എസ്സാറിനെ റഷ്യയുടെ റോസ്നെഫ്റ്റ് ഏറ്റെടുത്തു

308

പനാജി • ഇന്ത്യയിലെ രണ്ടാമത്തെ സ്വകാര്യ ഓയില്‍ കമ്ബനിയായ എസ്സാറിനെ റഷ്യയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പെട്രോളിയം കമ്ബനിയായ റോസ്നെഫ്റ്റും പങ്കാളികളും ഏറ്റെടുത്തു. 1300 കോടി ഡോളറിന്റെ (86,000 കോടി രൂപ) ഇടപാടാണിത്. ഇന്ത്യയില്‍ ഇതുവരെ നടന്ന ഏറ്റവും വലിയ വിദേശ നിക്ഷേപവും (എഫ്ഡിഐ). ഇതു സംബന്ധിച്ച രണ്ടു ധാരണാ പത്രങ്ങള്‍ ഒപ്പുവച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ ഏറ്റെടുക്കലാണിത്. റഷ്യയ്ക്കാകട്ടെ രാജ്യത്തിനു പുറത്തു നടത്തുന്ന ഏറ്റവും വലിയ നിക്ഷേപവും. ഗോവയില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടയിലായിരുന്നു റോസ്നെഫ്റ്റ്-എസ്സാര്‍ ഏറ്റെടുക്കല്‍ പ്രഖ്യാപനം.എസ്സാറിന്റെ 49% ഓഹരികളാണ് റോസ്നെഫ്റ്റ് ഏറ്റെടുത്തത്. നെതര്‍ലന്‍ഡ്സിലെ ട്രാഫിഗുറ ഗ്രൂപ്പും റഷ്യന്‍ ഇന്‍വസ്റ്റ്മെന്റ് ഫണ്ട് ആയ ക്യാപിറ്റല്‍ പാര്‍ട്നേഴ്സും ചേര്‍ന്ന് 49% ഓഹരികളും സ്വന്തമാക്കി. ബാക്കി രണ്ടു ശതമാനം ഓഹരികള്‍ എസ്സാര്‍ ഗ്രൂപ്പിന്റേതായി തുടരും. ട്രാഫിഗുറ വാങ്ങിയ ഓഹരികള്‍ പിന്നീട് റോസ്നെഫ്റ്റിനു തന്നെ കൈമാറും.

എസ്സാറിന്റെ ഉടമസ്ഥതയില്‍ ഗുജറാത്തിലുള്ള റിഫൈനറി, രാജ്യമെമ്ബാടുമുള്ള 2700 പെട്രോള്‍ പമ്ബുകള്‍, ഗുജറാത്തിലെ വാദിനഗര്‍ തുറമുഖം എന്നിവയാണ് കൈമാറുന്നത്. എസ്സാര്‍ ഓയിലിന്റെയും തുറമുഖ കമ്ബനിയുടെയും ബാധ്യതകള്‍ 650 കോടി ഡോളര്‍ വരുമെന്നാണ് കണക്കാക്കുന്നത്. മുന്‍പ് എണ്ണ വാങ്ങിയ വകയില്‍ ഇറാനു നല്‍കാനുള്ള 300 കോടി ഡോളര്‍ എസ്സാര്‍ ഓയില്‍ തന്നെ വീട്ടണം.ഇടപാടിലൂടെ കൈവരുന്ന വരുമാനം എസ്സാര്‍ ഗ്രൂപ്പിന്റെ ബാധ്യതകള്‍ നികത്താനായി ഉപയോഗിക്കും എന്ന് ഗ്രൂപ്പ് ഡയറക്ടര്‍ പ്രശാന്ത് റൂയ പറഞ്ഞു. ഗ്രൂപ്പിന്റെ ബാധ്യതകള്‍ 50% കണ്ടു കുറയുമെന്നാണു പ്രതീക്ഷിക്കുന്നത്. റൂയ ഗ്രൂപ്പും റോസ് നെഫ്റ്റും ‘എസ്സാര്‍’ എന്ന ബ്രാന്‍ഡ് നാമം പങ്കുവയ്ക്കും. യുകെയിലെ സ്റ്റാന്‍ലോ റിഫൈനറി റൂയ ഗ്രൂപ്പ് നിലനിര്‍ത്തിയിട്ടുണ്ട്. 2017 മാര്‍ച്ചോടെ പണമിടപാടുകള്‍ പൂര്‍ത്തിയാകും എന്നാണ് കരുതപ്പെടുന്നത്.

NO COMMENTS

LEAVE A REPLY