ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഢീഷ തീരത്തേക്ക് – ശക്തമായ മുൻകരുതൽ

218

ന്യൂഡല്‍ഹി : ദക്ഷിണേന്ത്യന്‍ തീരം വിട്ട് വടക്കോട്ട് നീങ്ങിയ ഫോനി ചുഴലിക്കൊടുങ്കാറ്റ് ഒഢീഷ തീരത്തോട് അടുക്കുന്നു. കൊടുങ്കാറ്റ് തിരത്തേക്ക് അടുക്കുന്ന പശ്ചാത്തലത്തില്‍ ശക്തമായ മുന്‍ കരുതലാണ് ഒഡീഷ, ബംഗാള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ തുടരുന്നത്.

നിലവില്‍ 5 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഫോനി ഒഡീഷ തീരത്തെത്തുമ്ബോള്‍ 200 കിലോമീറ്റര്‍ വേഗം കൈവരിക്കുമെന്നാണ് നിലവിലെ മുന്നറിയിപ്പ്. സംസ്ഥാനത്തെ ഡോക്ടര്‍മാരടക്കം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അവധികള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിതി നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയും സൈനികവിഭാഗങ്ങളും സജ്ജമായിട്ടുണ്ട്.

കപ്പല്‍ ഉള്‍പ്പെടെയുള്ള സന്നാഹങ്ങള്‍ ഒരുക്കിയാണ് സൈന്യം കാത്തിരിക്കുന്നത്. അതിനിടെ ഡല്‍ഹിയില്‍ ദേശീയ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് ഫോനിയുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികള്‍ വിലയിരുത്തി. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സ്ഥിതി നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയും സൈനിക വിഭാഗങ്ങളും സജ്ജമാണ്. 900 അഭയകേന്ദ്രങ്ങള്‍ തുറന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കും.

നിലവിലെ കണക്കുകള്‍ പ്രകാരം 8 ലക്ഷത്തോളം ആളുകളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. 14 ജില്ലകളിലായാണ് നടപടികള്‍ പുരോഗമിക്കുന്നത്.വ്യാഴാഴ്ച രാവിലെ ഒഡിഷ തീരത്തുനിന്നു 450 കിലോമീറ്റര്‍ ദൂരെയാണ് ഫോനിയുള്ളതെന്നായിരുന്നു ഇന്ത്യന്‍ മെട്രോളജിക്കല്‍ വകുപ്പിന്റെ അറിയിപ്പ്. അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറുന്ന ഫോനി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഒഡീഷ തീരത്തോട് അടുക്കുമെന്നാണ് വിലയിരുത്തല്‍.

ചുഴലിക്കാറ്റ് സംസ്ഥാനത്തെ വ്യോമ ഗതാഗത മാര്‍ഗങ്ങളെ ഉള്‍പ്പെടെ ബാധിച്ചേക്കുമെന്നാണ് വിലയിരുത്തുന്നത്. മുന്‍ കരുതലിന്റെ ഭാഗമായി സൗത്ത് ഈസ്റ്റ് റയില്‍വേ ഇന്നും നാളെയുമായി 103 ട്രെയിനുകള്‍ റദ്ദാക്കി. പട്ന- എറണാകുളം എക്സ്പ്രസ് ട്രെയിനുള്‍പ്പെടെയാണ് റദ്ധാക്കിയത്. ഒഡീഷയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ പുരിയില്‍ നിന്നും അടിയന്തിരമായി പിന്‍വാങ്ങാന്‍ ടൂറിസ്റ്റുകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

NO COMMENTS