കായിക മത്സരങ്ങളുടെ ആരവമുയര്‍ത്താന്‍ ഇ എം എസ് സ്റ്റേഡിയം യാഥാര്‍ത്ഥ്യമാവുന്നു – കിഫ്ബി വഴി 17.02 കോടി രൂപ

66

കാസറഗോഡ് : ജില്ലയിലെ കായിക മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കാന്‍ നീലേശ്വരത്ത് ഇ എം എസ് സ്റ്റേഡിയം യാഥാര്‍ത്ഥ്യ മാവുന്നു. അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ അവസാനഘട്ട ത്തിലെത്തിയെന്നും ഡിസംബറോടെ പ്രവര്‍ത്തനസജ്ജമാവുമെന്ന് പ്രതീക്ഷിക്കാമെന്നും ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ്റഹ്്മാന്‍ പറഞ്ഞു. പദ്ധതിക്കായി കിഫ്ബി വഴി 17.02 കോടി രൂപയാണ് അനുവദിച്ചത്.

ഫുട്‌ബോള്‍ കളിസ്ഥലം, ഗാലറി സൗകര്യങ്ങളോടു കൂടിയ വോളിബോള്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, നാല് നിലകളിലായി പവലിയന്‍ കെട്ടിടം, നീന്തല്‍ക്കുളം, എട്ട് ലൈന്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക് തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് സ്റ്റേഡിയത്തില്‍ ഒരുക്കുന്നത്. നീലേശ്വരം ബ്ലോക്ക് ഓഫീസിന് സമീപത്ത് 7.1 ഏക്കറിലാണ് സ്റ്റേഡിയം വരുന്നത്. 5.17 കോടി രൂപ ചെലവഴിച്ചാണ് സ്പോര്‍ട്സ് ഫ്ളോറിങ്ങ് നടത്തുന്നത്. 9.61 കോടി രൂപയുടെ സിവില്‍, ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.

2018 ജൂണില്‍ ആരംഭിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട്ഘട്ടങ്ങളായാണ് നടപ്പാക്കുന്നത്. സ്റ്റേഡിയം പവലിയന്‍ നിര്‍മാണം പൂര്‍ത്തിയായി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് നിര്‍മാണ പൂര്‍ത്തീകരണം നീണ്ടുപോയത്. പദ്ധതി തയ്യാറാക്കിയതും നിര്‍വഹണ ഏജന്‍സിയും കിറ്റ്കോ കണ്‍സള്‍ട്ടന്‍സിയാണ്. കായിക-യുവജന കാര്യവകുപ്പ്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, തദ്ദേശ സ്വയംഭരണ സ്ഥാനാപനം എന്നിവയുടെ സംയുക്ത നിയന്ത്രണത്തിലായിരിക്കും സ്റ്റേഡിയം പ്രവര്‍ത്തിക്കുക.

NO COMMENTS