രണ്ടായിരം രൂപയുടെ കളര്‍പ്രിന്‍റ് നല്‍കി സാധനങ്ങള്‍ വാങ്ങിയ വിദ്യാര്‍ഥിനി പിടിയില്‍

176

തൃശൂര്‍: രണ്ടായിരം രൂപയുടെ കളര്‍പ്രിന്‍റ് നല്‍കി സാധനങ്ങള്‍ വാങ്ങുകയും മറ്റൊരു കടയില്‍ നല്‍കാന്‍ ശ്രമിക്കുകയും ചെയ്ത വിദ്യാര്‍ഥിനി പിടിയില്‍. പൊന്നാനിയിലെ ഒരു സ്കൂളിലെ എട്ടാം ക്ളാസ് വിദ്യാര്‍ഥിയും വെളിയങ്കോട് സ്വദേശിയുമായ കുട്ടിയാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. മന്ദലാംകുന്ന് കിണറിനു സമീപത്തെ അല്‍റീം ഫാന്‍സി ഷോപ്പിലത്തെിയ പെണ്‍കുട്ടി 500 രൂപയുടെ സാധനങ്ങള്‍ വാങ്ങി കടയുടമ ഹുസൈന് 2000 രൂപ നോട്ട് നല്‍കി. ഇദ്ദേഹം 1500 രൂപ തിരിച്ചു നല്‍കുകയും ചെയ്തു. പിന്നീട് സമീപത്തെ മാക്സി ഷോപ്പില്‍ കയറി രണ്ട് മാക്സി വാങ്ങി രണ്ടായിരത്തിന്‍റെ കളര്‍പ്രിന്‍റ് നല്‍കി. എന്നാല്‍ സംശയം തോന്നിയ കടയുടമയായ യുവതി പൊലീസിനെ വിവരം അറിയിച്ചു. ഇതിനിടെ ആദ്യം നോട്ട് ലഭിച്ച ഹുസൈന്‍ ആ നോട്ട് മറ്റൊരു കടയില്‍ കൊടുത്തപ്പോഴാണ് വ്യാജനാണെന്ന് അറിഞ്ഞത്. നോട്ട് രണ്ട് വശവും പ്രിന്‍റ് ചെയ്തത് തലതിരിഞ്ഞ നിലയിലായിരുന്നു. ഇത് കടയുടമ ശ്രദ്ധിച്ചിരുന്നില്ല. നോട്ട് തന്ന ആളെ അന്വേഷിക്കുമ്ബോഴാണ് പെണ്‍കുട്ടി പിടിയിലായ വിവരം അറിയുന്നത്. എന്നാല്‍ വെളിയങ്കോട് അങ്ങാടിയിലെ ഒരു കമ്ബ്യൂട്ടര്‍ സെന്‍ററില്‍ നിന്നാണ് തനിക്ക് നോട്ട് കിട്ടിയതെന്നായിരുന്നു പെണ്‍കുട്ടി പൊലീസിന് ആദ്യം നല്‍കിയ മൊഴി. തുടര്‍ന്ന് കട ഉടമയായ യുവാവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മൊഴിമാറ്റി. തന്‍റെ വീട്ടില്‍ നിന്നാണ് നോട്ട് പ്രിന്‍റ് ചെയ്തതെന്നായി കുട്ടി. ഇതനുസരിച്ച്‌ പൊലീസ് വീട്ടില്‍ പരിശോധന നടത്തുന്നുണ്ട്. കമ്ബ്യൂട്ടര്‍ കട ഉടമ നിരപരാധിയാണെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ് പൊലീസ്.