ആഗോള സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ബ്ലോഗ് എക്‌സ്പ്രസിനു തുടക്കമായി

326

കൊച്ചി: ആഗോള വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള ടൂറിസത്തിന്റെ സംരംഭമായ കേരള ബ്ലോഗ് എക്‌സ്പ്രസ് നാലാം പതിപ്പിലേക്കു കടക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട 30 രാജ്യാന്തര ബ്ലോഗര്‍മാരുമായി കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെ പര്യടനം നടത്തുന്ന കേരള ബ്ലോഗ് എക്‌സ്പ്രസ് തിങ്കളാഴ്ച രാവിലെ കൊച്ചി ബോള്‍ഗാട്ടി പാലസില്‍ ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ഏപ്രില്‍ മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കുന്ന വിധത്തിലാണ് 15 ദിവസത്തെ യാത്ര. ടൂറിസം വിപണനത്തിന് കേരളം ആവിഷ്‌ക്കരിച്ച അതിനൂതന സംരംഭമാണ് ബ്ലോഗ് എക്‌സ്പ്രസ്സെന്നും അത് വരും വര്‍ഷങ്ങളിലും വിപണനത്തിന്റെ നിലവാരം ഉയര്‍ത്തുമെന്നും മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരളത്തിനു സുപ്രധാനമായ ടൂറിസം മേഖലയില്‍ സാരമായ പുരോഗതിക്ക് ഇത് സഹായകമായി. ലക്ഷ്യസ്ഥാനമെന്ന നിലയില്‍ കേരളത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനും മേഖലയുടെ വളര്‍ച്ചക്കും ബ്ലോഗ് എക്‌സ്പ്രസിനു കഴിയുമെന്ന് മന്ത്രി പറഞ്ഞു.

ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള എഴുത്തുകാരെ ഇവിടെയെത്തിച്ച് അവര്‍ക്ക് കേരളത്തെ നേരിട്ട് അനുഭവവേദ്യമാക്കാനും അവര്‍ വഴി വ്യത്യസ്ത മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനുമാണ് ഈ സംരംഭം. കേരളത്തിന്റെ തനതായ ആയുര്‍വേദവും കഥകളിയും കായല്‍ സഞ്ചാരവും കായികകലകളും അവര്‍ക്ക് നേരില്‍ കാണാന്‍ അവസരമൊരുക്കുകയാണ്. ബ്ലോഗ് എക്‌സ്പ്രസില്‍ പങ്കാളികളായവര്‍ക്ക് കേരളത്തിന്റെ സൗന്ദര്യം ആസ്വദിക്കാനും ഇവിടുത്തെ സംസ്‌ക്കാരവും ചരിത്രവും ലോകത്തിനുമുന്നില്‍ അവതരിപ്പിക്കാനും കഴിയട്ടെയെന്ന് മന്ത്രി ആശംസിച്ചു. ബ്രിട്ടന്‍, കാനഡ, അമേരിക്ക, സ്‌പെയിന്‍, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, ബ്രസീല്‍, ഇറ്റലി, മലേഷ്യ, സ്വീഡന്‍, അര്‍ജന്റീന, ഗ്രീസ് തുടങ്ങി 29 രാജ്യങ്ങളില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ട 29 ബ്ലോഗര്‍മാര്‍ക്കൊപ്പം ഇന്ത്യയില്‍നിന്നുള്ള ഏക അംഗമായ ദീപാന്‍ഷു ഗോയലും ബ്ലോഗ് എക്‌സ്പ്രസില്‍ യാത്രയ്ക്കുണ്ട്. 38000 പേര്‍ പങ്കെടുത്ത ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയാണ് ബ്ലോഗര്‍മാരെ തിരഞ്ഞെടുത്തത്. ഉദ്ഘാടന ദിവസമായ മാര്‍ച്ച് 20-നും 26നും കൊച്ചി, 21ന് ആലപ്പുഴ, 22ന് കുമരകം, 23ന് തേക്കടി, 24നും 25നും മൂന്നാര്‍, 27നും 28നും തൃശൂര്‍, 29ന് കോഴിക്കോട്, 30ന് വയനാട്, 31ന് കണ്ണൂര്‍, ഏപ്രില്‍ ഒന്നിനും രണ്ടിനും കാസര്‍കോട് എന്നിവിടങ്ങളിലൂടെ റോഡുമാര്‍ഗം സഞ്ചരിക്കുന്ന ബ്ലോഗ് എക്‌സ്പ്രസ് ഏപ്രില്‍ മൂന്നിന് അവസാന ലക്ഷ്യകേന്ദ്രമായ തിരുവനന്തപുരത്ത് യാത്ര അവസാനിപ്പിക്കും.

