര്‍ തീര്‍ഥാടകര്‍ കല്ലേറ് കര്‍മം നിര്‍വഹിക്കരുത് എന്നാണു ഹജ്ജ് മന്ത്രാലയത്തിന്റെ നിര്‍ദേശം. ഹറം പള്ളിയിലെ തിരക്ക് നിയന്ത്രിക്കാന്‍ തവാഫ് കര്‍മത്തിനും സമയക്രമം കൊണ്ടുവന്നു.
തീര്‍ഥാടകരില്‍ ഭൂരിഭാഗവും മിനായിലെ ജമ്രകളില്‍ ഒരേ സമയം കല്ലേറ് കര്‍മം നിര്‍വഹിക്കുന്നത് അപകടങ്ങള്‍ക്ക് കാരണമാകും എന്നതിനാലാണ് ഹജ്ജ് ഉംറ മന്ത്രാലയം പുതിയ സമയക്രമം നിര്‍ണയിച്ചത്. ഓരോ ദിവസവും കല്ലേറ് കര്‍മം ആരംഭിക്കുന്ന ഘട്ടത്തില്‍ നിയമവിധേയമല്ലാതെ ഹജ്ജ് നിര്‍വഹിക്കുന്നവരുടെ തിരക്കായിരിക്കും ജമ്രകളില്‍. അത് കൊണ്ട് ഈ സമയം ഒഴിവാക്കി നിയമവിധേയമായി ഹജ്ജ് നിര്‍വഹിക്കുന്നവര്‍ തിരക്ക് കുറഞ്ഞ സമയത്ത് കല്ലേറ് കര്‍മം നിര്‍വഹിക്കാനാണ് നിര്‍ദേശം. കല്ലേറ് കര്‍മം ആരംഭിക്കുന്ന ദിവസം അതായത് ദുല്‍ഹജ്ജ് പത്തിന് രാവിലെ ആറു മണി മുതല്‍ പത്തര വരെയും, ദുല്‍ഹജ്ജ് പതിനൊന്നിന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയും, ദുല്‍ഹജ്ജ് പന്ത്രണ്ടിന് രാവിലെ പത്തര മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയും കല്ലേറ് കര്‍മം നിര്‍വഹിക്കാന്‍ പാടില്ല. തിരക്ക് കുറഞ്ഞ സമയത്ത് രാത്രിയിലോ മറ്റോ തീര്‍ഥാടകര്‍ക്ക് കല്ലേറ് കര്‍മം നിര്‍വഹിക്കാവുന്നതാണ്. ഇതിനു പുറമേ ജമ്രാ പാലത്തിലും ജമ്രകളിലേക്കുള്ള വഴികളിലും തിരക്കൊഴിവാക്കാന്‍ കൂടുതല്‍ നിയന്ത്രണം കൊണ്ടുവരാനാണ് നീക്കം. മണിക്കൂറില്‍ മൂന്നു ലക്ഷം പേര്‍ക്ക് കല്ലേറ് കര്‍മം നിര്‍വഹിക്കാന്‍ ജമ്രാ പാലത്തിനു ശേഷിയുണ്ട്. എന്നാല്‍ നിയമാനുസൃതം ഹജ്ജ് നിര്‍വഹിക്കുന്ന തീര്‍ഥാടകരുടെ എണ്ണം മണിക്കൂറില്‍ ഒന്നര ലക്ഷം കവിയാതിരിക്കാനാണ് പുതിയ സമയക്രമം നിര്‍ണയിച്ചത്. കല്ലേറ് കര്‍മം നിര്‍വഹിക്കാന്‍ പോകുന്നതിനിടയിലുണ്ടായ തിക്കും തിരക്കുമാണ് കഴിഞ്ഞ വര്ഷം വന്‍ ദുരന്തത്തിലേക്ക് വഴി വെച്ചത്. ഇതിനു പുറമേ മസ്ജിദുല്‍ ഹറാം പള്ളിയിലെ തിരക്കൊഴിവാക്കാന്‍ കഅബയെ പ്രദിക്ഷണം വെക്കുന്ന തവാഫിനും നിയന്ത്രണം ഏര്‍പ്പെടുത്തി. ഹജ്ജ് തീര്‍ഥാടകര്‍ ആദ്യഘട്ടത്തില്‍ ചെയ്യുന്ന തവാഫിനാണ് നിയന്ത്രണം. അഞ്ചു നേരത്തെ നിസ്‌കാരങ്ങള്‍ക്ക് ഒരു മണിക്കൂര്‍ മുമ്പും ഒരു മണിക്കൂര്‍ ശേഷവും തീര്‍ഥാടകരെ തവാഫിനു കൊണ്ട് പോകരുതെന്ന് ഹജ്ജ് സര്‍വീസ് ഏജന്‍സികള്‍ക് മന്ത്രാലയം നിര്‍ദേശം നല്‍കി.