ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

242

ഗള്‍ഫിലെ ഈദ് അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഭൂരിപക്ഷം രാജ്യങ്ങളിലും ഒന്‍പത് ദിവസത്തെ അവധിയാണ് ഇക്കുറി ലഭിക്കുക. മിക്ക സ്വകാര്യ സ്ഥാപനങ്ങളിലും അഞ്ച് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.
യുഎഇയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ബലിപെരുന്നാളിനോട് അനുബന്ധിച്ച് അഞ്ച് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 11 ഞായറാഴ്ച മുതല്‍ 15 വ്യാഴം വരെയാണ് അവധി. വാരാന്ത്യ അവധികള്‍ കൂടി കൂട്ടുമ്പോള്‍ ഫലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒന്‍പത് വെള്ളി മുതല്‍ 17 ശനി വരെ തുടര്‍ച്ചയായി ഒന്‍പത് ദിവസം അവധി ലഭിക്കും.യുഎഇയിലെ സ്വകാര്യ മേഖലയ്‌ക്ക് 11 ഞായര്‍ മുതല്‍ 13 ചൊവ്വ വരെയാണ് അവധി. വാരാന്ത്യ അവധികള്‍ കൂടി കൂട്ടുമ്പോള്‍ സ്വകാര്യ മേഖലയ്‌ക്ക് ഫലത്തില്‍ അഞ്ച് ദിവസം അവധി ലഭിക്കും.
ഒമാനില്‍ സ്വകാര്യ-പൊതുമേഖലയ്‌ക്ക് അവധി ദിനങ്ങള്‍ ഒരുപോലെയാണ്. 11 ഞായര്‍ മുതല്‍ 15 വ്യാഴം വരെ. വാരാന്ത്യ അവധികള്‍ കൂടി കൂട്ടുമ്പോള്‍ ഒന്‍പത് ദിവസത്തെ അവധിയാണ് ഒമാനിലെ സ്വാകാര്യ-പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുക.കുവൈറ്റിലും സര്‍ക്കാര്‍-സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് ഒന്‍പത് വെള്ളിയാഴ്ച മുതല്‍ 17 ശനിയാഴ്ച വരെ ഒന്‍പത് ദിവസത്തെ അവധി ലഭിക്കും. യുഎഇയില്‍ ചില സ്വകാര്യ കമ്പനികള്‍ തിരുവോണ ദിനമായ 14 ന് ബുധനാഴ്ച അവധി നല്‍കിയിട്ടുണ്ട്. നീണ്ട അവധി ലഭിച്ചതോടെ ബലിപെരുന്നാളും ഓണവും നാട്ടില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചവരും ധാരാളം. അതേസമയം ഈ ദിവസങ്ങളില്‍ നാട്ടിലേക്കും തിരിച്ചുമുളള വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നിട്ടുണ്ട്.