​​​​​​​വൈദ്യുതി അപകടങ്ങള്‍ തടയാം: മുന്‍കരുതല്‍ വേണം

66

കാസറഗോഡ് : മഴക്കാലത്ത് വൈദ്യുത അപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുജനങ്ങള്‍ക്ക് കെ എസ് ഇ ബിയുടെ നിര്‍ദ്ദേശങ്ങള്‍. പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വൈദ്യുതി ലൈന്‍/ സര്‍വ്വീസ് വയര്‍ പൊട്ടി വീണുകിടക്കുന്നത് കണ്ടാല്‍ യാതൊരു കാരണവശാലും സ്പര്‍ശിക്കരുത്. ബന്ധപ്പെട്ട കെ എസ് ഇ ബി ഓഫീസില്‍ അറിയിച്ച് പൊട്ടിയ ലൈന്‍/സര്‍വ്വീസ് വയര്‍ ഓഫ് ചെയ്തു എന്ന് ഉറപ്പു വരുത്താതെ അതിനടുത്തേക്ക് പോവുകയോ സ്പര്‍ശിക്കുകയോ അരുത്.

ജനറേറ്റര്‍, ഇന്‍വേട്ടര്‍ മുതലായവ സ്ഥാപിക്കുമ്പോഴും വൈദ്യുതി സംബന്ധമായ അറ്റകുറ്റപ്പണികള്‍, നിര്‍മ്മാണ പ്രവര്‍ത്തനവേളയില്‍ വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ എന്നിവ അംഗീകൃത ഇലക്ട്രീഷ്യനെക്കൊണ്ട് മാത്രം ചെയ്യിപ്പിക്കുക.

ഇടിമിന്നല്‍ ഉള്ളപ്പോള്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ഒഴിവാക്കണം.

ശക്തമായ കാറ്റും മഴയും ഇടിമിന്നലുമുള്ളപ്പോള്‍ വൈദ്യുതി ഉപയോഗിച്ച് പ്രവൃത്തിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. പ്ലഗ്ഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അതില്‍ നിന്ന് ഊരിയിടണം.

വൈദ്യുതി പോസ്റ്റുകളിലും സ്‌റ്റേകളിലും കന്നുകാലികളെയോ അയയോ കെട്ടരുത്.

വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹവസ്തുക്കള്‍ ഉപയോഗിച്ചുള്ള തോട്ടികള്‍/ ഏണികള്‍ എന്നിവ ഉപയോഗിക്കരുത്.

കാലവര്‍ഷക്കെടുതി മൂലം വൃക്ഷങ്ങളോ ശിഖിരങ്ങളോ വീണ് കമ്പികള്‍ താഴ്ന്ന് കിടക്കുവാനും പോസ്റ്റുകള്‍ ഒടിയാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍, മറ്റ് വൈദ്യുത അപകടങ്ങള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള കെ എസ് ഇ ബി ഓഫീസില്‍ അറിയിക്കുകയോ 1912 എന്ന നമ്പറിലോ സുരക്ഷാ എമര്‍ജന്‍സി നമ്പറായ 9496010101 എന്ന നമ്പറിലോ ബന്ധപ്പെടണം.

കാലവര്‍ഷത്തിന് മുന്നോടിയായി ലൈനിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിനും വൈദ്യുതി പുന്‍സ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടും വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥരുമായും സഹകരിക്കണം.

NO COMMENTS