സ്‌കൂളുകള്‍ക്കു സമീപം പുകയില ഉല്പന്നങ്ങളുടെ വില്പന വ്യാപകം : ആര്‍സിസി പഠനം

273

തിരുവനന്തപുരം: ജില്ലയിലെ ഗ്രാമീണ മേഖലയിലെ പകുതിയിലേറെ ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂളുകളുടെ പരിസരങ്ങളില്‍ പുകയില ഉല്പന്നങ്ങളുടെ അനധികൃത വില്പന നിര്‍ബാധം നടക്കുന്നതായി തിരുവനന്തപുരം റീജിയനല്‍ കാന്‍സര്‍ സെന്ററിന്റെ പഠനത്തില്‍ കണ്ടെത്തി. ഹയര്‍സെക്കന്‍ഡറിയിലെ 60 ശതമാനം വിദ്യാര്‍ഥികളും ഹൈസ്‌കൂള്‍ വിഭാഗത്തിലെ 52 ശതമാനം വിദ്യാര്‍ഥികളും തങ്ങളുടെ സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില ഉല്പന്നങ്ങളുടെ വില്പന നടക്കുന്ന കാര്യം ശരിവച്ചു. നിഷ്പക്ഷമായി തിരഞ്ഞെടുത്ത പത്തു സര്‍ക്കാര്‍ സ്‌കൂളുകളില്‍നിന്നുള്ള 1114 കുട്ടികളാണ് പഠന സര്‍വേയില്‍ പങ്കെടുത്തത്. പഠനത്തില്‍ പങ്കെടുത്ത മൂന്നില്‍ രണ്ടു വിദ്യാര്‍ഥികളും പുകയിലയില്‍ ടാര്‍, നിക്കോട്ടിന്‍ തുടങ്ങിയ മാരക പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നതിനെപ്പറ്റി അജ്ഞരായിരുന്നു.

കേരളത്തിലെ ഗ്രാമീണ മേഖലയിലുള്ള കൗമാര വിദ്യാര്‍ഥികളിലെ പുകയില-മദ്യ ഉപയോഗവും വിദ്യാലയ കേന്ദ്രീകൃത പുകയില വിരുദ്ധ ബോധവല്‍ക്കരണവും ഗ്രാഹ്യശേഷി വികാസവും’ എന്ന വിഷയത്തില്‍ 2014-15ല്‍ നടന്ന പഠനത്തിന്റെ വിശദവിവരങ്ങള്‍ അടുത്തിടെ പുറത്തിറങ്ങിയ ജേണല്‍ ഓഫ് അഡിക്ഷന്‍ എന്ന ആനുകാലികത്തിലാണ് പ്രസിദ്ധീകരിച്ചത്. കേന്ദ്ര പുകയില നിയന്ത്രണ നിയമം കോട്പ 2003 മാനദണ്ഡപ്രകാരം സ്‌കൂളുകളുടെ നൂറു വാരയ്ക്കുള്ളില്‍ പുകയില വില്പന നിരോധിക്കണമെന്ന വ്യവസ്ഥ കര്‍ശനമായി പാലിക്കപ്പെടാത്തതാണ് നിലവിലെ സാഹചര്യങ്ങളിലേക്കു നയിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
ഗ്രാമീണ മേഖലയിലെ കൗമാരക്കാരുടെ പുകയില ഉപയോഗത്തെപ്പറ്റി പരിമിതമായ വിവരമേ ലഭ്യമായിട്ടുള്ളു എന്ന യാഥാര്‍ഥ്യമാണ് ഈ പഠനത്തിലേക്കു നയിച്ചതെന്ന് പഠനത്തിന്റെ മുഖ്യ ഗവേഷകനും സഹരചയിതാവും ആര്‍സിസി ഡയറക്ടറുമായ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. സ്‌കൂള്‍ പരിസരങ്ങളില്‍ പുകയില വില്പന നടത്തുന്നത് ആശങ്കാജനകമാണ്. കാരണം കൗമാരകാലത്തെ പുകയില ഉപയോഗമാണ് മുതിര്‍ന്ന വ്യക്തികളാകുമ്പോള്‍ ജീവിതശൈലീ രോഗങ്ങളിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളിനു സമീപം വില്പനയ്ക്കായി പുകയില എത്തിക്കുന്നത് എവിടെനിന്നാണെന്നു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഇവയുടെ ലഭ്യത ഇല്ലാതാക്കാന്‍ കൃത്യമായ പരിശോധനകളും മറ്റു ബഹുമുഖ പരിപാടികളും ഉറപ്പാക്കണമെന്നും ടുബാക്കോ ഫ്രീ കേരള ചെയര്‍മാന്‍ കൂടിയായ ഡോ. പോള്‍ സെബാസ്റ്റ്യന്‍ പറഞ്ഞു. സര്‍വേയില്‍ പങ്കെടുത്ത കുട്ടികളില്‍ 4.3 ശതമാനം പേരും നിലവില്‍ പുകവലിക്കാരാണ്. ആഴ്ചയില്‍ മൂന്നോ അതിലേറെയോ ദിവസം ഇവര്‍ പുകവലിക്കുന്നുണ്ട്. കുട്ടികളില്‍ 7.4 ശതമാനത്തിലേറെ പേര്‍ ഈ സ്‌കൂള്‍ വര്‍ഷം ഒരിക്കലെങ്കിലും പുകയില ഉപയോഗിച്ചവരാണ്. ഇവരില്‍ കൂടുതല്‍ പേരും സിഗരറ്റ് വലിക്കാരാണ്. മറ്റുള്ളവര്‍ ഗുട്കയും ബീഡിയുമാണ് ഉപയോഗിക്കുന്നത്. ഇവരില്‍ 63 ശതമാനം പേരുടെയും വീടുകളില്‍ ഏതെങ്കിലും തരത്തിലുള്ള പുകയില ഉപയോഗിക്കുന്നവരുടെ സാന്നിധ്യമുണ്ടെന്നും കണ്ടെത്തി.

വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ചോദ്യാവലി അനുസരിച്ച് അവര്‍ സ്വന്തം ഇഷ്ടപ്രകാരം നല്‍കിയ വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചതെന്നും സര്‍വേയില്‍ പങ്കെടുത്ത ഓരോ കുട്ടിയുടെയും പേരുവിവരം രഹസ്യമായി സൂക്ഷിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നതായും പഠനറിപ്പോര്‍ട്ട് തയാറാക്കിയ ആര്‍സിസിയിലെ ഡോ. ആര്‍. ജയകൃഷ്ണന്‍ വ്യക്തമാക്കി.
പുകയില ഉല്പന്നങ്ങളുടെ വില്പനയെപ്പറ്റി മാത്രമല്ല, കുടുംബാംഗങ്ങളുടെ ശീലങ്ങള്‍, കുട്ടികളില്‍ പുകയില ഉപയോഗത്തിന്റെ ദൂഷ്യങ്ങളെപ്പറ്റിയുള്ള അവബോധം, രാജ്യത്തെ പുകയില നിയന്ത്രണ നിയമങ്ങളെപ്പറ്റിയുള്ള അറിവ് എന്നിവയെപ്പറ്റിയും പഠനത്തിലൂടെ മനസ്സിലാക്കാന്‍ ശ്രമിച്ചു. സര്‍വെയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ കുടുംബാംഗങ്ങളില്‍ പുകയില ഉപയോഗം ശീലമായത് ആശങ്കാജനകമാണ്. കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്തി പഠനം നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY