ഗുജറാത്തിലെ കച്ചില്‍ പാക്കിസ്ഥാനില്‍നിന്നുള്ള ബോട്ട് ബിഎസ്‌എഫ് പിടിച്ചെടുത്തു

162

അഹമ്മദാബാദ്• ഗുജറാത്തിലെ കച്ചില്‍ പാക്കിസ്ഥാനില്‍നിന്നുള്ള ബോട്ട് ബിഎസ്‌എഫ് പിടിച്ചെടുത്തു. ഒരാളെ കസ്റ്റഡിയില്‍ എടുത്തു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ ദിവസവും ഗുജറാത്ത് കടലില്‍ സുരക്ഷാ പരിശോധനയ്ക്കിടെ പാക്കിസ്ഥാനില്‍നിന്നുള്ള ബോട്ട് തീരരക്ഷാസേന പിടികൂടിയിരുന്നു. ബോട്ടിലുണ്ടായിരുന്ന ഒന്‍പതുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ രാവി നദിയില്‍നിന്ന് ചൊവ്വാഴ്ച പാക്കിസ്ഥാന്‍ ബോട്ട് പിടിച്ചെടുത്തിരുന്നു. നദീതീരത്തുള്ള സൈനിക പോസ്റ്റിന് സമീപമാണ് ബോട്ട് കണ്ടെത്തിയത്. പാക്ക് ഭീകരര്‍ ഇന്ത്യയിലേക്കു കടക്കാന്‍ ഉപയോഗിച്ച ബോട്ടായിരിക്കാമെന്നാണു സംശയം.ബോട്ട് കണ്ടെത്തിയ സാഹചര്യത്തില്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. തിരച്ചിലും വ്യാപകമാക്കി. ഇന്ത്യ പാക്ക് അതിര്‍ത്തി പങ്കിടുന്ന നദിയാണ് രാവി നദി.