കണ്ണേ മടങ്ങുക

387

ജില്ലാ ആശുപത്രിയിൽ നിന്നും ഒരു അന്വേഷണം നടത്തി തിരികെ പോകുന്ന സമയത്താണ് വീണ്ടും അങ്ങോട്ടേയ്ക്ക് ചെല്ലാൻ ഫോൺ കാൾ വരുന്നത്. മയ്യനാട് ഗവ. സ്കൂളിൽ നടത്തിയ അന്വേഷണം വേഗം പൂർത്തിയാക്കി അവിടേയ്ക്കു മടങ്ങിച്ചെല്ലാൻ ഒരു കാരണമുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥരും ശിശു ക്ഷേമ സമിതിയിലെ ഉദ്യോഗസ്ഥരുമുൾപ്പെടെ ജില്ലയിലെ ശിശു സംരക്ഷണ ഉദ്യോഗസ്ഥരെല്ലാം അവിടെ കൂടിയിരിയ്ക്കുന്നത് അവൾക്കു വേണ്ടിയാണ്. ജില്ലാ ആശുപത്രിയിൽ കുട്ടികളുടെ വിഭാഗത്തിനടുത്തുള്ള വാർഡിൽ വെളുത്ത കട്ടികുറഞ്ഞ തുണിയിൽ അവൾ നിദ്രയിലാണ്. എന്നാൽ എന്നത്തേയും പോലെ പകലുറക്കത്തിൽ നിന്നും ഞെട്ടിയുണർന്നു പാൽകുപ്പിയ്ക്കു വേണ്ടി ഇനി അവൾ ഉറക്കെ കരയില്ല.

ഞങ്ങളുടെ കരവലയത്തിൽ നിന്നും എന്നന്നേയ്ക്കുമായി അവൾ നീന്തിയകന്നു. വെറും നാലു മാസം നീണ്ട ഭൂമിയിലെ ജീവിതത്തിൽ, ഉറക്കത്തിൽ നിന്നും അവൾ പലപ്പോഴും ഞെട്ടിയുണർന്നത് അമ്മയും അച്ഛനും തമ്മിൽ പരസ്പരം ആക്രോശിയ്ക്കുന്നതു കേട്ടാണ്.ന്യുമോണിയ ബാധിച്ചു ഒരു മാസം മുമ്പ് അവളുടെ അമ്മ എന്നത്തേയ്ക്കുമായി അവളെയും അച്ഛനെയും ഉപേക്ഷിച്ചു പോയപ്പോഴും അവൾ നിദ്രയിലായിരുന്നു. അമ്മിഞ്ഞപ്പാൽ വറ്റിയ ചുണ്ടുകൾ അപ്പോഴും നുണഞ്ഞു നനുത്ത പ്രതീക്ഷകളെ അയവിറക്കിയിരിയ്ക്കണം. അമ്മയുടെ അസുഖം മാറി,അച്ഛനും അമ്മയ്ക്കുമൊപ്പം പുതിയ വീട്ടിൽ ഒരുമിച്ചു താമസിയ്ക്കുന്നതും,അച്ഛന്റെ താരാട്ടുപാട്ടിൽ അമ്മയുടെ മാറത്തെ ചൂടിൽ, ഒട്ടികിടന്നു സ്വപ്‌നങ്ങൾ കാണുന്നതും ഇനി കിനാവുകൾ മാത്രമായി അവശേഷിയ്ക്കും. അണുബാധ വർദ്ധിച്ചത് മൂലം കുട്ടികൾക്കുണ്ടാകുന്ന സെപ്റ്റിക് ഷോക്ക് എന്ന ശാരീരിക അവസ്ഥ കാരണം ശിശു ക്ഷേമ സമിതിയിലെ താമസക്കാരിയായ ഞങ്ങളുടെ മകൾ രൂപിക ഈ മാസം അഞ്ചാം തീയതി എന്നന്നേയ്ക്കുമായി ഞങ്ങളെ വിട്ടു പിരിഞ്ഞു. ദാമ്പത്യ പ്രശ്നങ്ങൾ കാരണം പോരടിയ്ക്കുന്ന മാതാപിതാക്കളുടെ കുടുംബം കുട്ടിയുടെ സംരക്ഷണ കാര്യത്തിൽ പരസ്പരം കുറ്റാരോപണങ്ങൾ നടത്തിയപ്പോൾ കൊല്ലം ചൈൽഡ് വെൽഫെയർ കമ്മിറ്റി അവളെ ഏറ്റെടുക്കുകയായിരുന്നു.

