കേരളകോണ്‍ഗ്രസുകളുടെ ഗോഡ്ഫാദര്‍ – ഏറ്റവുമധികകാലം പ്രവര്‍ത്തിച്ച മന്ത്രി – സഭയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച സാമാജികന്‍ – ഒരിക്കലും തോറ്റിട്ടില്ലാത്ത നിയമസഭാംഗം – കേരള ചരിത്രത്തില്‍ പ്രശസ്തന്‍-കെ എം മാണി.

218

കോട്ടയം: തോമസ് മാണിയുടെയും ഏലിയാമ്മ മാണിയുടെയും മകനായി 1933ല്‍ കോട്ടയം ജില്ലയില്‍ മരങ്ങാട്ടുപിള്ളിയിലെ സിറിയന്‍ കാത്തലിക് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനനം. കരിങ്ങോഴക്കല്‍ മാണി എന്ന് മുഴുവന്‍ പേര്. പ്രസംഗത്തില്‍ കുട്ടിക്കാലത്തേ താല്‍പര്യം കാണിച്ച മാണി നിരവധി മത്സരങ്ങളില്‍ പങ്കെടുത്തു. കേരള കോണ്‍ഗ്രസിലെ എല്ലാ ഗ്രൂപ്പിന്റെയും ഗോഡ് ഫാദറായി അറിയപ്പെട്ട അദ്ദേഹത്തിന് 1979ല്‍ മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടത് തലനാരിഴക്ക്. മുന്‍മന്ത്രി പി ടി ചാക്കോയുടെ മരുമകള്‍ പൊന്‍കുന്നത്തു നിന്നുള്ള കുട്ടിയമ്മയെ വിവാഹം കഴിച്ചു. ഗൗരിയമ്മ കഴിഞ്ഞാല്‍ സഭയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച സാമാജികന്‍.

ഏറ്റവുമധികകാലം പ്രവര്‍ത്തിച്ച മന്ത്രിയുമാണ്. ധനമന്ത്രിയായി 13 ബജറ്റ് അവതരിപ്പിച്ചും റെക്കോഡിട്ടു. കോണ്‍ഗ്രസിന്റെ സജീവ അംഗമാവുംമുമ്ബ് മാണി അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു. മരങ്ങാട്ടുപിള്ളി വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്റായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്.1960 മുതല്‍ 64ല്‍ കേരള കോണ്‍ഗ്രസ് രൂപീകരിക്കുംവരെ, ഡിസിസി സെക്രട്ടറി. പാലയില്‍നിന്ന് 1965ല്‍ ആദ്യമായി സഭയിലെത്തി. തുടര്‍ന്ന് 1967, 70, 77, 80, 82, 87, 91, 96, 2001, 2006, 2011,2016 വര്‍ഷങ്ങളിലും. തുടര്‍ച്ചയായി അര നൂറ്റാണ്ടിനടുത്ത് എംഎല്‍എ. 77 ഏപ്രില്‍ മുതല്‍ 78 സെപ്തംബര്‍ വരെയും 78 ഒക്ടോബര്‍ മുതല്‍ 79 ജൂലൈവരെയും അഭ്യന്തരമന്ത്രി. 1980 ജനുവരി മുതല്‍ 81 ഒക്ടോബര്‍ വരെ ധന-നിയമ മന്ത്രി.

