നിശാക്ലബിലെ വെടിവയ്പ് : ഒമർ സാദിഖ് മാറ്റീന്റെ ഭാര്യയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് റിപ്പോർട്ട്

286

ഒർലാൻഡോ ∙ ഫ്ലോറിഡയിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബിലുണ്ടായ വെടിവയ്പിനെക്കുറിച്ച് കൊലയാളി ഒമർ സാദിഖ് മാറ്റീന്റെ ഭാര്യയ്ക്ക് അറിവുണ്ടായിരുന്നതായി റിപ്പോർട്ട്. ആക്രമണത്തിനു മുൻപായി ഭർത്താവിനെ ഇതിൽനിന്നും പിന്തിരിപ്പിക്കാൻ നൂർ സൽമാൻ ശ്രമിച്ചിരുന്നു. ഇതുസംബന്ധിച്ച വിവരം പൊലീസിനു ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഒമറിന് ഭീകരസംഘടനയായ ഇസ്‍ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കത്തക്ക തെളിവുകളൊന്നും അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ചില്ല. വെടിവയ്പിനു പിന്നാലെ ഐഎസ് അനുഭാവ ട്വിറ്ററിൽ അക്രമിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഇതാണ് കൊലയാളിക്ക് ഐഎസുമായി ബന്ധമുണ്ടോയെന്നു സംശയത്തിനിടയാക്കിയത്.
നിശാക്ലബിൽ അതിക്രമിച്ചു കടന്ന യുവാവ് നടത്തിയ വെടിവയ്പിൽ 50 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടോടെ വിനോദസ‍‍ഞ്ചാരകേന്ദ്രമായ ഒർലാൻഡോയിലെ ‘പൾസ്’ ക്ലബിൽ കടന്ന തോക്കുധാരി ചുറ്റുപാടും വെടിയുതിർക്കുകയായിരുന്നു. മണിക്കൂറുകൾക്കുശേഷം അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. ഫ്ലോറിഡയിൽ താമസക്കാരനായ ഒമർ സാദിഖ് മാറ്റീൻ (29) ആണു വെടിവയ്പ് നടത്തിയത്.