കോവിഡ് 19 പ്രതിരോധത്തിന് ജുവനൈൽ ജസ്റ്റിസ് സ്ഥാപനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകി

70

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ജുവനൈൽ ജസ്റ്റിസ് സ്ഥാപനങ്ങളിലെ കുട്ടികളും ജീവനക്കാരും അടിയന്തിരമായി സ്വീകരി ക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മാതാപിതാ ക്കൾ ഉള്ള കുട്ടികൾക്ക് സ്വന്തം വീടുകളാണ് സുരക്ഷിതമെങ്കിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവോടു കൂടി അവരവരുടെ വീടുകളിലേയ്ക്ക് വിടുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.

സ്ഥാപനത്തിലെ കുട്ടികൾക്കും ജീവനക്കാർക്കും കൃത്യമായ ഇടവേളകളിൽ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ കൊറോണ രോഗ നിയന്ത്രണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകൾ നൽകണം. ഇതിനായി എല്ലാ സൂപ്രണ്ടുമാരും അതത് സ്ഥലങ്ങളിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം. ജീവനക്കാരും കുട്ടികളും പുറത്ത് പോയി വരുമ്പോൾ കൈകാലുകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.

സ്ഥാപനത്തിൽ സാനിറ്റെസർ, ഹാന്റ് വാഷ് എന്നിവ നിർബന്ധമായും സൂക്ഷിക്കണം. ഇതിനാവശ്യമായ തുക ഐ.സി.പി.എസ്. കണ്ടിജൻസി ഇനത്തിൽ നിന്നും വഹിക്കാം. കുട്ടികളുടെ വസ്ത്രങ്ങളും മറ്റും ബ്ലീച്ചിംഗ് സൊല്യൂഷനിൽ കുറഞ്ഞത് 20 മിനിട്ട് എങ്കിലും മുക്കിവച്ചതിന് ശേഷം കഴുകണം. കുട്ടികൾക്ക്/ജീവനക്കാർക്ക് പനിയോ, ചുമയോ, ജലദോഷമോ മറ്റ് ശ്വസന സംബന്ധമായ രോഗങ്ങൾ പിടിപെട്ടിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് കുട്ടികളുമായുള്ള നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. സ്ഥാപനങ്ങളിൽ സന്ദർശകരെ പരമാവധി ഒഴിവാക്കണം.

കുട്ടികൾക്കുള്ള വിനോദയാത്ര ഈ സമയത്ത് കർശനമായി ഒഴിവാക്കണം. ജീവനക്കാർ പൊതുപരിപാടികളിൽ നിന്നും പരമാവധി വിട്ടുനിൽക്കണം. കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രതിദിനം ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും വേണമെന്ന് നിർദ്ദേശത്തിൽ പറയുന്നു.

NO COMMENTS