എന്നാൽ അവരുടെ വടംവലിയിൽ നിന്നും ജന്മം നൽകിയ ദൈവം തന്നെ അവളെ തിരിച്ചെടുക്കുമ്പോൾ ആ കുഞ്ഞു മാലാഖ എന്റെ കൂടി നഷ്ടമായത് അവളുടെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം കൊടുക്കാൻ ഓഫീസിൽ നിന്നും നിയോഗിയ്ക്കപ്പെട്ടപ്പോഴാണ്. CWC അംഗങ്ങൾ അവരുടെ തിരക്കുകളിലേയ്ക്കും ശിശുസമിതിയിലെ ഉദ്യോഗസ്ഥർ പോലീസ് സ്റ്റേഷനിലേയ്ക്കും പോയ ഘട്ടത്തിൽ വാർഡിൽ ഞാനും ശിശുക്ഷേമ സമിതിയിലെ രണ്ടു സ്റ്റാഫുകളും മാത്രം ബാക്കിയായി. ഞങ്ങളിരിയ്ക്കുന്ന ബെഡിനു തൊട്ടടുത്തായി അവൾ നിദ്ര കൊണ്ടു. എന്നാൽ എല്ലാ സമയത്തെയും പോലെ അവൾ സ്വപ്നങ്ങൾ കാണുകയല്ല. മരണ സമയത്തും തുറന്നിരുന്ന കണ്ണുകൾ ഇനിയും അടഞ്ഞിട്ടില്ല. ജീവിതത്തെ കുറിച്ചുള്ള പ്രത്യാശകൾ ഇപ്പോഴും അവയിൽ സ്ഫുരിയ്ക്കുന്നതു പോലെ. അമ്മിഞ്ഞപ്പാൽ വറ്റാത്ത ചുണ്ടുകൾ വിളറി വെളുത്തു. കുഞ്ഞു നാസാരന്ദ്രങ്ങളിൽ നിന്നും പൊടിഞ്ഞ ചോര തുള്ളികൾ അവയ്ക്കു മേൽ പറ്റിപിടിച്ചു ചുമന്നു. അമ്മയുടെ അസുഖം കുട്ടിയിലേയ്ക്കും പടർന്നിരിയ്ക്കാം. അവർ ഹാജരാക്കിയ മെഡിക്കൽ രേഖകളിൽ എവിടെയും കുട്ടിയ്ക്ക് ന്യുമോണിയ സ്ഥിരീകരിച്ചതായി കണ്ടില്ല. ഡയറിയതും ചുമയും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാലും വളരെ പെട്ടെന്ന് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ അവൾ പോയി. ഇനി തിരികെ വരില്ലെങ്കിലും ആ ആശുപത്രി കിടയ്ക്കക്കരികിലെ ഞങ്ങളുടെ കാത്തിരിപ്പ് അവൾക്കു വേണ്ടിയാണെന്നു തോന്നിപ്പോയി.

