കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി

265

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി. ജിദ്ദാ വിമാനത്താവളത്തില്‍ എത്തിയ ആദ്യ സംഘത്തെ ഹജ്ജ് മിഷന്‍ പ്രതിനിധികളും പൊതുപ്രവര്‍ത്തകരും ചേര്‍ന്നു സ്വീകരിച്ചു.
ഇന്നലെ വൈകുന്നേരം ജിദ്ദയിലെത്തിയ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള ആദ്യ ഹജ്ജ് സംഘത്തില്‍ 450 തീര്‍ഥാടകരാണ് ഉണ്ടായിരുന്നത്. ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരു മണിക്കൂറിനുള്ളില്‍ തന്നെ പുറത്തിറങ്ങിയ തീര്‍ഥാടകരെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും മലയാളി സന്നദ്ധ സേവകരും ചേര്‍ന്നു സ്വീകരിച്ചു.
രാത്രി ഒമ്പത് മണിയോടെ തീര്‍ഥാടകര്‍ റോഡ്‌ മാര്‍ഗം മക്കയിലേക്ക് തിരിച്ചു. മക്കയില്‍ മസ്ജിദുല്‍ ഹറം പള്ളിക്ക് സമീപം ഗ്രീന്‍ കാറ്റഗറിയിലാണ് ആദ്യ സംഘത്തിലെ ഭൂരിഭാഗം തീര്‍ത്ഥാടകരുടേയും താമസം. നെടുമ്പാശേരിയില്‍ നിന്നും സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ആണ് ഇത്തവണ കേരളത്തില്‍ നിന്നുള്ള തീര്‍ഥാടകര്‍ക്കായി സര്‍വീസ് നടത്തുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി 10,214 തീര്‍ഥാടകര്‍ ഇത്തവണ ഹജ്ജിനെത്തും. ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച് മദീനയില്‍ നിന്നായിരിക്കും ഈ തീര്‍ഥാടകരുടെ മടക്കയാത്ര.