നോമ്പ് എന്നാൽ – ഒരു വസ്തുവിനെ വെടിഞ്ഞ് നിൽക്കുക – അല്ലെങ്കിൽ ഉപേക്ഷിക്കുക – അഭയ കേന്ദ്രം

393

ആരാധനകൾ അനുഷ്ഠിക്കൽ അച്ചടക്കത്തിന്റെയും അനുസരണത്തിന്റെയും അടയാളമാണ്.ഒരു വസ്തുവിനെ വെടിഞ്ഞ് നിൽക്കുക – അല്ലെങ്കിൽ ഉപേക്ഷിക്കുക എന്നൊക്കെയാണ് സ്വൗമ് എന്ന പദത്തിൻറെ ഭാഷാർഥം. നോമ്പ് എന്ന് സാധാരണയായി മലയാളത്തിൽ പറയുന്നു.ഇതിൽ നിന്നാണ് സംസാരത്തെ വെടിയുന്നതിന് സ്വൗമ് എന്ന് പ്രയോഗിക്കുന്നത്. صائم എന്നാൽ ഉപവസിക്കുന്നവൻ, വ്രതമനുഷ്ടിക്കുന്നവൻ എന്നൊക്കെയാണ്. സാങ്കേതികമായി സുബ്ഹി ബാങ്ക് (പ്രഭാതം) മുതൽ മുതൽ വൈകീട്ട് മഗ്രിബ് ബാങ്ക് (സൂര്യാസ്തമനം) വരെ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് വ്രതമനുഷ്ടിക്കലാണ് സ്വൌം അഥവാ സ്വിയാം.സ്വൌം -صوم- എന്ന അറബി പദം വ്രതം, ഉപവാസം എന്നൊക്കെ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നു.

ഓരോ ആരാധനയിലൂടെയും വ്യക്തിയെ അച്ചടക്കവും ജീവിത വിശുദ്ധിയും കൈവരിക്കാനുള്ള പരിശീലനമാണ് നൽകപ്പെടുന്നത്. അതു കേവലം ചടങ്ങല്ല മറിച്ച് ജീവതത്തിലുടനീളം കാത്തു സൂക്ഷിക്കേണ്ട സത്യസന്ധതയും, സ്വഭാവ മഹിമയും, സമർപ്പണ ബോധവും പ്രവർത്തന നിരതയും കാത്തു സൂക്ഷിക്കാനുതകുന്ന ആത്മീയ ഊര്ജ്ജമാണ്. പ്രപഞ്ച നാഥന്റെ നിശ്ചയമാണ് സമയ ബന്ധിതമായി വിശ്വാസികൾക്ക് നിർണയിക്കപ്പെട്ട ആരാധനകൾ. മനുഷ്യനും സ്രഷ്ടാവും തമ്മിലുള്ള ആത്മ ബന്ധത്തിൽ നിന്നാണ് ആരാധനകൾ അനുഷ്ടിക്കപ്പെടേണ്ടത്. ദിവസേന അഞ്ചു നേരമുള്ള നിസ്കാരവും, റമദാൻ മാസം മുഴുവനുമുള്ള വ്രതവും, സമ്പത്തിൽ മിച്ചമുണ്ടാകുമ്പോൾ സകാത്തും, സാദ്ധ്യമായാൽ ജീവിതത്തിലൊരിക്കൽ ഹജ്ജും വിശ്വാസികൾക്ക് നിർബന്ധമാക്കി. അങ്ങിനെ വിശ്വാസിയുടെ മാനസിക, ശാരീരിക, സാമൂഹിക, സാമ്പത്തിക ജീവതത്തിലെ വിശുദ്ധി കൈവരിക്കണമെന്നാണ് ഇത്തരം വ്യത്യസ്ത രൂപത്തിലുള്ള ആരാധനകൾ അനുഷ്ടിക്കുന്നതിലൂടെ ഇസ്‌ലാം ലക്‌ഷ്യം വെക്കുന്നത്.മനുഷ്യരുടെ മാർഗ ദർശനത്തിനായി നൽകപ്പെട്ട അവസാനത്തെ വേദ ഗ്രന്ഥം, വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് റമദാൻ. ദൈവിക വിളിക്കുത്തരമായി പകലിലെ അന്ന പാനീയങ്ങളും, വൈകാരികാസ്വാദനങ്ങളും ഉപേക്ഷിച്ചു കൊണ്ട് രാത്രികാലങ്ങളിൽ പ്രാർഥനയിലും ആരാധനയിലും കൂടുതൽ മുഴുകി ഒരു മാസം മുഴുവനായും വിശ്വാസി ലോകം വ്രതമനുഷ്ഠിക്കുന്നു.

