ഫ്ലോറിഡയിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബ്ബിൽ വെടിവയ്പ്പ് : 50 പേർ കൊല്ലപ്പെട്ടു

291
ആക്രമണം നടന്ന നിശാക്ലബിന് പുറത്ത് പൊലീസ് സംഘം

ഫ്ലോറിഡ ∙ യുഎസിലെ ഓർലാൻഡോയിൽ സ്വവർഗാനുരാഗികൾ സമ്മേളിച്ച നിശാ ക്ലബ്ബിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അൻപതായി. 53 പേർക്ക് പരുക്കേറ്റെന്നും പലരുടെയും നില ഗുരുതരമാണെന്നും ഒാർലാൻ‍ഡോ മേയർ അറിയിച്ചു. ഓർലാൻഡോയിലെ പൾസ് നൈറ്റ് ക്ലബ്ബിൽ പ്രാദേശിക സമയം രണ്ടുമണിയോടെയാണ് സംഭവം. ആക്രമണത്തെ തുടർന്ന് ഓർലാൻഡോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

സംഭവം പുറത്തറിഞ്ഞതോടെ വൻ പൊലീസ് സന്നാഹവും ആംബുലൻസുകളും സ്ഥലത്തെത്തി. വെടിവയ്പ്പ് തുടങ്ങി മൂന്നു മണിക്കൂറിനുശേഷം ക്ലബ്ബിനുള്ളിൽ കടന്ന പൊലീസ്, അക്രമിയെ വെടിവച്ചു കൊന്ന് ബന്ദികളാക്കിയവരെ മോചിപ്പിച്ചു. ഒമർ മതീൻ എന്ന 20 വയസുള്ള യുഎസ് പൗരനാണ് ആക്രമണം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. ഇയാൾ അഫ്ഗാനിസ്ഥാൻ വംശജനാണ്. രണ്ട് യന്ത്രതോക്കുകൾ ഉപയോഗിച്ചാണ് ആക്രമണം അഴിച്ചുവിട്ടത്. സംഭവസമയത്ത് 100ൽ അധികം പേർ ക്ലബ്ബിനുള്ളിൽ ഉണ്ടായിരുന്നതായാണ് വിവരം.

പുലർച്ചെ ക്ലബ് പൂട്ടുന്നതിന് തൊട്ടുമുൻപാണ് അക്രമി വെടിവയ്പ്പ് നടത്തിയത്. ക്ലബ്ബിനുള്ളിൽ അതിക്രമിച്ചു കടന്നയാൾ നാലുപാടും വെടിയുതിർക്കുകയായിരുന്നു. അക്രമി 20 റൗണ്ടോളം വെടിയുതിർത്തതായി പൊലീസ് പറഞ്ഞു. ക്ലബിൽ നൃത്തം ചെയ്യുന്നവർക്ക് നേരെയായിരുന്നു ആക്രമണം.
manorama online

NO COMMENTS

LEAVE A REPLY