ചെലവു നിരീക്ഷകരെത്തി: തെരഞ്ഞെടുപ്പു ചെലവുകൾ കർശന നിരീക്ഷണത്തിലാക്കാൻ നിർദേശം

19

തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ ചെലവുകൾ നിരീക്ഷിക്കുന്ന തിനു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച നിരീക്ഷകർ ജില്ലയിൽ പ്രവർത്തനം തുടങ്ങി. ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി നാലു നിരീക്ഷകരെയാണു നിയോഗിച്ചിരിക്കുന്നത്. ഇന്നലെ (13 മാർച്ച്) ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസയുമായി ഇവർ പ്രാരംഭ ഘട്ട വിലയിരുത്തൽ നടത്തി. തെരഞ്ഞെടുപ്പു ചെലവു നിരീക്ഷണത്തിനു ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്ന തയാറെടുപ്പുകളിൽ തൃപ്തി രേഖപ്പെടുത്തിയ സംഘം, പ്രചാരണമടക്കം തെരഞ്ഞെടുപ്പിന്റെ മുഴുവൻ ഘട്ടങ്ങളും കർശന നിരീക്ഷണത്തിനു വിധേയമാക്കാൻ നിർദേശം നൽകി.

നിയോജക മണ്ഡലാടിസ്ഥാനത്തിലാണ് ഓരോ നിരീക്ഷകനും തെരഞ്ഞെടുപ്പു ചെലവു സംബന്ധിച്ച പരിശോധന നടത്തുക. വർക്കല, ആറ്റിങ്ങൽ, ചിറയിൻകീഴ് മണ്ഡലങ്ങളുടെ നിരീക്ഷക സംഗീത യാദവ് ആണ്. നെടുമങ്ങാട്, വാമനപുരം, അരുവിക്കര മണ്ഡലങ്ങളിൽ പ്രേം പ്രകാശ് മീണയേയും കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം മണ്ഡലങ്ങളിൽ ദിനേശ് ബാദ്ഗുജാറിനേയും പാറശാല, കാട്ടാക്കട, കോവളം, നെയ്യാറ്റിൻകര മണ്ഡലങ്ങളിൽ ലക്ഷ്മൺ സിങ് ഗുജാറിനെയുമാണ് ചെലവു നിരീക്ഷകരായി തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ചിരിക്കുന്നത്.

ജില്ലയിലെ എല്ലാ അതിർത്തി ചെക്ക് പോസ്റ്റുകളിലും സി.സി.ടി.വി സ്ഥാപിക്കാൻ ഇന്നലെ ചേർന്ന അവലോകന യോഗത്തിൽ സംഘം കളക്ടർക്കു നിർദേശം നൽകി. മദ്യം, മയക്കുമരുന്ന്, പണം ഉൾപ്പടെയുള്ളവ അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാഹചര്യമുള്ള പ്രദേശങ്ങളിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള സജ്ജീകരണങ്ങൾ സംഘം വിലയിരുത്തി. ക്രമസമാധാന പാലനവുമായി ബന്ധപ്പെട്ടു പൊലീസ് ഏർപ്പെടുത്തിയ ക്രമീകരണങ്ങളും പെരുമാറ്റച്ചട്ടം പാലിക്കുന്നതു സംബന്ധിച്ച ക്രമീകരണങ്ങളും ചോദിച്ചറിഞ്ഞു.

കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവി (റൂറൽ) പി.കെ. മധു, ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണർ വിനയ് ഗോയൽ, തെരഞ്ഞെടുപ്പു വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.ആർ. അഹമ്മദ് കബീർ, ബന്ധപ്പെട്ടമ വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

NO COMMENTS