902 ‘വൈ സെഡ് എഫ് — ആർ ത്രി’ തിരിച്ചുവിളിച്ച് യമഹ

308

ക്ലച്ചിൽ തകരാർ സംശയിച്ച് ഇന്ത്യയിൽ വിറ്റ 902 ‘വൈ സെഡ് എഫ് — ആർ ത്രി’ മോട്ടോർ സൈക്കിളുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ജാപ്പനീസ് നിർമാതാക്കളായ യമഹ തീരുമാനിച്ചു. ഐതിഹാസിക മാനങ്ങളുള്ള ‘വൈ സെഡ് എഫ് — ആർ ത്രി’ ഇന്ത്യയിൽ മികച്ച സ്വീകരണമാണു നേടിയതെന്ന് യമഹ അറിയിച്ചു. എന്നാൽ ക്ലച്ച് പ്രഷർ പ്ലേറ്റ് അസംബ്ലിയുടെയും ഓയിൽ പമ്പ് അസംബ്ലിയുടെയും പ്രവർത്തനവുമായി ബന്ധപ്പെട്ടു ചില തകരാറുകൾ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ജപ്പാനിലെ യമഹ മോട്ടോർ ‘വൈ സെഡ് എഫ് — ആർ ത്രി’ തിരിച്ചുവിളിച്ചു പരിശോധിക്കാൻ തീരുമാനിച്ചത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ബൈക്കുകൾ പരിശോധിക്കുന്നതെന്നു കമ്പനി വിശദീകരിച്ചു.

അതേസമയം, ഈ സുരക്ഷാ തകരാറുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ അപകടങ്ങളൊന്നും സംഭവിച്ചതായി അറിവില്ലെന്നു യമഹ മോട്ടോർ അറിയിച്ചു. എങ്കിലും ചില പ്രൊഡക്ഷൻ നമ്പറുള്ള വാഹനങ്ങളിൽ പിഴവുണ്ടെന്നു കണ്ടെത്തിയ സാഹചര്യത്തിൽ അത്തരം വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി. നിർമാണ തകരാർ സംശയിക്കുന്ന 902 ബൈക്കുകളാണ് ഇന്ത്യയിലുള്ളത്. ഇത്തരം വാഹനങ്ങൾ തിരിച്ചുവിളിച്ച് തകരാർ സംശയിക്കുന്ന യന്ത്രഘടകങ്ങൾ സൗജന്യമായി മാറ്റി നൽകാനാണു യമഹയുടെ തീരുമാനം. രാജ്യത്തെ എല്ലാ അംഗീകൃത ഡീലർമാർ മുഖേനയും വാഹനപരിശോധന നടത്തി പ്രശ്നം പരിഹരിച്ചു നൽകുമെന്നും കമ്പനി വാഗ്ദാനം ചെയ്തു.