തളിപ്പറമ്പ് നാടുകാണി ഫ്ളൈവുഡ് കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം

205

കണ്ണൂര്‍: നാടുകാണി ഫ്ളൈവുഡ് കമ്പനിയിലുണ്ടായ തീപിടുത്തത്തില്‍ വന്‍ നാശനഷ്ടം. കോടികളുടെ യന്ത്രങ്ങളും അനുബന്ധ സാമഗ്രികളും കത്തി നശിച്ചു. ചപ്പാരപ്പടവ് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ചെട്ടിയാകുന്നേല്‍ വുഡ് ഇന്റസ്ട്രീസിലാണ് വെള്ളിയാഴ്ച പുലര്‍ച്ചെ 2 മണിയോടെ തീപിടുത്തമുണ്ടായത്. ഫാക്ടറിക്ക് സമീപം താമസിക്കുന്ന തൊഴിലാളികളാണ് തീപിടിച്ച വിവരം ഉടമകളെ അറിയിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു. തളിപ്പറമ്പ്, പയ്യന്നൂര്‍, കണ്ണൂര്‍ തുടങ്ങിയ യൂണിറ്റുകളില്‍ നിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. നൂറോളം തൊഴിലാളികള്‍ ജോലിചെയ്യുന്ന ഫാക്ടറി രണ്ടു വര്‍ഷം മുമ്പാണ് പ്രവര്‍ത്തനമാരംഭിച്ചത്. പീലിംഗ്, പ്രസിംഗ് തുടങ്ങി കോടികള്‍ വില വരുന്ന യന്ത്ര സാമഗ്രികള്‍ പൂര്‍ണ്ണമായും അഗ്നിക്കിരയായി. കയറ്റി അയക്കാന്‍ തയ്യാറാക്കി വെച്ചിരുന്ന ലക്ഷങ്ങള്‍ വില മതിക്കുന്ന ഫ്ളൈവുഡ്, വിനീര്‍, എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. ചപ്പാരപ്പടവ് പുഴയില്‍ നിന്നും ടാങ്കറുകളില്‍ വെള്ള മെത്തിച്ചാണ് തീയണക്കാനായത്. 4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.