രണ്ടാഴ്ചത്തെ പര്യടനത്തിലൂടെ അടുത്തറിയുന്ന കേരളത്തിന്റെ പ്രകൃതിഭംഗിയെപ്പറ്റി യാത്രികര്‍ ബ്ലോഗുകളിലും മറ്റു പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങളെഴുതും. ഇതുവഴി കേരളത്തിന്റെ വിനോദസഞ്ചാര പ്രൗഢി, ആഗോള സഞ്ചാരസമൂഹം കൂടുതല്‍ അടുത്തറിയുകയും ഇവിടെയെത്തുകയും ചെയ്യുമെന്നാണു പ്രതീക്ഷ. ബ്ലോഗ് എക്‌സ്പ്രസിന്റെ ആദ്യ മൂന്നു യാത്രകളും കേരള ടൂറിസത്തിന് വന്‍കുതിപ്പാണു സമ്മാനിച്ചത്. ആഗോളതലത്തില്‍ സാമൂഹിക മാധ്യമങ്ങളിലും ട്രാവല്‍ ടൂറിസം രംഗങ്ങളിലും ബ്ലോഗ് എക്‌സ്പ്രസ് ഏറെ ശ്രദ്ധേയമായ പ്രചാരണപരിപാടിയായാണ് വിലയിരുത്തപ്പെടുന്നത്. മൂന്നു പതിപ്പുകളിലുമായി 87 ബ്രാന്‍ഡ് അംബാസഡര്‍മാരാണു കേരളക്കാഴ്ചകള്‍ കാണാനെത്തിയത്. കഴിഞ്ഞ നാലുവര്‍ഷത്തിനിടെ നാലായിരത്തി അഞ്ഞൂറിലേറെ എന്‍ട്രികള്‍ നേടിയെടുത്ത പദ്ധതി, ‘ആയുഷ്‌ക്കാലത്തിന്റെ സഞ്ചാരം!’ എന്ന പരസ്യവാചകത്തെ ശരിവയ്ക്കുന്ന പ്രകടനമാണു നടത്തിയത്. ഒട്ടേറെ വിദേശ അച്ചടി, ഓണ്‍ലൈന്‍, ടെലിവിഷന്‍ മാധ്യമങ്ങള്‍ ബ്ലോഗ് എക്‌സ്പ്രസിന്റെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയും ഡോക്യുമെന്ററികള്‍ ഉള്‍പ്പെടെ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് മൂന്നാംപതിപ്പിന് ഗോവ ഫെസ്റ്റ് 2016ല്‍ വെങ്കല പുരസ്‌കാരവും ലഭിച്ചു.

സമൂഹമാധ്യമ പ്രചാരണം, സഹവാസ യാത്രകള്‍, ബ്ലോഗേഴ്‌സ് മീറ്റ്, റോഡ് യാത്രകള്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ട് വിശാലതലത്തില്‍ സംഘടിപ്പിക്കുന്ന പ്രചാരണ സംരംഭം ലോകത്തില്‍ത്തന്നെ മറ്റൊരു ടൂറിസം പ്രസ്ഥാനവും ആവിഷ്‌കരിച്ചിട്ടില്ലെന്നതാണ് കേരള ബ്ലോഗ് എക്‌സ്പ്രസിനെ വ്യത്യസ്തമാക്കുന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രനൊപ്പം നിന്ന് ബ്ലോഗര്‍മാര്‍ സെല്‍ഫി എടുക്കുകയും അദ്ദേഹത്തോടൊപ്പം അല്‍പ്പനേരം പ്രത്യകം തയ്യാറാക്കിയ ബ്ലോഗ് എക്‌സപ്രസ് ബസില്‍ യാത്ര ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മന്ത്രിയുടെ സാന്നിധ്യത്തില്‍ ബ്ലോഗ് എക്‌സപ്രസ് സഞ്ചാരികള്‍ സ്വയം പരിചയപ്പെടുത്തി. ചടങ്ങില്‍ ടൂറിസം ജോയിന്റ് ഡയറക്ടര്‍ ശ്രീ പി ജി ശിവന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീ വി എസ് അനില്‍ തുടങ്ങിയവരും പങ്കെടുത്തു.

NO COMMENTS

LEAVE A REPLY