ഫോര്‍ട്ട് കൊച്ചിയിലെ മാലിന്യസംസ്‌കരണം: കേരള ടൂറിസവും നഗരസഭയും കൈകോര്‍ക്കുന്നു

219

കൊച്ചി: ഫോര്‍ട്ട് കൊച്ചിയെ മാലിന്യമുക്തമാക്കാനും പ്രദേശത്തിന് പുത്തനുണര്‍വു നല്‍കാനുമായി കേരള ടൂറിസം കൊച്ചി നഗരസഭയുമായും ടൂറിസം വ്യവസായത്തിലെ പങ്കാളികളുമായും ചേര്‍ന്ന് സംയുക്ത കര്‍മ പദ്ധതിക്ക് രൂപം നല്‍കി. ഒരു മാസത്തിനകം സമ്പൂര്‍ണമായ ഈ പരിഹാരപദ്ധതി പ്രവര്‍ത്തനക്ഷമമാക്കാനാണ് ഉദ്ദേശിക്കുന്നത്.

നഗരസഭയെ നായക സ്ഥാനത്ത് നിര്‍ത്തി ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതിയ്ക്ക് ടൂറിസം വകുപ്പും വാണിജ്യ സ്ഥാപനങ്ങളും എല്ലാ പിന്തുണയും നല്‍കും. വരാന്‍ പോകുന്ന ടൂറിസം സീസണിനുമുമ്പ് സുപ്രധാനമായ ഈ പൈതൃക കേന്ദ്രത്തെ ശുചീകരിച്ച് മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം.

കൊച്ചി നഗരസഭാ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് ഈ ബൃഹത്തായ പദ്ധതി നടപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശമുയര്‍ന്നത്. മേയര്‍ ശ്രീമതി സൗമിനി ജയിന്‍, കേരള ടൂറിസം ഡയറക്ടര്‍ യു.വി ജോസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍നിന്നുള്ളവര്‍ പങ്കെടുത്തു.

കടല്‍തീരത്തുനിന്ന് ശേഖരിക്കുന്ന ടണ്‍ കണക്കായ ചിരട്ടകളും ഭക്ഷാണാവശ്യത്തിനും മറ്റുമുപയോഗിക്കുന്ന സ്റ്റൈറോഫോം പാത്രങ്ങളുമടക്കം മാലിന്യ സംഭരണ ഡിപ്പോകളിലെത്തിച്ച് വേര്‍തിരിക്കുന്നത് കഠിനമായ ജോലിയാണെന്ന് മേയര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ അതതു സ്ഥലങ്ങളില്‍തന്നെ ഈ മാലിന്യം സംസ്‌കരിക്കുന്നതിനുള്ള ശാശ്വത പരിഹാരമാണ് പരിഗണനയിലുള്ളത്. ഹോട്ടല്‍-ഹോംസ്റ്റേ ഉടമകളടക്കമുള്ളവര്‍ ആഴ്ചതോറും ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നുണ്ട്. പക്ഷേ ഒരു ദിവസത്തെ ശുചീകരണം കൊണ്ടുമാത്രം എല്ലാമായില്ല. ഫോര്‍ട്ട് കൊച്ചി പൈതൃക സംരക്ഷണ സൊസൈറ്റി 21 പേരെ ശുചീകരണത്തിനായി നിയോഗിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ നിയോഗിക്കാനും മാലിന്യസംഭരണത്തിനായിമാത്രം ഒരു ലോറി നല്‍കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മേയര്‍ അറിയിച്ചു.

മാലിന്യ സംസ്‌കരണത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സാമ്പത്തികസഹായം, തൊഴില്‍ശക്തി, ഉപകരണങ്ങള്‍ എന്നിവയുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്ന് ശ്രീ യു.വി.ജോസ് അറിയിച്ചു. പ്രദേശത്തുതന്നെയുള്ള മാലിന്യസംസ്‌കരണമാണ് ഫോര്‍ട്ട് കൊച്ചി നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് യോഗത്തില്‍ മേയറും നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുമടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടിയതായി ശ്രീ ജോസ് പറഞ്ഞു. ഇത് പരിഹരിക്കാന്‍ നഗരസഭയ്ക്ക് സാമ്പത്തിക സഹായവും ആള്‍ശേഷിയും ഉപകരണ സംവിധാനങ്ങളും നല്‍കാന്‍ കേരള ടൂറിസം തയാറാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രശ്‌ന പരിഹാരത്തിന് കൂട്ടായ ശ്രമം വേണമെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ ജോസ് ടൂറിസം സീസണിന് ഔദ്യോഗിക തുടക്കമാകുന്ന നവംബര്‍ ഒന്നിനുമുമ്പുതന്നെ മാലിന്യനിര്‍മാര്‍ജനമടക്കം ഫോര്‍ട്ട് കൊച്ചി നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY