സംസ്ഥാനത്ത് ഇന്റർനാഷണൽ ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്റർ ആരംഭിക്കുന്നു

155

തിരുവനന്തപുരം : മോട്ടോർ വാഹന വകുപ്പിന് കീഴിൽ സംസ്ഥാനത്തെ ഇന്റർനാഷണൽ ഡ്രൈവിംഗ് ടെസ്റ്റിംഗ് ട്രാക്ക് കം ഡ്രൈവർ കോച്ചിംങ് സെന്റർ ഉടൻ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. പദ്ധതിയ്ക്ക് 35.42 കോടി രൂപയുടെ ഭരണാനുതി ലഭിച്ചു. ടെസ്റ്റിംഗ് ട്രാക്ക് യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തിന് പുറത്ത് ജോലി തേടി പോകുന്നവർക്ക് അനായാസമായി ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനുള്ള സൗകര്യം ലഭികും. മലപ്പുറത്ത് 30 ഏക്കർ സ്ഥലത്താണ് പുതിയ ഇന്റർനാഷണൽ ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്റർ നിർമ്മിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

2017 സെപ്തംബറിൽ കേരള സന്ദർശനത്തിനെത്തിയെ എമിറേറ്റ്‌സ് ഓഫ് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുമായി നടത്തിയ ചർച്ചയിൽ ഷാർജയിലെ നിമയവ്യവസ്ഥയ്ക്കും അന്തർദേശീയ നിലവാരത്തിലും കേരളത്തിൽ ഒരു ഇന്റർനാഷണൽ ഡ്രൈവിംഗ് കോച്ചിംഗ് സെന്റർ ആരംഭി ക്കുന്നതിന് തത്വത്തിൽ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വകുപ്പ് നടത്തിയ പഠനത്തിൽ ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വാഹനം ഓടിക്കുന്നതിനുള്ള ലൈസൻസ് അനായാസമായി ലഭിക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കുന്ന തരത്തിലുള്ള പരിശീലനം ലഭ്യമാക്കാൻ തീരുമാനിക്കുകയായിരുന്നു. പുതിയ സെന്ററിൽ തിയറി, ട്രെയിനിംഗ് ക്ലാസ് റൂമുകൾ, ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനുള്ള ട്രാക്ക്, അന്തരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്നതിനായി വാഹന യാർഡ്, ഗ്യാരേജ് പാർക്കിംഗ്, പാരലൽ പാർക്കിംഗ് തുടങ്ങിയവും റോഡ് ടെസ്റ്റിന്റെ ഭാഗമായി യു ടേൺ, റൗണ്ട് എബൗട്ട്, 6 ട്രാക്ക് ലൈൻ തുടങ്ങിയവയും നിർമ്മിക്കും.

ടെസ്റ്റിംഗ് സെന്ററിനായി അന്താരാഷ്ട്ര നിലവാരമുള്ള ക്ലാസ് മുറികൾ സജ്ജീകരിക്കുന്നതിനായി മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് & റിസർച്ചിൽ(ഐ.ഡി.ടി.ആർ) നിലവിലുള്ള സംവിധാനം പരിഷ്‌ക്കരിക്കും. ട്രാക്ക്, യാർഡ്, റോഡ് ടെസ്റ്റ് എന്നിവ നടത്തുന്നതിനായി INKEL Ltd ഉടമസ്ഥതയിലുള്ള 30 ഏക്കർ സ്ഥലമാണ് വകുപ്പ് കണ്ടെത്തിയിട്ടുള്ളത്.

ഗവൺമെന്റ് ഓഫ് എമിറേറ്റ്‌സ് ഷാർജയുടെ സഹായത്തോടെ ലെഫ്റ്റ് ഹാൻഡ് ഡ്രൈവിംഗ് ലൈസൻസ് ഇവിടെ പരിശീലനം നേടുന്നവർക്ക് നൽകുന്നതിനും, ഓവർസീസ് ഡെവലപ്‌മെന്റ് & എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്‌സ് (ODEPEC), നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ( NSDC), മറ്റ് വിദേശ തൊഴിൽ ദാതാക്കൾ തുടങ്ങിയവ മുഖാന്തരം ജോലി ലഭിക്കുന്നതിനുള്ള റിക്രൂട്ടിംഗ് സഹായം നൽകുന്നതിനും പുതിയ ഇന്റർനാഷണൽ ഡ്രൈവിംഗ് സെന്റർ വഴി സാധിക്കുമെന്ന് കരുതുന്നു. കേരളത്തിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്കും ലെഫ്റ്റ് ഹാൻഡ് ഡ്രൈവിംഗ് ഉള്ള മറ്റ് രാജ്യങ്ങളിലേക്കും ഡ്രൈവിംഗ് ജോലി തേടി പോകുന്നവർക്ക് നിലവിൽ അവിടുത്തെ ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നതിന് വളരെ പ്രയാസമനുഭവിക്കുന്നുണ്ട്. അതിനാൽ തന്നെ തൊഴിലവസരങ്ങൾ പലതും നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. എന്നാൽ പുതിയ ഇന്റർനാഷണൽ ഡ്രൈവിംഗ് ടെസ്റ്റിംഗ് സെന്റർ പ്രാവർത്തികമാകുന്നതോടെ ഇതിന് പരിഹാരമാകുമെന്നും ഗതാഗതമന്ത്രി ശ്രീ. എ.കെ.ശശീന്ദ്രൻ അറിയിച്ചു.

NO COMMENTS