ആരാധനകളും, സൽക്കർമ്മങ്ങളും, പരക്ഷേമ പരതയും, ദാന ധർമങ്ങളും വർധിപ്പിച്ച് തെറ്റായ വാക്കുകളിൽനിന്നും പ്രവർത്തികളിൽ നിന്നും അകലം പാലിച്ച് വ്രത മനുഷ്ടിക്കുന്നതോടെ ഖുർആന്റെ അദ്ധ്യാപനങ്ങൾക്ക് പ്രായോഗികതയുടെ പൂർണ്ണത നൽകി ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന ഒരു ദൈവിക പരിശീലനത്തിന് വിധേയമാകുകയാണ് വിശ്വാസി സമൂഹം. ഭൗതികതയുടെ സൗകര്യങ്ങളിൽ ധാർമ്മിക മൂല്ല്യങ്ങളും ദൈവികാദ്ധ്യാപനങ്ങളും മറന്നു പോകാനിടയുള്ള മനുഷ്യനെ വിശപ്പും ദാഹവും അനുഭവിപ്പിച്ചു കൊണ്ട് പൈശാചിക പ്രേരണകളുടെ വഴികൾ അടച്ചു തന്റെ സഹജീവികളുമായി അടുക്കാനും ഉള്ളത് അവരുമായി പങ്കുവെക്കാനും മനുഷ്യനെ ഓർമ്മിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന മാസമാണ് റമദാൻ. താൻ കഷ്ടപ്പെട്ട് സമ്പാദിച്ചതിൽ അഗതിക്കും അശരണനും അവകാശമുണ്ടെന്ന ഇസ്ലാമിക പാഠം ലോക മുസ്ലീംകൾ ഏറ്റവും ഭംഗിയായി പ്രാവർത്തികമാക്കുന്ന മാസം കൂടിയാണ് റമദാൻ.വർഷത്തിൽ ഒരു മാസം – ഇസ്ലാമിക കലണ്ടറായ ഹിജ്റ വർഷ പ്രകാരം ഒൻപതാം മാസമായ റമദാൻ മാസത്തിലാണ് – വിശ്വാസികൾ വ്രതമെടുക്കേണ്ടതുണ്ട്. റമദാൻ മാസത്തിലെ വ്രതം വിശ്വാസികൾക്ക് നിർബന്ധ ബാദ്ധ്യതയാണ്. രോഗി, പ്രായ പൂർത്തിയാകാത്ത കുട്ടികൾ, ബുദ്ധി ഭ്രമം സംഭവിച്ചവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അവശരായ വൃദ്ധർ, യാത്രക്കാർ എന്നിവർ ഒഴികെ എല്ലാവർക്കുമത് നിർബന്ധമാണ്.

സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ദോഷബാധയെ സൂക്ഷിക്കുവാൻ വേണ്ടിയത്രെ അത്. (ഖുർആൻ 2:183)
എണ്ണപ്പെട്ട ഏതാനും ദിവസങ്ങളിൽ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താൽ മറ്റു ദിവസങ്ങളിൽ നിന്ന് അത്രയും എണ്ണം നോമ്പെടുക്കേണ്ടതാണ്. ഞെരുങ്ങിക്കൊണ്ട് മാത്രം അതിന്നു സാധിക്കുന്നവർ പകരം ഒരു പാവപ്പെട്ടവന്നുള്ള ഭക്ഷണം പ്രായശ്ചിത്തമായി നൽകേണ്ടതാണ്. എന്നാൽ ആരെങ്കിലും സ്വയം സന്നദ്ധനായി കൂടുതൽ നൻമചെയ്താൽ അതവന്ന് ഗുണകരമാകുന്നു.നിങ്ങൾ കാര്യം ഗ്രഹിക്കുന്നവരാണെങ്കിൽ നോമ്പനുഷ്ഠിക്കുന്നതാകുന്നു നിങ്ങൾക്ക് കൂടുതൽ ഉത്തമം.(ഖുർആൻ 2:184) ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാൻ. അതു കൊണ്ട് നിങ്ങളിൽ ആർ ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്.

ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം നോമ്പെടുക്കേണ്ടതാണ്. നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നിന്റെ പേരിൽ അല്ലാഹുവിൻറെ മഹത്ത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ
ഇങ്ങനെ കൽപിച്ചിട്ടുള്ളത്. (ഖുർആൻ 2:185) ഒരു മാസം നീണ്ടു നിൽക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാർമ്മിക-ആത്മീയ ഊർജ്ജം കൈവരിക്കുന്നതായിരിക്കണം. കഴിഞ്ഞ കാലങ്ങളിൽ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു ഒരു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറണം. ആ മാറ്റം ലോകജനതക്ക് അനുഭവിക്കാൻ സാദ്ധ്യമാകണം. അരുതായ്മകളിൽ നിന്നും അധാർമ്മികതയിൽ നിന്നും മനുഷ്യനെ തടയാൻ അവൻ ആർജിച്ച അദൃശ്യമായ ദൈവിക ബോധത്തോളം ശക്തമായ മറ്റൊന്നുമില്ല.. അങ്ങിനെ ആരാധനയിലൂടെ സ്നേഹത്തിന്റെയും സഹവർതിത്വത്തിന്റെയും ധാർമികതയുടെയും ഒരു ലോകം ഉണ്ടാകണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. ആ മനുഷ്യനെയും സമൂഹത്തെയും രൂപപ്പെടുത്താനാണ് വിശുദ്ധ ഖുർആൻ അവതീർണ്ണമായ റമദാൻ മാസത്തിലെ വ്രതം കൊണ്ട് പ്രപഞ്ച സ്രഷ്ടാവ് ഉദ്ദേശിച്ചത് .അഭയ കേന്ദ്രം – കേന്ദ്രം നഗർ – പട്ടം – മെഡിക്കൽ കോളേജ് തിരുവനന്തപുരം 695 004

നിർധനരായ രോഗികൾക്കും പരിചാരകർക്കും സൗജന്യ താമസവും ഭക്ഷണവും നൽകുന്ന ഒരു മഹത് സ്ഥാപനമാണ് അഭയ കേന്ദ്രം . ആംബുലൻസ് – മോർച്ചറി സർവീസുകൾ ലഭ്യമാണ്.

ചെയർമാൻ – എൻ .എം .അൻസാരി ജന :സെക്രട്ടറി – ഡോ എസ്. സുലൈമാൻ

NO COMMENTS