ഹജ്ജിനെത്തിയ ഇന്ത്യന്‍ തീര്‍ഥാടകരുടെ മടക്കയാത്ര ആരംഭിച്ചു

164

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനെത്തിയ തീര്‍ഥാടകരുടെ മടക്കയാത്രആരംഭിച്ചു. തൊള്ളായിരം തീര്‍ഥാടകരാണ് ആദ്യ ദിവസം നെടുമ്ബാശ്ശേരിയിലേക്ക് തിരിച്ചത്. ഇന്ത്യയില്‍ നിന്നെത്തിയ 124 തീര്‍ഥാടകര്‍ ഇതുവരെ സൗദിയില്‍ വെച്ച്‌ മരണപ്പെട്ടു.ഹജ്ജ് കഴിഞ്ഞു മദീനയില്‍ എത്തിയ മലയാളീ തീര്‍ഥാടകര്‍ മദീനയില്‍ നിന്നാണ് നാട്ടിലേക്ക് മടങ്ങുന്നത്. രണ്ട് വിമാനങ്ങളിലായി തൊള്ളായിരത്തോളം തീര്‍ഥാടകര്‍ ആദ്യ ദിവസം നാട്ടിലേക്ക് തിരിച്ചു. എട്ടു മുതല്‍ പത്ത് ദിവസം വരെ മദീനയില്‍ തങ്ങിയതിന് ശേഷമാണ് തീര്‍ഥാടകരുടെ മടക്കം. ഒക്ടോബര്‍ പതിനാലു വരെ സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് മദീനയില്‍ നിന്നു നെടുമ്ബാശേരിയിലേക്ക് ഇരുപത്തിനാല് സര്‍വീസുകള്‍ നടത്തും.10,584 തീര്‍ഥാടകര്‍ ആണ് ഹജ്ജ് കമ്മിറ്റി വഴി നെടുമ്ബാശ്ശേരിയില്‍ നിന്നും ഹജ്ജിനെത്തിയത്. ഇതില്‍ 317തീര്‍ഥാടകര്‍ ലക്ഷദീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ജിദ്ദാ വിമാനത്താവളം വഴി ഹജ്ജിനെത്തിയ ഇന്ത്യക്കാര്‍ മദീനയില്‍ നിന്നും മദീന വഴി എത്തിയവര്‍ ജിദ്ദയില്‍ നിന്നുമാണ് മടങ്ങുന്നത്. ജിദ്ദ വഴിയുള്ള ഇന്ത്യന്‍ തീര്‍ഥാടകരുടെ മടക്കയാത്ര ചൊവ്വാഴ്ച അവസാനിക്കും.മദീനയില്‍ നിന്നും ഒക്ടോബര്‍ പതിനാറ് വരെ ഇന്ത്യയിലേക്കുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ തുടരും. 47,170 ഇന്ത്യന്‍ തീര്‍ഥാടകരാണ് മദീനയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുന്നത്. നെടുമ്ബാശ്ശേരി ഉള്‍പ്പെടെ ഇന്ത്യയിലെ ഇരുപത്തിയൊന്നു വിമാനത്താവളങ്ങളിലേക്ക് എയര്‍ ഇന്ത്യ, സൗദിയ, നാസ് എയര്‍, സ്പൈസ് ജെറ്റ് എന്നീ വിമാനങ്ങള്‍ ആകെ 353 സര്‍വീസുകള്‍ നടത്തും. 99,904 തീര്‍ഥാടകര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴിയും 36,000 തീര്‍ഥാടകര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ് ഇന്ത്യയില്‍ നിന്നു ഹജ്ജിനെത്തിയത്.ഇതില്‍ സ്വകാര്യ ഗ്രൂപ്പുകളിലെ തീര്‍ഥാടകരില്‍ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങി. ഇന്ത്യയില്‍ നിന്നെത്തിയ 124 തീര്‍ഥാടകര്‍ ഇതുവരെ സൗദിയില്‍ വെച്ച്‌ മരണപ്പെട്ടു. ഇതില്‍ പതിനാലു പേര്‍ സ്വകാര്യ ഗ്രൂപ്പുകളില്‍ ഹജ്ജിനെത്തിയവരാണ്. പതിനാറ് മലയാളി തീര്‍ഥാടകര്‍ ഇതുവരെ മരണപ്പെട്ടു.