ബദല്‍ ടൂറിസം സാധ്യമാണെന്ന് സര്‍ക്കാര്‍ തെളിയിച്ചു – മന്ത്രി ഇ ചന്ദ്രശേഖരന്‍

29

കാസറഗോഡ് : നാടിന്റെ സംസ്‌കാരത്തനിമയെയും ദോഷകരമായി ബാധിക്കാതെ ടൂറിസം വികസനം സാധ്യമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണെന്ന് റവന്യുഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പാണാര്‍ക്കുളത്ത് 1.24 കോടി രൂപ ചെലവില്‍ നിര്‍മിച്ച കാസ്രോട് കഫേയെന്ന പാതയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവസാംസ്‌കാരിക വൈവിധ്യത്തെ നശിപ്പിക്കാത്ത ഉത്തരവാദിത്ത ടൂറിസമെന്ന ബദല്‍ ടൂറിസം സാധ്യമാക്കുകയാണ് സര്‍ക്കാര്‍ നയം.

ടൂറിസം കേവലം ഒരു വ്യവസായം മാത്രമല്ല. ഉത്തരവാദിത്തമുള്ള ഒരുസംസ്‌കാരം കൂടിയാണ്. ആഗോള ടൂറിസം മാനദണ്ഡങ്ങള്‍ക്കനുസൃതമായ ആദിത്യ സംസ്‌കാരത്തിന്റെ കൈയൊപ്പോടു കൂടിയാണ് കാസ്രോട് കഫേ ആവിഷ്‌കരി ച്ചിട്ടുള്ളത്. ഇതില്‍ ജന്മനാടിന്റെ സൗന്ദര്യവും സൗരഭ്യവും ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. ജനപ്രതിനിധികളുടെയും പൊതു സമൂഹത്തിന്റെയും പിന്തുണയോടെ കാസര്‍കോടുള്‍പ്പെടെ ഉത്തരമലബാറിനൊന്നടങ്കം ടൂറിസം മേഖലയില്‍ കൂടുതല്‍ ഉയരത്തിലെത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ത്രിതല സംവിധാനത്തിലൂടെ സാധ്യമാക്കിയ അധികാര വികേന്ദ്രീകരണത്തിലൂടെ ജനപ്രതിനിധികള്‍ക്ക് മേഖലയുടെ വികസനത്തിന് കൂടുതല്‍ പിന്തുണ നല്‍കാന്‍ കഴിയുമെന്നും കാസര്‍കോടിന്റെ വികസനത്തിന്റെ കൂട്ടായ പരിശ്രമം വേണമെന്നും മുഖ്യാതിഥിയായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. കാസര്‍കോടിന്റെ വികസനത്തിന് സാധ്യമായ എല്ലാ വഴികളും തേടുമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയില്‍ അനന്തമായ സാധ്യതകളാണ് കാസര്‍കോട് ജില്ലയിലുള്ളതെന്നും അത് കൂടുതല്‍ പ്രയോജനപ്പെടു ത്തേണ്ടതുണ്ടെന്നും അധ്യക്ഷത വഹിച്ച എന്‍ എ നെല്ലിക്കുന്ന എംഎല്‍എ പറഞ്ഞു. കേരളത്തിന്റെ വികസനത്തില്‍ ടൂറിസം പ്രധാന ഘടകമാണെന്നും ഇതില്‍ പ്രാദേശികമായ പ്രത്യേകതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു.

ജില്ലയുടെ ടൂറിസം ബ്രാന്‍ഡാവാന്‍ കാസ്രോട് കഫേ പാതയോര വിശ്രമ കേന്ദ്രം ഇനി പാണാര്‍ക്കുളത്തും
മന്ത്രി ഇ ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു

ടൂറിസം മേഖലയില്‍ പുത്തന്‍ കാല്‍വെപ്പുകളുമായി മുന്നേറുന്ന ജില്ലയുടെ പാതയോരങ്ങളില്‍ യാത്രക്കാര്‍ക്കും സഞ്ചാരികള്‍ക്കും ഊര്‍ജം നല്‍കാന്‍ കാസ്രോട് കഫേയുടെ രണ്ടാമത്തെ കേന്ദ്രവും യാഥാര്‍ത്ഥ്യമായി. ചെങ്കള പാണാര്‍ക്കുളത്ത് നിര്‍മാണം പൂര്‍ത്തിയായ കാസ്രോട് കഫേ റവന്യുഭവന നിര്‍മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നാടിന് സമര്‍പ്പിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ടൂറിസം വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ചായിന്റടി, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍ സംബന്ധിച്ചു.

കാസ്രോട് കഫേ

ജില്ലയില്‍ ദേശീയ പാതയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് ദീര്‍ഘയാത്രക്കിടയില്‍ ലഘുഭക്ഷണവും സൗകര്യമുള്ള ശൗചാലയവും ഒരുക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കളക്ടറുടെ പ്രത്യേക താല്പര്യപ്രകാരം ഡിടിപിസിയുടെ ആഭിമുഖ്യത്തില്‍ കഫേ പദ്ധതി ആവിഷ്‌കരിച്ചത്.

സംസ്ഥാന അതിര്‍ത്തിയായ തലപ്പാടി മുതല്‍ ജില്ലാ അതിര്‍ത്തിയായ കാലിക്കടവ് വരെ ‘കാസ്രോട് കഫേ’ എന്ന ബ്രാന്‍ഡിലാണ് വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നത്. ജില്ലയിലെ ജനങ്ങള്‍ കാലങ്ങളായി വിളിച്ചുപോരുന്ന ‘കാസ്രോട്’ എന്ന വാക്കാണ് പദ്ധതിയുടെ ബ്രാന്‍ഡിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്. കുമ്പള, ബട്ടത്തൂര്‍, പെരിയ, ചെമ്മട്ടംവയല്‍, കാലിക്കടവ് എന്നിവടങ്ങളിലും കഫേ നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഈ മേഖലകളുടെ പ്രാദേശിക പ്രത്യേകതകള്‍ ഉള്‍പ്പെടുത്തിയാണ് കഫേകള്‍ വിഭാവനം ചെയ്യുന്നതെന്ന് ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍ പറഞ്ഞു.