കുറച്ചു നേരത്തിനു ശേഷം ആശുപത്രി ഉദ്യോഗസ്ഥർ ഞങ്ങളുടെ അടുത്തു വന്നു കുട്ടിയെ മോർച്ചറിയിലേക്ക് ആക്കുന്നതിനെ പറ്റി സംസാരിച്ചു. ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നും മോർച്ചറിയിലേക്കുള്ള അവളെയും കയ്യിലെടുത്തുള്ള യാത്ര മനസ്സിലുണർത്തിയത് ശിശു സംരക്ഷണ മേഖലയിൽ ജോലി ചെയ്ത കഴിഞ്ഞ നാലു വർഷങ്ങൾ പതിപ്പിച്ച ഓർമ്മ ചിത്രങ്ങളായിരുന്നു. ജന്മ നാടായ കൊല്ലത്തിന്റെ വിവിധ കോണുകളിൽ നിന്നും എന്റെ മുമ്പിൽ വന്നുപോയ അനേകം കുഞ്ഞു മുഖങ്ങൾ. സംരക്ഷണം നൽകേണ്ട വ്യക്തികളിൽ നിന്നു തന്നെ സംരക്ഷണം വേണ്ടി വന്നവർ,മാതാപിതാക്കൾ തമ്മിലുള്ള വടംവലിയ്ക്കിടയിൽ പെട്ട് മാനസിക പിരിമുറുക്കം അനുഭവിച്ചവർ,ലൈംഗികമായും ശാരീരികമായും പീഡനങ്ങൾ അനുഭവിച്ചവർ, ആവശ്യമായ ഭക്ഷണവും ആരോഗ്യ സംവിധാനങ്ങളും, ശ്രദ്ധയും ലഭിയ്ക്കാതെ ജീവിതം ഹോമിയ്ക്കപ്പെട്ട കുരുന്നുകൾ.അവർക്കിടയിലേക്ക് കുഞ്ഞു മകൾ രൂപികയും. വിടരും മുമ്പേ പൊഴിയാൻ വിധിയ്ക്കപ്പെട്ട കുഞ്ഞു മാലാഖ,

ശിശു സംരക്ഷണ മേഖലയിൽ DCPU കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ എത്തി നിൽക്കേ നിന്റെ പിഞ്ചു ശരീരവും വഹിച്ചു മോർച്ചറിയുടെ വാതിലിൽ കാത്തു നിൽക്കാൻ വിധിയ്ക്കപ്പെട്ട എന്റെ മനസ്സ് ഇടറിയത് വെറുതെയല്ല. ഈ അവസാന നിമിഷത്തിലെങ്കിലും ഞെട്ടിയുണർന്നു കരഞ്ഞു ജീവന്റെ ലോകത്തേയ്ക്ക് നീ തിരിച്ചു വരുമെന്ന പ്രതീക്ഷയിലായിരുന്നു ഞാൻ.ആ നിമിഷത്തിൽ നിന്നെ വാരിപ്പുണരാൻ വിറകൊണ്ട എന്റെ കൈകൾ നിന്നെ മോർച്ചറിയിലേക്ക് കൈമാറിയപ്പോൾ ഈ പൊരിവെയിലത്തും അറിയാതെ തണുത്തുറഞ്ഞു.

മനസ്സിന്റെ ഉള്ളറകൾ മുഴുവൻ നിന്നെ കുറിച്ചുള്ള ചിന്തകൾ ഘനീഭവിച്ചു കിടന്ന ആ പകൽ ഇരുട്ടി വെളുത്ത ദിവസം തുടർന്ന മോർച്ചറിയ്ക്കു പുറത്തുള്ള കാത്തിരിപ്പ്, ഏകദേശം ഉച്ചയായപ്പോൾ അവസാനിച്ചു.മരണാന്തര കർമ്മങ്ങൾക്കായി അവളുടെ വീട്ടിലേയ്ക്കുള്ള യാത്രയിൽ ആംബുലസിന്റെ മുൻസീറ്റിൽ ഇരിയ്ക്കുമ്പോഴാണ് തൊടുപുഴയിൽ കടുത്ത ശാരീരിക പീഡനത്തിന് ഇരയായ കുട്ടി മരണത്തിനു കീഴടങ്ങിയ വാർത്ത അറിയുന്നത്. സാമൂഹ്യ മാധ്യമങ്ങളും പത്രമാസികകളും അവനെ കുറിച്ചുള്ള വാർത്തകൾ കൊണ്ടു വീർപ്പു മുട്ടുമ്പോഴും ഇതൊന്നുമറിയാതെ ആംബുലൻസിന്റെ പിറകിൽ ഒരു മൂലയ്ക്ക് അമ്മൂമ്മ വാങ്ങിത്തന്ന ഫ്രില്ലുകൾ പതിപ്പിച്ച കുഞ്ഞു ഫ്രോക്കിനുള്ളിൽ അവൾ…….ഒരു മാധ്യമങ്ങളും നിന്റെ വിടവാങ്ങൽ അറിഞ്ഞില്ല. ആരും നിനക്കുവേണ്ടി പോസ്റ്റുകൾ ഷെയർ ചെയ്തില്ല.

