ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രസർക്കാർ മൂന്നംഗ നിരീക്ഷണ സമിതിയെ നിയമിച്ചു

249

യമനിൽ ഐഎസ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി കേന്ദ്രസർക്കാർ മൂന്നംഗ നിരീക്ഷണ സമിതിയെ നിയമിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തിക കാര്യ സെക്രട്ടറി അധ്യക്ഷനായ സമിതി ഇനി ടോം ഉഴുന്നാലിന്റെ മോചനത്തിന് വേണ്ടിയുള്ള നടപടികൾ ഏകോപിപ്പിക്കും.വിദേശകാര്യ മന്ത്രാലയത്തിലെ സാമ്പത്തികകാര്യ സെക്രട്ടറി അമർ സിൻഹ അധ്യക്ഷനും രണ്ട് ജോയിന്റ് സെക്രട്ടറിമാർ അംഗങ്ങളുമായിട്ടുള്ള നിരീക്ഷണ സമിതിയാണ് കേന്ദ്രസർക്കാർ ഫാദർ ടോം ഉഴുന്നാലിന്റെ മോചനത്തിനായി രൂപീകരിച്ചിട്ടുള്ളത്. നേരിട്ട് ബന്ധപ്പെടാൻ ഒരു സർക്കാരില്ലാത്ത യമനിൽ സൗദി, ഇറാൻ, ഒമാൻ എന്നീ രാജ്യങ്ങളിലെ സർക്കാരുമായി ബന്ധപ്പെട്ടാണ് ഫാദർ ഉഴുന്നാലിന്റെ മോചനത്തിനായി സമിതി ശ്രമിക്കുന്നത്. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാനുമായി നിരീക്ഷണ സമിതി ഉടൻ ബന്ധപ്പെടണമെന്ന് എൻഡിഎ ദേശീയ സമിതി അംഗം പി സി തോമസ് സമിതി അധ്യക്ഷൻ അമർ സിൻഹയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബർ 26നാണ് തന്നെ മോചിപ്പിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് യാചിക്കുന്ന ടോം ഉഴുന്നാലിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നത്. ഉഴുന്നാലിന്റെ മോചനത്തിനായി എല്ലാം ചെയ്യുന്നുണ്ടെന്നും യമനിലെ ചില പ്രദേശിക സംഘടനകളുമായിവരെ സർക്കാർ ബന്ധപ്പെട്ടു വരികയാണെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.

NO COMMENTS

LEAVE A REPLY