പത്മനാഭസ്വാമിക്ഷേത്രത്തിനു സമീപം രാജധാനി ബില്‍ഡിങ്ങിലെ വസ്ത്രശാലാ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം

183

തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ പത്മനാഭസ്വാമിക്ഷേത്രത്തിനു സമീപം രാജധാനി ബില്‍ഡിങ്ങിലെ വസ്ത്രശാലാ ഗോഡൗണില്‍ വന്‍തീപ്പിടുത്തം. അഗ്നിശമനസേനയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ആളുകള്‍ അപകടത്തില്‍പ്പെട്ടതായി സൂചനയില്ല. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നു കരുതുന്നു. കാറ്റും കനത്ത പുകയും തീ അണയ്ക്കാനുള്ള ശ്രമത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ആളുകളെ സ്ഥലത്തുനിന്നു ഒഴിപ്പിച്ചു. വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം.
ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. സമീപമുള്ള രണ്ടു കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നുവെന്നാണ് സൂചന. കെട്ടിടങ്ങളുടെ ചില ഭാഗങ്ങള്‍ ഇടിഞ്ഞുവീണതായും റിപ്പോര്‍ട്ടുകളുണ്ട്.

ആധുനിക സജ്ജീകരണങ്ങളോടു കൂടിയ ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീ കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ അഗ്നിശമനസേന ശ്രമിക്കുന്നുണ്ട്.
തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ശ്രമം തുടരുകയാണെന്നും പോലീസ് പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, എംഎല്‍എ വിഎസ് ശിവകുമാര്‍ തുടങ്ങിയവര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
83bde75b-b2fb-4462-a576-ab7475a14be6