ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ 6.5 ശതമാനം പോളിങ്

364

വ്യാപക അക്രമങ്ങള്‍ക്കിടെ വോട്ടെടുപ്പ് നടന്ന ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ രേഖപ്പെടുത്തിയത് 6.5 ശതമാനം പോളിംഗ് മാത്രം. 30 വര്‍ഷത്തിനിടെ ജമ്മു-കശ്‍മീരില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ പോളിങാണിത്. ബദ്ഗാമില്‍ സുരക്ഷാ സേനയും വിഘടനവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 40പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിഘടനവാദികള്‍ അക്രമം അഴിച്ച് വിട്ട ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലൊഴികെ മറ്റ് നിയമസഭാ മണ്ഡലങ്ങളിലെല്ലാം താരതമ്യേന ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 6.5 ശതമാനം പോളിങ് മാത്രമാണ് ശ്രീനഗറില്‍ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്ത വിഘടനവാദികള്‍ ബദ്ഗാമിലെ പോളിംഗ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞു. 200ലധികം അക്രമസംഭവങ്ങളാണ് ബദ്ഗാമില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. സുരക്ഷാസേനക്ക് നേരെ വിഘടനവാദികള്‍ നടത്തിയ കല്ലേറാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു. 40 പേര്‍ക്ക്‌ പരിക്കേറ്റു. ജമ്മു കശ്‍മീരിന് പുറമെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മധ്യപ്രദേശിലെ അതേറില്‍ കോണ്‍ഗ്രസ് നേതാവ് ഹേമന്ത് കത്താരെയുടെ കാറിനു നേരെ ആക്രമണം ഉണ്ടായി. ബി.ജെ.പി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ് ശ്രീനഗറില്‍ നടക്കുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ നാസിര്‍ ഖാന്‍ മത്സരിക്കുമ്പോള്‍, അധ്യക്ഷന്‍ ഫറൂഖ് അബ്ദുള്ളയാണ് നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പ്രതിച്ഛായക്ക് മങ്ങലേറ്റിട്ടില്ലെന്നു സ്ഥാപിക്കാന്‍ രജൗരി ഗാര്‍ഡന്‍ മണ്ഡലം ആം ആദ്മി പാര്‍ട്ടിക്ക് ജയിച്ചേ മതിയാകൂ. തിരിച്ച് വരാന്‍ കോണ്‍ഗ്രസ് തയ്യാറെടുക്കുമ്പോള്‍ യു.പിയിലെ അടക്കം മികച്ച പ്രകടനം ഡല്‍ഹിയിലും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ ആണ് ബി.ജെ.പി. അസം, ഹിമാചല്‍പ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് വോട്ടെടുപ്പ് നടന്നു.

NO COMMENTS

LEAVE A REPLY