81 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയും 82 മാര്‍ച്ച്‌ മുതല്‍ മെയ് വരെയും 82 മാര്‍ച്ച്‌ മുതല്‍ 86 മാര്‍ച്ച്‌ വരെയും വീണ്ടും ധനമന്ത്രി. 87ല്‍ ജലസേചന-നിയമ മന്ത്രി, 87ല്‍ റവന്യു മന്ത്രി, 91 ജൂണ്‍ മുതല്‍ 96 മാര്‍ച്ച്‌ വരെയും 2001മുതല്‍ 2006വരെയും റവന്യു-നിയമമന്ത്രി. 2011 മുതല്‍ 2016 വരെ ധനമന്ത്രി. ഒരിക്കലും തോറ്റിട്ടില്ലാത്ത നിയമസഭാംഗം എന്ന നിലയിലും മാണി കേരള ചരിത്രത്തില്‍ പ്രശസ്തന്‍.2009ല്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പി ആര്‍ ഫ്രാന്‍സിസ് അവാര്‍ഡ് ലഭിച്ചു. കേരളത്തിന്റെ ധനപ്രശ്നങ്ങളെക്കുറിച്ചും പരിഹാര മാര്‍ഗങ്ങളെപ്പറ്റിയും പുസ്തകമെഴുതിയിട്ടുണ്ട്. ജനങ്ങളുടെ സോഷ്യലിസം- എട്ടാം പഞ്ചവത്സര പദ്ധതി- ഒരു ബദല്‍ സമീപനം എന്ന പേരില്‍ മറ്റൊരു പുസ്തകവും. ധനമന്ത്രി എന്ന നിലയില്‍ കേരള കര്‍ഷകര്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ മാണിയുടെ മുന്‍കൈയില്‍ പരിഷ്കരണ പരിപാടികള്‍ ആവിഷ്കരിക്കുകയുണ്ടായി. വൈദ്യുതി മന്ത്രിയായപ്പോള്‍ നടപ്പിലാക്കിയ വെളിച്ചവിപ്ലവം വലിയ തോതില്‍ വീടുകളില്‍ വൈദ്യുതി കണക്ഷന്‍ എത്തിക്കുന്നതിനു വഴിവെച്ചു. കോട്ടയം, ഇടുക്കി ജില്ലകളുടെ വികസന മുന്നേറ്റത്തിലും പങ്കുവഹിച്ചു.

പൂരോഗമനപരമായ പരിഷ്കരണങ്ങളിലൂടെയും നികുതി സമ്ബ്രദായത്തിലൂടെയും താഴ്ന്ന മധ്യവര്‍ഗ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കിയുള്ള മാണിയുടെ “അധ്വാനവര്‍ഗ സിദ്ധാന്തം’ ചര്‍ച്ചയ്ക്കു വിധേയമായി. അത് മുതലാളിത്തത്തിനും സോഷ്യലിസത്തിനും ബദലാണെന്ന് അദ്ദേഹം വാദിച്ചു. അത് വര്‍ഗസമരത്തിനു പകരം വര്‍ഗസഹകരണം മുന്നോട്ടുവെച്ചു. മകന്‍ ജോസ് കെ മാണി പിതാവിനെ പിന്തുടര്‍ന്ന് കേരള കോണ്‍ഗ്രസ് നേതാവായി.

ആറു പതിറ്റാണ്ടുനീണ്ട രാഷ്ട്രീയ ജീവിതത്തിനുടമയായ കെ എം മാണി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിലെ തന്ത്രജ്ഞനായ നേതാവെന്ന് അറിയപ്പെട്ടു. പാലാക്കാരുടെ മാണിസാര്‍, കര്‍ഷക മാണിക്യം എന്നിങ്ങനെ വിശേഷണങ്ങള്‍ അനവധി. 80ല്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി രൂപീകരിക്കുമ്ബോള്‍ ഘടകകക്ഷിയായ മാണി 82ല്‍ യുഡിഎഫില്‍ ചേക്കേറി. ജോസഫ് അന്നേ യുഡിഎഫില്‍. 84ല്‍ ഇരു ഗ്രൂപ്പും ലയിച്ചു. “വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന പാര്‍ടി’യെന്ന മാണിയുടെ കണ്ടെത്തല്‍ അക്കാലത്താണ് വന്നത്. അടുത്തത് ടി എം ജേക്കബിന്റെ ഊഴം.ജോസഫും മാണിയും വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിച്ചെങ്കിലും സ്ഥാനങ്ങള്‍ നല്‍കാന്‍ മാണി തയ്യാറായില്ല. അരനൂറ്റാണ്ട് കാലത്തിനിടെ ഏതാണ്ട് പതിനാറോളം പിളര്‍പ്പുകള്‍ കേരള കോണ്‍ഗ്രസിലുണ്ടായി. പിളര്‍പ്പുകളൊന്നും ആദര്‍ശത്തെ ചൊല്ലിയായിരുന്നില്ല; കറകളഞ്ഞ അധികാര തര്‍ക്കം. ഇതില്‍ ഒരു ഭാഗത്ത് എന്നും മാണിയുണ്ടായി.

