യുവാവിനു ഗുണ്ടകളുടെ ക്രൂരമര്‍ദ്ദനം

207

കോഴിക്കോട്• ഒന്നരക്കോടിയുടെ കുഴല്‍പണം കവര്‍ന്ന കേസില്‍ നിരപരാധിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. കോഴിക്കോട് താമരശേരി സ്വദേശിയായ സക്കീര്‍ ഹുസൈനാണ് പീഡനത്തിനിരയായത്.
താമരശേരി സ്വദേശിയായ സക്കീര്‍ ഹുസൈനെ വീടുവളഞ്ഞു പിടികൂടിയതു കുഴല്‍പണക്കാരുടെ ഗുണ്ടകളാണ്. ഈ ഗുണ്ടാപ്പടയ്ക്കൊപ്പം എത്തിയത് കര്‍ണാടക പൊലീസിലെ ഒരു ഉദ്യോഗസ്ഥനും. പഴയൊരു കേസില്‍ വാറന്റുണ്ടെന്നു പറഞ്ഞു വീട്ടില്‍നിന്നിറക്കി കൊണ്ടുപോയത് കര്‍ണാടകയിലെ ഒരു റിസോര്‍ട്ടിലേക്കാണ്. ഒന്നരക്കോടിയുടെ കുഴല്‍പണം കവര്‍ന്നത് ആരാണെന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. കുഴല്‍പണം കടത്തുന്ന വിവരം ചോര്‍ത്തിയതു സക്കീറാണെന്നു സംശയിച്ചാണു ബന്ദിയാക്കിയത്.

ദേഹമാസകലം ഉരുട്ടി. കാല്‍പാദത്തിനു താഴെ കത്തിക്കൊണ്ട് കുത്തിക്കീറി. ഉപ്പുംമുളകും പെട്രോളും ഒഴിച്ചു തുണിവച്ചു കെട്ടി മര്‍ദ്ദിച്ചു. വേദനയില്‍ പുളഞ്ഞു നിലവിളിച്ചിട്ടും കര്‍ണാടക പൊലീസ് മര്‍ദ്ദനം തുടര്‍ന്നു. നിരപരാധിയാണെന്നു ബോധ്യപ്പെട്ടതോടെ വിട്ടയച്ചു.
ക്രൂരമായ മര്‍ദ്ദനത്തെക്കുറിച്ചു പരാതിപ്പെട്ടാല്‍ കള്ളക്കേസില്‍ കുടുക്കുമെന്നാണു കര്‍ണാടക പൊലീസിന്റെ ഭീഷണി. ഇനിയും തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുമോയെന്ന ഭയംമൂലം സക്കീര്‍ ഹുസൈന്‍ ആശുപത്രിയില്‍ വിദഗ്ധ ചികില്‍സ പോലും തേടിയിട്ടില്ല. ആശുപത്രിയില്‍ കിടന്നാല്‍ കാലുകള്‍ക്കു പരുക്കേറ്റതിന്റെ സത്യം പറയേണ്ടി വരും. പിന്നെ, വീണ്ടും തട്ടിക്കൊണ്ടുപോകലും മര്‍ദ്ദനവും ഉറപ്പ്. ചികില്‍സ വൈകിയാല്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ട അവസ്ഥയും. പണ്ടൊരിക്കല്‍ കുഴല്‍പണം കവര്‍ന്ന കേസില്‍ പിടിക്കപ്പെട്ടതിന്റെ സംശയമാണു ഗുണ്ടാപ്പട സക്കീറിനെതിരെ തിരിയാന്‍ കാരണം.

NO COMMENTS

LEAVE A REPLY