ഇ വി എം – വി വി പാറ്റ് നിരീക്ഷകന്‍ പ്രാഥമിക പരിശോധന നടത്തി – ജില്ലയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളില്‍ സംതൃപ്തി

11

കാസര്‍കോട് : തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇവിഎം-വിവിപാറ്റ് നിരീക്ഷകന്‍ വി. രാഘവേന്ദ്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍, വിവിപാറ്റ് എന്നിവയുടെ പ്രാഥമിക പരിശോധന നടത്തി. ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവിനൊപ്പം സിവില്‍ സ്‌റ്റേഷനിലെ ഇവിഎം വെയര്‍ ഹൗസിലെത്തിയ നിരീക്ഷകന്‍ ഇവിഎം പരിശോധന നടത്തുന്ന ഭാരത് ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിന്റെ എന്‍ജിനീയര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

വെയര്‍ ഹൗസിലെ തെരഞ്ഞെടുത്ത ഇവിഎം, വിവിപാറ്റ് എന്നിവയുടെ പരിശോധനയും നടത്തി. വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂനിറ്റ്, ബാലറ്റ് യൂനിറ്റ് എന്നിവ അഴിച്ചെടുത്ത് പരിശോധിച്ചു. വെയര്‍ ഹൗസിലെ ഫയര്‍ എക്‌സ്റ്റിംഗ്വിഷര്‍ സംവിധാനവും പരിശോധിച്ചു. ജില്ലയിലെ ഇവിഎം-വിവിപാറ്റ് പ്രാഥമിക പരിശോധനകളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ഇവിഎം പരിശോധന വേഗത്തിലാക്കാന്‍ കാസര്‍കോട് ജില്ലയിലേക്ക് കൂടുതല്‍ എന്‍ജിനീയര്‍മാരെ അനുവദിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

കര്‍ണാടക ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസറായ രാഘവേന്ദ്ര ഇവിഎം സാങ്കേതിക വിദഗ്ധന്‍ കൂടിയാണ്. ജില്ലാ കളക്ടറുമായി കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് വെയര്‍ ഹൗസ് സന്ദര്‍ശിച്ചത്. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ.കെ. രമേന്ദ്രനും നിരീക്ഷകനെ അനുഗമിച്ചു.

NO COMMENTS