സമ്ബദ്ശാസ്ത്രവും ലോകരാഷ്ട്രീയവുമെല്ലാം വഴങ്ങുമെന്ന് കാണിക്കുന്ന സിദ്ധാന്തങ്ങളും പ്രസ്താവനകളും മാണിയുടേതായി പുറത്തുവന്നു. സോവിയറ്റ് റഷ്യയില്‍ ഗോര്‍ബച്ചേവ് ഗ്ലാസ്നോസ്റ്റും പെരിസ്ട്രോയിക്കയും പ്രഖ്യാപിച്ചപ്പോള്‍ ഈ ആശയം താന്‍ മുമ്ബേ കൊണ്ടുവന്നതാണെന്ന് പ്രതികരിച്ചു. ഇതാണ് തന്റെ അധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ കാതല്‍ എന്നായിരുന്നു പ്രസ്താവന. മുന്നണി രാഷ്ട്രീയത്തില്‍ കാലിടറി തുടങ്ങിയപ്പോഴേക്കും മകന്‍ ജോസ് കെ മാണിയെ കളത്തിലിറങ്ങി അധികാര സ്ഥാനങ്ങള്‍ നിലനിര്‍ത്താനും അദ്ദേഹത്തിനു കഴിഞ്ഞു.അഴിമതിക്കെതിരെ നിയമസഭയില്‍ ഒട്ടേറെ തവണ കത്തിക്കയറിയ മാണി ഒടുവില്‍ വീണത് അഴിമതിയുടെ ശരമുനയേറ്റ്. ഇ എം എസ്, സി അച്യുതമേനോന്‍, കെ ആര്‍ ഗൗരിയമ്മ, എം എന്‍ ഗോവിന്ദന്‍ നായര്‍, എ കെ ആന്റണി തുടങ്ങി ബഹുമാന്യര്‍ക്കു നേരെപ്പോലും മാണി ആരോപണം ഉന്നയിച്ചു. 1959ല്‍ കെപിസിസി അംഗമായെങ്കിലും ആ രാഷ്ട്രീയ ജീവിതം ശ്രദ്ധിക്കപ്പെടുന്നത് കേരള കോണ്‍ഗ്രസിലൂടെ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന പി ടി ചാക്കോയുടെ ശിഷ്യനായാണ് ചുവടുറപ്പിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ പരാമര്‍ശിക്കപ്പെട്ട നേതാവായ ചാക്കോ സംസ്ഥാന ആഭ്യന്തര മന്ത്രിയായിരിക്കെ അപവാദങ്ങളെ തുടര്‍ന്ന് രാജിവെച്ചു.

തുടര്‍ന്നുണ്ടായ സംഭവങ്ങളാണ് കേരള കോണ്‍ഗ്രസ് രൂപീകരണത്തിലെത്തിച്ചത്. തുടക്കത്തില്‍ അതിന്റെ ഭാഗമാകാതിരുന്ന മാണി കോണ്‍ഗ്രസുമായുള്ള വിലപേശലുകള്‍ക്കൊടുവില്‍ കളംമാറി. കേരള കോണ്‍ഗ്രസിന്റെ ആദ്യ ചെയര്‍മാന്‍ കെ എം ജോര്‍ജും ജനറല്‍ സെക്രട്ടറി ആര്‍ ബാലകൃഷ്ണ പിള്ളയും. 1964ല്‍ തിരുനക്കര മൈതാനിയില്‍ കര്‍ഷക പാര്‍ടിയെന്ന് വിശേഷിപ്പിച്ച്‌ മന്നത്ത് പത്മനാഭന്‍ പതാക ഉയര്‍ത്തി. അതുമുതല്‍ പാര്‍ടിയിലുണ്ടായ ഒട്ടേറെ ഭിന്നിക്കലിനും ഒന്നിക്കലിനും തിരുനക്കര സാക്ഷ്യംവഹിച്ചു; മാണിയും.ചാക്കേയുടെ മരണത്തെ തുടര്‍ന്ന് മാണിയും ബാലകൃഷ്ണപിള്ളയും ശക്തരായി. പാര്‍ടി ചെയര്‍മാന്‍ കെ എം ജോര്‍ജ്. ചെയര്‍മാന്‍ സ്ഥാനവും മന്ത്രിസ്ഥാനവും ഒന്നിച്ചു വഹിക്കരുതെന്ന് പറഞ്ഞ് അടിയന്തരാവസ്ഥ കാലത്ത് അച്യുതമേനോന്‍ മന്ത്രിസഭയില്‍ ജോര്‍ജ് മന്ത്രിയാകുന്നത് മാണി തടഞ്ഞു. മാണിയും പിള്ളയും മന്ത്രിമാരായി. 76ല്‍ ജോര്‍ജും മാണിയും പിരിഞ്ഞതോടെ കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന്റെ കാലം തുടങ്ങി. ജോര്‍ജ് അരങ്ങൊഴിഞ്ഞ ശേഷമാണ് മാണിയുമായി പിണങ്ങി പിള്ള പടിയിറങ്ങിയത്. പിന്നീട് പി ജെ ജോസഫ് പുറത്തുവന്ന് മറ്റൊരു കേരള കോണ്‍ഗ്രസിന് ജന്മംനല്‍കി.

കോണ്‍ഗ്രസിന്റെ മതേതര രാഷ്ട്രീയത്തെ കേരളകോണ്‍ഗ്രസിന്റെ മതരാഷ്ട്രീയവുമായി കൂട്ടിക്കെട്ടി വിലപേശി, തന്റെ അധികാരതാല്‍പര്യം സംരക്ഷിക്കുന്നതില്‍ മാണി എന്നും മിടുക്കുകാട്ടി. എങ്ങോട്ടു മറഞ്ഞാലും അണികളെ കൂടെനിര്‍ത്താനും സാധിച്ചു. അധികാരത്തില്‍ എത്തുന്നതിനുള്ള മാര്‍ഗം മാത്രമാണ് രാഷ്ട്രീയം എന്ന പാഠമാണ് അദ്ദേഹം അവര്‍ക്ക് നല്‍കിയത്. നവലിബറല്‍ നയങ്ങള്‍ ശക്തിപ്പെട്ട കാലത്ത് അതിന്റെ പ്രചാരകനാകാനും അതുകൊണ്ടുതന്നെ മാണിക്ക് പ്രയാസമുണ്ടായില്ല. 13 തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ച അദ്ദേഹത്തിന്റെ അവസാന ഊഴം ബാര്‍ കോഴക്കേസില്‍ തട്ടി പ്രക്ഷുബ്ധമായി. തിരിച്ചുവരവില്ലാത്തവിധത്തിലുള്ള പിന്‍മടക്കമായി അത്.കര്‍ഷകരുടെയും കഠിനാധ്വാനികളുടെയും നാടാണ‌് പാലാ. അവിടുത്തെ മരങ്ങാട്ടുപിള്ളി ഗ്രാമത്തിലെ കരിങ്ങോഴക്കല്‍ വീട്ടുപേര‌് ഇന്ന‌് കേരളമാകെ പരിചിതം. കെ എം മാണിയിലൂടെ. പാലായില്‍ നിന്നും 30 വയസ‌് കഴിഞ്ഞപ്പോള്‍ നിയമസഭയിലെത്തിയതാണ‌് മാണി. 86 -ാം വയസ്സിലും ആ കസേരയില്‍. രാഷ‌്ട്രീയത്തിലെ ഗതിവിഗതികളെ പാല്‍പ്പായസം പോലെ ആസ്വദിച്ചാണ‌് ഈ പാലാക്കാരന്‍ വിടവാങ്ങുന്നത‌്, അങ്ങനെയൊരു രാഷ‌്ട്രീയ യുദ്ധകാലയളവില്‍ തന്നെ. അതും പാര്‍ടിക്കുള്ളില്‍ സഹപ്രവര്‍ത്തകര്‍ തുറന്ന യുദ്ധമുഖത്തും പതറാതെ നിന്ന‌് ലക്ഷ്യം കണ്ട ശേഷം. സ്ഥാനാര്‍ഥി തര്‍ക്കങ്ങള്‍ക്ക‌് ശേഷം മാര്‍ച്ച‌് 11 നായിരുന്നു അന്തിമതീരുമാനം എടുത്തത‌്.

