കേരള-തമിഴ്‌‌നാട് അതിര്‍ത്തിയില്‍ വന്‍ ക‌ഞ്ചാവ് വേട്ട

247

കുമിളി: കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ കുമളിക്കടുത്ത് ഉത്തമപാളയത്ത് 300 കിലോ കഞ്ചാവ് തമിഴ്‌നാട് പൊലീസ് പിടികൂടി. ആന്ധ്രയില്‍ നിന്നും കടത്തിക്കൊണ്ടു വന്നതാണിത്. തേനിയിലെ കമ്പത്ത് ശേഖരിച്ച ശേഷം കേരളത്തിലേക്ക് കടത്താനായി കൊണ്ടു വന്ന കഞ്ചാവാണ് പിടിയിലായത്.കുമളി മധുര റോഡില്‍ ഉത്തമപാളയത്തിനു സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് കഞ്ചാവുമായെത്തിയ വാഹനം തമിഴ്‌നാട് പൊലീസ് പിടികൂടിയത്. ഇതുവഴി കഞ്ചാവെത്തുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ തടുന്നതിനായി രൂപീകരിച്ച തമിഴ്‌നാട് പൊലീസിന്റെ പ്രത്യേക വിഭാഗമാണ് പരിശോധന നടത്തിയത്. കഞ്ചാവുമായെത്തിയ ഉസിലംപെട്ടി സ്വദേശി മന്മഥന്‍, കമ്പം സ്വദേശി മണി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ലോറിയിലെ രഹസ്യ അറക്കുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കൊണ്ടു വന്നത്. അറയുടെ വാതില്‍ തുറന്നു പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. 20 കിലോ കഞ്ചാവു വീതം പതിനഞ്ചു ചാക്കുകളില്‍ നിറച്ചാണ് അറക്കുള്ളില്‍ അടുക്കിയിരുന്നത്. ആന്ധ്രയില്‍ നിന്നും സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന സംഘമാണിതിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു.കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തു. ആന്ധ്രയില്‍ നിന്നുമെത്തിക്കുന്ന കഞ്ചാവ് തേനി ജില്ലയുടെ വിവധ ഭാഗത്ത് സംഭരിച്ച ശേഷമാണ് കേരളത്തിലേക്ക് കടത്തുന്നത്. കേരളത്തില്‍ നിന്നുള്ള കച്ചവടക്കാര്‍ ഇവിടെത്തിയും കഞ്ചാവ് വാങ്ങുന്നുണ്ട്. തേനിയില്‍ കഞ്ചാവ് എത്തിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകിക്കുമെന്ന് എക്‌സൈസിന്റെയും പൊലീസിന്റെയും സംയുക്ത യോഗത്തില്‍ തമിഴ്‌നാട് പൊലീസ് ഉറപ്പു നല്‍കിയിരുന്നു. ഇതിന്റെ ഭഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവും കടത്തുകാരും പിടിയിലായത്.