ഹാഷ് ടാഗുകളും മെഴുതിരി യാത്രകളും നടത്തിയില്ല. ആദരാഞ്ജലികൾ അർപ്പിച്ചില്ല, ചാനൽ ചർച്ചയും ദുഃഖാചരണവും നടത്തിയില്ല.ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഫയലിൽ ഉറങ്ങുന്ന ഒരു വെള്ള തുണ്ട് പേപ്പറിൽ നിന്റെ ഓർമ്മകൾ അവസാനിയ്ക്കും. ഒരു മാസം മുമ്പ് നിന്റെ കുഞ്ഞുകൈകൾ വേർപെടുത്തി കൊണ്ടുപോയ അമ്മയുടെ ശരീരത്തിന് അരികെ നീ ഉറങ്ങും. ജോലി ചെയ്യുന്ന പ്രദേശത്തെ ഓരോ കുട്ടിയുടെയും പിതൃ സ്ഥാനത്തു അവരോധിയ്ക്കപ്പെടുന്ന ഈ തൊഴിൽ രംഗത്തു നിന്നു, നിന്നെ ആശുപത്രിയിൽ നിന്നും ഏറ്റു വാങ്ങുന്ന രജിസ്റ്ററിൽ പതിഞ്ഞ എന്റെ കയ്യൊപ്പ് ഔദ്യോഗിക കൃത്യം എന്നതിലുപരി ഒരു അച്ഛന്റെ/അമ്മയുടെ കടമ തന്നെയാകുന്നു. മകളെ മടങ്ങുക.എന്റെ ഹൃദയത്തിൽ നിന്നും ചീന്തി എടുത്ത ഒരു ഏടായി ഈ വാക്കുകൾ നിനക്കായി സമർപ്പിയ്ക്കട്ടെ. ആരാലും ഷെയർ ചെയ്യപ്പെടാത്ത നിന്റെ ജീവിതകഥ മുഖപുസ്തകത്തിന്റെ ഈ കോണിൽ കിടക്കട്ടെ.

രൂപിക ഈ നാടിന്റെ പുത്രി.നാടിനെ ദുഖത്തിലാഴ്ത്തിയ തൊടുപുഴയിലെ സംഭവത്തെപ്പോലെ ശിഥിലമായ കുടുംബബന്ധങ്ങൾ തച്ചുടച്ച കുഞ്ഞു ജീവൻ. നമ്മെ വിട്ടു പിരിഞ്ഞ അവളുടെ ഓർമ്മയ്ക്കു മുൻപിൽ അശ്രുപുഷ്പങ്ങൾ അർപ്പിയ്ക്കാം. അറിയട്ടെ അവളുടെ കഥയും ഈ ലോകം മുഖപുസ്തകത്തിലെ പങ്കുവയ്ക്കലുകളിലൂടെ

ദീപക്.എസ്
പ്രൊട്ടക്ഷൻ ഓഫീസർ (IC)
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്
കൊല്ലം.

NO COMMENTS