ഇന്ത്യ മിന്നലാക്രമണത്തിന് മറുപടിയായി, എക്കാലവും ഓര്‍ത്തിരിക്കാന്‍ പാകത്തിലുള്ള ഒരു മിന്നലാക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കുക : ഹാഫിസ് സയീദ്

253

ലഹോര്‍ • ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് മറുപടിയായി ഭീകരര്‍ നടത്തുന്ന മിന്നലാക്രമണം പ്രതീക്ഷിച്ചിരിക്കാന്‍ ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കി കുപ്രസിദ്ധ ഭീകരന്‍. ജമാഅത്ത് ഉദ്ദവ തലവനും മുംബൈ ഭീകരാക്രണമണത്തിന്റെ സൂത്രധാരനുമായ ഹാഫിസ് സയീദാണ് എക്കാലവും ഓര്‍ത്തിരിക്കാന്‍ പാകത്തിലുള്ള ഒരു മിന്നലാക്രമണം ഏതുനിമിഷവും പ്രതീക്ഷിക്കുക എന്ന് ഇന്ത്യയെ ഭീഷണിപ്പെടുത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അവസാനം ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന് തൊട്ടുപിന്നാലെ പാക്ക് സൈന്യത്തിന്റെ തിരിച്ചടി പ്രതീക്ഷിച്ചിരിക്കാന്‍ ഹാഫിസ് സയീദ് മോദി സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.തനിക്ക് ചെയ്യാനുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തു കഴിഞ്ഞു. ഇന്ത്യയില്‍ മിന്നലാക്രമണം സംഘടിപ്പിക്കാനുള്ള കശ്മീരി മുജാഹിദീനുകളുടെ ഊഴമാണ് അടുത്തത് – പാക്ക് അധീന കശ്മീരിലെ മിര്‍പൂരില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ ഹാഫിസ് സയീദ് പറഞ്ഞു.

എക്കാലവും ഓര്‍ത്തിരിക്കാന്‍ പാകത്തിലുള്ള മിന്നലാക്രമണമായിരിക്കും മുജാഹിദീനുകള്‍ നടത്തുക. ലോകം പോലും ഇതുവരെ അംഗീകരിക്കാത്ത ഇന്ത്യയുടെ മിന്നലാക്രമണം പോലെയായിരിക്കില്ല അതെന്നും ഹാഫിസ് സയീദ് മുന്നറിയിപ്പ് നല്‍കി. റാലിയില്‍ പങ്കെടുത്ത അനുയായികള്‍ ‘ജിഹാദി’നായി മുറവിളി കൂട്ടുമ്ബോഴായിരുന്നു ആവേശഭരിതനായ ഹാഫിസ് സയീദിന്റെ വാക്കുകള്‍. കുപ്രസിദ്ധ ഭീകര സംഘടനയായ ലഷ്കറെ തായിബയുടെ സ്ഥാപകനേതാവു കൂടിയാണ് ഹാഫിസ് സയീദ്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരെ തണുത്ത നിലപാട് പുലര്‍ത്തുന്നുവെന്ന് ആരോപിച്ച്‌ നവാസ് ഷരീഫ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമുയര്‍ത്തി ഹാഫിസ് സയീദ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കശ്മീര്‍ താഴ്വരയിലെ ജനങ്ങള്‍ക്ക് പാക്ക് സര്‍ക്കാര്‍ സമ്ബൂര്‍ണ പ്രായോഗിക പിന്തുണ നല്‍കേണ്ട സമയമാണിതെന്നും ഹാഫിസ് സയീദ് അഭിപ്രായപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY