കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കുപ്പിവെള്ളത്തിന്റെ ബാച്ചുകള്‍ പിന്‍വലിക്കാന്‍ ഉത്തരവ്

171

കോളിഫോം ബാക്ടീരിയ കണ്ടെത്തിയ കുപ്പിവെള്ളത്തിന്റെ ബാച്ചുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശം. ആറ് കമ്പനികളുടെ സാമ്പിളുകള്‍ വീണ്ടും പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്താരാഷ്‌ട്രാ കമ്പനികളുടേതടക്കമുള്ള ആറ് കമ്പനികളുടെ കുപ്പിവെള്ളത്തിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോളിഫോം ബാക്ടീരിയ കണ്ടെത്തിയത്.
കിങ്ഫിഷര്‍, കിന്‍ലേ, പ്യുവര്‍ ഡ്രോപ്സ്, ചന്ദ്രിക, ഗോപിക കൂള്‍ വാട്ടര്‍, ഹോണ്‍ ബില്‍ തുടങ്ങി ആറ് കമ്പനികളുടെ കുപ്പിവെള്ള സാമ്പിളുകളിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏത് ബാച്ചുകളിലാണോ ബാക്ടീരിയയെ കണ്ടെത്തിയത് ആ ബാച്ചുകളുടെ വിപണനം ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ച് ഉത്തരവിറക്കി. ഈ കമ്പനികളുടെ കുപ്പിവെള്ളത്തിന്റെ വിവിധ ബാച്ച് ഉല്‍പന്നങ്ങള്‍ വീണ്ടും പരിശോധിക്കും. സുരക്ഷിതമല്ലെന്ന് വീണ്ടും കണ്ടെത്തിയാല്‍ ഈ ബ്രാന്‍ഡുകളുടെ വില്‍പന നിരോധിക്കുമെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ അടിയന്തര ഉത്തരവില്‍ പറയുന്നു.
ഉത്തരവ് അനുസരിച്ച് ഭക്ഷ്യസുരക്ഷ ഉദ്യാഗസ്ഥര്‍ സാമ്പിളുകള്‍ ശേഖരിച്ചു തുടങ്ങി. ക‍ഴിഞ്ഞ ഡിസംബറിലും ഈ വര്‍ഷം മാര്‍ച്ചിലുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് ശേഖരിച്ച് പരിശോധിച്ച കുപ്പിവെള്ള സാമ്പിളുകളുകളിലാണ് ഗുരുതര രോഗങ്ങളുണ്ടാക്കുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഈ വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ അടിയന്തിര ഇടപെടലുണ്ടായിരിക്കുന്നത്.

NO COMMENTS

LEAVE A REPLY