ജയന്തന്‍ നല്ല സഖാവല്ല : ജി. സുധാകരന്‍

256

കായംകുളം • വടക്കാഞ്ചേരി പീഡനക്കേസില്‍ ആരോപണ വിധേയനായ സിപിഎം കൗണ്‍സിലറും ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവുമായ ജയന്തനെതിരെ വിമര്‍ശനവുമായി മന്ത്രി ജി. സുധാകരന്‍. ജയന്തന്‍ നല്ല സഖാവല്ലെന്നും കുഴപ്പക്കാരനാണെന്നുമായിരുന്നു സുധാകരന്‍റെ വിമര്‍ശനം. കുഴപ്പക്കാരുണ്ടെങ്കില്‍ അവരെ തിരുത്തേണ്ടവരാണ് പാര്‍ട്ടിക്കാര്‍. കുറ്റം പറയുന്നത് സിപിഎമ്മിന്‍റെ ശൈലിക്കു ചേര്‍ന്നതല്ല. നല്ല സഖാക്കളാണു പാര്‍ട്ടിയില്‍ അംഗത്വമെടുക്കേണ്ടതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. സ്ത്രീകളെ മാന്യതയോടെ കാണുന്ന സമീപനമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുള്ളത്. ഇരയുടെ പേരു വെളിപ്പെടുത്തിയ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്റെ നടപടി ഏറ്റവും വലിയ തെറ്റാണ്. സ്വന്തം ഭൂമിയില്‍ കൃഷി ചെയ്യാത്ത ഒരാളെയും ഇനി പഞ്ചായത്ത് മെംബര്‍മാരായി തിരഞ്ഞെടുക്കരുതെന്നും അവരെ മത്സരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരും എംഎല്‍എമാരും കൃഷി ചെയ്യണം. അലക്കിത്തേച്ച ഉടുപ്പിട്ടു നടക്കുന്നതല്ല രാഷ്ട്രീയം. നേതാക്കള്‍ അഴിമതിക്കു കൂട്ടുനില്‍ക്കരുത്. ദീര്‍ഘനാള്‍ എംഎല്‍എ സ്ഥാനം ലഭിച്ചാല്‍ ചിലര്‍ക്കു തലക്കനമാണ്. യുഡിഎഫ് ഭരണകാലത്ത് ചില മന്ത്രിമാരും ഉദ്യോഗസ്ഥരും അഴിമതിയുടെ ആറാട്ട് നടത്തുകയായിരുന്നു. ഈ സര്‍ക്കാര്‍ വികസന ഭരണമാണ് ലക്ഷ്യമിടുന്നത്. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും ജി.സുധാകരന്‍ പറഞ്ഞു.