ജിഎസ്ടി: വ്യവസായ വകുപ്പ് ശില്‍പ്പശാല ഒക്‌ടോബര്‍ ആറിന്

277

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുതുതായി ഏര്‍പ്പെടുത്തുന്ന ചരക്കുസേവന നികുതി(ജിഎസ്ടി)യെപ്പറ്റിയും അതിന്റെ തുടര്‍നടപടികളെപ്പറ്റിയും സംസ്ഥാനത്തെ ചെറുകിട-ഇടത്തരം വ്യവസായ സംരംഭകരെ ബോധവല്‍ക്കരിക്കാന്‍ വ്യവസായ-വാണിജ്യ വകുപ്പ് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി(ഫിക്കി) ചേര്‍ന്ന് ശില്‍പശാല സംഘടിപ്പിക്കുന്നു. ഒക്‌ടോബര്‍ ആറിന് രാവിലെ 10ന് ശില്‍പശാല വ്യവസായ മന്ത്രി ശ്രീ. ഇ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ സിംഫണി ഹാളില്‍ നടക്കുന്ന ഏകദിന ശില്‍പശാലയില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി(വ്യവസായം) ശ്രീ. പോള്‍ ആന്റണി മുഖ്യപ്രഭാഷണവും സെന്‍ട്രല്‍ എക്‌സൈസ് ചീഫ് കമ്മിഷണര്‍ ശ്രീ. പുലേല നാഗേശ്വര റാവു പ്രത്യേക പ്രഭാഷണവും നടത്തും. വ്യവസായ-വാണിജ്യ ഡയറക്ടര്‍ ശ്രീ. പി.എം. ഫ്രാന്‍സിസ്, ഫിക്കി ഉപാധ്യക്ഷന്‍ ദീപക് എല്‍. അശ്വനി, ടാക്‌സ്-കെപിഎംജി ഇന്ത്യ പാര്‍ട്‌നറും മേധാവിയുമായ ഗിരീഷ് വന്‍വാരി, കെ-ബിഐപി സിഇഒ വി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് അടുത്ത ഏപ്രില്‍ ഒന്നിന് നടപ്പില്‍ വരുന്ന ജിഎസ്ടിയുടെ വിവിധ വശങ്ങളെപ്പറ്റി സാമ്പത്തിക വിദഗ്ധര്‍ ക്ലാസുകള്‍ നയിക്കും.