രണ്ട‌് മുന്നണികളിലുമായി 13 ബജറ്റ‌്. മഹാഭൂരിപക്ഷം വകുപ്പുകളുടെയും മന്ത്രിക്കസേരയിലിരുന്നു. ഏറെ കൊതിച്ച മുഖ്യമന്ത്രിക്കസേരയില്‍ എത്താനായില്ല. കേന്ദ്രമന്ത്രിസ്ഥാനം കൊതിച്ചുള്ള ഡല്‍ഹിയാത്രയും വിഫലമായി.ഏതാനും വര്‍ഷങ്ങളായി ശ്വാസകോശ രോഗബാധിതനായിരുന്നു. ആ നാളുകളിലും കര്‍മനിരതന്‍. നിയമസഭയിലും മറ്റ‌് പ്രസംഗ വേദികളിലും കത്തിക്കയറുമ്ബോള്‍ ശ്വാസതടസ്സം വരും. അതും അല്‍പനേരം മാത്രം. മലയാള ഭാഷയിലെ മനോഹര വാക്കുകള്‍ കോര്‍ത്തിണക്കി പ്രഭാഷകനാകാനും അദ്ദേഹം വൈഭവം പ്രകടിപ്പിച്ചു. ”വളരും തോറും പിളരുന്ന പാര്‍ടി” അടക്കം പ്രാസഭംഗി നിറഞ്ഞ പ്രയോഗങ്ങള്‍ ഏറെ.അഡീഷണാലിറ്റി’ അടക്കം ഇനിയും പിടികിട്ടാത്ത പദ നിര്‍മിതയും. പിളര്‍ന്നു മാറുന്ന ഘട്ടങ്ങളില്‍ മറുവശമുള്ള നേതാവിനെ ഇത്തിള്‍ക്കണ്ണി, അക്കേഷ്യ വിളികളിലൂടെയും മൈക്കിനു മുന്നില്‍ പരിഹസിക്കുമായിരുന്നു; അണികളുടെ ആര്‍പ്പുവിളികള്‍ക്കായി മാത്രം. അപ്പോഴും വ്യക്തിബന്ധം ഉലയാതെ പുതിയ രാഷ‌്ട്രീയ സംസ‌്ക്കാരത്തിനും പാഠമായി. ബാലകൃഷ‌്ണപിള്ളയടക്കമുള്ള നേതാക്കളുമായി പിണങ്ങാനും ഇണങ്ങാനും അദ്ദേഹത്തിന‌് കഴിഞ്ഞു. പി ജെ ജോസഫുമായുള്ള ബന്ധവും സമാനം. ക്യാമറാ കണ്ണുകള്‍ക്ക‌് മുന്നില്‍ കെട്ടിപ്പിടിച്ച‌് പൊട്ടിച്ചിരിച്ചാല്‍ തീരുന്ന തര്‍ക്കമേ കേരളാ കോണ്‍ഗ്രസ‌് നേതാക്കള്‍ക്കിടയില്‍ ഇന്നും അവശേഷിക്കുന്നുള്ളൂ. മരണ — വിവാഹ വീടുകളിലെത്തി പൊതുപ്രവര്‍ത്തകര്‍ ആ ഒപ്പം ചേരണമെന്ന സംസ‌്ക്കാരത്തിലും ഒരു മാണി ടച്ചുണ്ട‌്.

‘മാണി മരിച്ചാലും പാലായിലേക്കുള്ള പാലം കയറി’ല്ലെന്ന‌് പരിഹസിച്ച പാലാ പരിസരത്തെ നേതാവിനെ ആ വീടിന്റെ പടികളെണ്ണിച്ചും രാഷ‌്ട്രീയ പ്രതികാരം ചെയ‌്തു. ‘മാണി’യെന്നേ വിളിക്കൂവെന്ന‌് പ്രസംഗിച്ച ആ നേതാവിനെകൊണ്ട‌് മാണിസാര്‍ വിളിപ്പിച്ച‌് കുമ്ബിടീപ്പിക്കാനും കഴിഞ്ഞു. രണ്ട‌് വര്‍ഷം മുമ്ബ‌് വാര്‍ത്താസമ്മേളനത്തില്‍ തന്നെ ‘ ഇനി മാണിസാര്‍’ വിളിക്കില്ലെന്ന‌് പ്രഖ്യാപിച്ച മുന്നണി നേതാക്കളെകൊണ്ടും അത‌് വിളിപ്പിച്ചാണ‌് മടക്കം.

Pala : K M Mani Kerala Congress M leader 01/ 2019

NO COMMENTS