കോഴിക്കോട്• സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ മൂന്നാം മല്‍സരത്തില്‍ കര്‍ണാടകയെ ഗോള്‍രഹിത സമനിലയില്‍ തളച്ച കേരളം ഫൈനല്‍ റൗണ്ടിന് യോഗ്യത നേടി. മൂന്നു മല്‍സരങ്ങളില്‍നിന്ന് രണ്ടു ജയവും ഒരു സമനിലയുമുള്‍പ്പെടെ ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് കേരളത്തിന്റെ മുന്നേറ്റം. ഇതോടെ, ഒരു ജയവും ഒരു സമനിലയുമുള്‍പ്പെടെ നാലു പോയിന്റുള്ള കര്‍ണാടകയും ആന്ധ്രാ പ്രദേശും ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായി. ആദ്യ രണ്ടു മല്‍സരങ്ങളില്‍ തോല്‍വി വഴങ്ങിയ പുതുച്ചേരി നേരത്തേതന്നെ പുറത്തായിരുന്നു. ആദ്യ മല്‍സരത്തില്‍ പുതുച്ചേരിയെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച കേരളം, രണ്ടാം മല്‍സരത്തില്‍ ആന്ധ്രയേയും ഇതേ സ്കോറിന് തകര്‍ത്തിരുന്നു. മൂന്നു ഗോളുകളുമായി യോഗ്യതാ റൗണ്ടില്‍ മുന്നില്‍നിന്ന് നയിച്ച നായകന്‍ പി.ഉസ്മാനാണ് ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം കേരളത്തിന് ഫൈനല്‍ റൗണ്ടിന് യോഗ്യത സമ്മാനിച്ചത്. ഇന്നു നടന്ന ആദ്യ മല്‍സരത്തില്‍ പുതുച്ചേരിയും ആന്ധ്രയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.