ഫുട്ബാൾ ലോകകപ്പ് ; സൗദി അറേബ്യയ്‌ക്കെതിരെ റഷ്യക്ക് തകര്‍പ്പന്‍ ജയം

586

മോസ്‌കോ : ലോകകപ്പിലെ ആദ്യ മത്സരത്തിൽ സൗദി അറേബ്യയെ തകർത്തെറിഞ്ഞു റഷ്യക്ക് തകർപ്പൻ ജയം. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് റഷ്യ ഏഷ്യൻ ശക്തികളായ സൗദി അറേബ്യയെ തോൽപ്പിച്ചത്. റഷ്യക്ക് വേണ്ടി ഗസിൻസ്‌കി, ചെറിഷേവ്, ഡിസ്യുബ, ഗോലോവിൻ എന്നിവരാണ് ഗോൾ നേടിയത്. പകരക്കാരനായി ഇറങ്ങിയ ചെറിഷേവ് രണ്ടു ഗോളുകളാണ് നേടിയത്.

മത്സരത്തിന്റെ ആദ്യ അഞ്ചു മിനിറ്റിൽ ഒഴികെ ഒരിക്കൽ പോലും റഷ്യക്ക് വെല്ലുവിളി ഉയർത്താൻ സൗദിക്കായില്ല. പതിനൊന്നാം മിനിറ്റിൽ തന്നെ റഷ്യ ലക്ഷ്യത്തിൽ എത്തി. ഗൊലോവിൻ ബോക്സിലേക്ക് കൊടുത്ത ക്രോസ് യൂറി ഗസിൻസ്കിയുടെ തല കണ്ടെത്തി. ഗസിൻസ്കിയുടെ ഹെഡർ തടയാൻ സൗദി ഗോൾകീപ്പർക്കായില്ല. ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് 43 ആം മിനിറ്റിൽ ആണ് രണ്ടാം ഗോൾ പിറന്നത്. സബ്സ്റ്റിട്യുട് ആയി ഇറങ്ങിയ ചെറിഷേവ് ലക്‌ഷ്യം കണ്ടെത്തി. ആരാധ്യ പകുതിക്ക് പിരിയുമ്പോൾ 2-0 എന്നായിരുന്നു സ്‌കോർ നില.

രണ്ടാം പകുതി തുടങ്ങിയതോടെ റഷ്യ കൂടുതൽ അക്രമാസക്തമായതോടെ സൗദിയുടെ നില വീണ്ടും പരുങ്ങലിലായി. 70 ആം മിനിറ്റിൽ അർതേം ഡിസ്യുബ പകരക്കരനായി ഇറങ്ങുകയും 71 ആം മിനിറ്റിൽ റഷ്യക്ക് അർഹിച്ച ഗോൾ നേടുകയും ചെയ്തതോടെ റഷ്യ വിജയം ഉറപ്പിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ ആദ്യ മിനുട്ടിൽ മികച്ച ഒരു ഷോട്ടിലൂടെ ചെറിഷേവ് തന്റെ രണ്ടാം ഗോൾ കണ്ടെത്തി സ്‌കോർ നില 4-0 എന്നാക്കി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ ബോക്സിനു പുറത്തു നിന്നും ലഭിച്ച ഫ്രീകിക് ഗോളാക്കി ഗോലോവിൻ അഞ്ചാം ഗോൾ നേടി സൗദിയുടെ പതനം പൂർത്തിയാക്കി. മത്സരത്തിൽ കൂടുതൽ സമയവും പന്ത് കൈവശം വെച്ചിട്ടും ഒരു മികച്ച മുന്നേറ്റം പോലും ഉണ്ടാക്കാൻ സൗദിക്കായില്ല.

NO COMMENTS