നടിയെ ആക്രമിച്ച കേസ് : അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ ചോദ്യം ചെയ്യും

257

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവ്. സോളാര്‍ കേസിലെ വിവാദ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണനെ ചോദ്യം ചെയ്തേക്കും. ഇദ്ദേഹം നിര്‍ണായക വിവരങ്ങള്‍ തന്നോട് പറഞ്ഞതായി നടന്‍ ദിലീപ് മൊഴി നല്‍കിയെന്നാണ് വിവരം. ഗൂഢാലോചന നടക്കുന്നതായി ഫെനി തന്നോട് പറഞ്ഞിരുന്നുവെന്ന് ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തില്‍ ആലുവ പൊലീസ് ക്ലബില്‍ കഴിഞ്ഞ ദിവസം ദിലീപിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ കാര്യം വെളിപ്പെടുത്തിയത്. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് സംശയിക്കുന്നതായി ഫെനി തന്നെയാണ് ദിലീപിനെ വിളിച്ച്‌ അറിയിച്ചത്. ഇക്കാര്യം ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഫെനി ബാലകൃഷ്ണന്‍ തന്നെ സ്ഥിരീകരിച്ചു. ഇതോടെ പൊലീസ് ഫെനി ബാലകൃഷ്ണനെയും കേസില്‍ ചോദ്യം ചെയ്തേക്കും. പള്‍സര്‍ സുനി കീഴടങ്ങാന്‍ സഹായം തേടി ഫെനി ബാലകൃഷ്ണനെ സമീപിച്ചിരുന്നു വെന്നാണ് പുതിയ വെളിപ്പെടുത്തല്‍. മാവേലിക്കര കോടതിയില്‍ കീഴടങ്ങാമെന്നാണ് പള്‍സര്‍ സുനിയോട് പറഞ്ഞത്. എന്നാല്‍ ഞങ്ങള്‍ക്ക് ഒരു മാഡത്തോട് ചോദിക്കാനുണ്ട് എന്ന് പറഞ്ഞ് ഇവര്‍ ഫോണ്‍ കട്ട് ചെയ്തു. ഇതിന് ശേഷം ഇവര്‍ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ദിലീപിനോട് അറിയിച്ചു.

NO COMMENTS