പാണാര്‍ക്കുളത്ത് യാഥാര്‍ത്ഥ്യമായത് 1.24 കോടിയുടെ പദ്ധതി

സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ തന്നെ ആദ്യത്തെ കാസ്രോഡ് കഫെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. രണ്ടാമത്തെ കേന്ദ്രമാണ് ചെങ്കള പഞ്ചായത്തിലെ പാണാര്‍ക്കുളത്ത് ഉയര്‍ന്നത്. പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ 50 സെന്റ് സ്ഥലം റവന്യൂ വകുപ്പായിരുന്നു ടൂറിസം വകുപ്പിന് കൈമാറിയത്. തുടര്‍ന്ന് ടൂറിസം വകുപ്പില്‍ നിന്നും 99.18 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. ഇത് കൂടാതെ ചെങ്കള ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപയും പദ്ധതിക്കായി വകയിരുത്തിയിരുന്നു. ആകെ 1.24 കോടി രൂപയുടെ പദ്ധതി ജില്ലാ നിര്‍മിതി കേന്ദ്രം വഴിയാണ് പൂര്‍ത്തിയാക്കിയത്.

വിശ്രമത്തിന് ആധുനിക സൗകര്യങ്ങള്‍

പാണാര്‍ക്കുളത്തെ കാസ്രോട് കഫേയില്‍ വിവിധ സോണുകളായാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. വൈറ്റ് സോണില്‍ ഫുഡ് കോര്‍ട്ട്, റെയിന്‍ ഷെല്‍ട്ടര്‍ തുടങ്ങിയവയും റെഡ് സോണില്‍ നൂറുപേര്‍ക്ക് ഇരിക്കാവുന്ന ആംഫി തിയറ്ററും ബ്ലാക്ക് സോണില്‍ വിശാലമായ മേല്‍കൂരയുള്ള ഇരിപ്പിടവും തയ്യാറാക്കിയിട്ടുണ്ട്. കുട്ടികള്‍ക്കുള്ള പാര്‍ക്ക്, ശൗചാലയം, നവീകരിച്ച കുളത്തിന്ന് ചുറ്റും നടക്കാനുള്ള നടപ്പാത എന്നീ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. യുവാക്കള്‍ക്ക് ആശയ സംവാദത്തിനുള്ള സൗകര്യം, ഓപ്പണ്‍ ലൈബ്രറി, വിനോദത്തിനായി കുളത്തില്‍ നിന്നും മീന്‍ പിടിക്കാനുള്ള സൗകര്യവും ഈ പദ്ധതിയുടെ പ്രത്യേകതകളാണ്. നിരവധി വര്‍ഷങ്ങളായി ശോചനീയമായി കിടന്നിരുന്ന കുളം വൃത്തിയാക്കി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചിട്ടുണ്ട്.

നടത്തിപ്പിന് ടെണ്ടര്‍ ക്ഷണിക്കും

കഫെയുടെ നടത്തിപ്പിന് സ്വകാര്യ വ്യക്തി അല്ലെങ്കില്‍ സ്വകാര്യ സ്ഥാപനത്തെയായിരിക്കും ചുമതലപ്പെടുത്തുക. ഇത് സംബന്ധിച്ച അറിയിപ്പ് ഉടന്‍ തന്നെ പുറത്തിറക്കും. ഡിടിപിസിക്ക് ഏറ്റവും കൂടുതല്‍ പ്രതിമാസ വാടക വാഗ്ദാനം ചെയ്യുന്ന വ്യക്തി അല്ലെങ്കില്‍ സ്ഥാപനത്തിന് മൂന്നു വര്‍ഷത്തേക്കാണ് യൂണിറ്റ് നടത്തിപ്പിന് നല്‍കുക. വിവിധ തരത്തിലുള്ള നികുതികള്‍, വൈദ്യുതി ചാര്‍ജ്, കെട്ടിട നികുതി, മൂന്നു വര്‍ഷത്തിനകം വരുന്ന അറ്റകുറ്റപണികള്‍ എന്നിവ സ്ഥാപനം നടത്തുന്നവര്‍ തന്നെ വഹിക്കണം. ഓരോ കഫേയുടെയും പ്രവര്‍ത്തനം ഡിടിപിസിയുടെ കര്‍ശന നിയന്ത്രണത്തിലും ഗുണമേന്മ പരിശോധനയ്ക്കും വിധേയമാക്കി ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പു വരുത്താനുള്ള നടപടികളും സ്വീകരിക്കും.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് അംഗം മുംതാസ് സമീറ, പഞ്ചായത്ത് അംഗങ്ങളായ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ അഹ്മദ് ഹാജി, മഹമൂദ് തൈവളപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ പ്രയത്‌നിച്ച ജില്ലാ കളക്ടര്‍ക്ക് ചെങ്കള ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം പഞ്ചായത്ത് പ്രസിഡന്റ് കൈമാറി. പ്രാദേശിക കൂട്ടായ്മയായ നാലാംമൈല്‍ ദുല്‍ഫുക്കാര്‍ മുസ്ലിം യുവസംഘടനയുടെ ഭാരവാഹികളും കളക്ടര്‍ക്ക് സ്‌നേഹോപഹാരം നല്‍കി.

NO COMMENTS