കേരളം വരണ്ടുണങ്ങാന്‍ ഇനി 28 നാള്‍ മാത്രം

247

തിരുവനന്തപുരം: കേരളം വരണ്ടുണങ്ങാന്‍ ഇനി 28 ദിവസം കൂടിയെന്നു മുന്നറിയിപ്പ്. ജലവിനിയോഗത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ലഭ്യമാകുന്ന കുടിവെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ കര്‍ശന നിര്‍ദേശം. നാലാഴ്ചയ്ക്കു ശേഷം കേരളത്തിന്റെ സ്ഥിതി അതീവ ഗുരുതരമാകും. ശുദ്ധജലക്ഷാമത്തെ തുടര്‍ന്നു മരണങ്ങള്‍ സംഭവിക്കാനും സാധ്യതയെന്ന് വിലയിരുത്തല്‍. ശക്തമായ സൂര്യതാപത്തില്‍ പ്രകൃതിയിലെ പച്ചപ്പ് പൂര്‍ണമായും കരിഞ്ഞുണങ്ങിയതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍, ഭൂഗര്‍ഭജല വിതാനം മുക്കാല്‍ കിലോമീറ്ററോളം താഴ്ന്നുവെന്ന ഭൂജലവകുപ്പിന്റെ റിപ്പോര്‍ട്ട്, റിസര്‍വോയറുകളില്‍ 25 ദിവസത്തോളം മാത്രം ഉപയോഗിക്കാനാവുന്ന ജലശേഖരം മാത്രമാണെന്ന വാട്ടര്‍ അതോറിറ്റിയുടെ കണക്കുകള്‍, വന്യമൃഗങ്ങളും ജനങ്ങളും തമ്മില്‍ വെള്ളത്തിനു വേണ്ടിയുള്ള സംഘര്‍ഷങ്ങള്‍ പതിവാകുന്നുവെന്ന വനംവകുപ്പിന്റെ റിപ്പോര്‍ട്ട്, അന്തരീക്ഷത്തിലെ ജലാംശം പൂര്‍ണമായി നഷ്ടപ്പെടുന്നതിന്റെ സൂചനകള്‍, സമീപ ദിവസങ്ങളില്‍ മഴയുണ്ടാകില്ലെന്ന കാലാവസ്ഥാ പ്രവചനം എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പ്. മാര്‍ച്ചില്‍ വേനല്‍ വീണ്ടും കനക്കും.

സൂര്യതാപത്തില്‍ വന്‍വര്‍ധനയാണിപ്പോള്‍. ബാഷ്പീകരണത്തോത് വര്‍ധിച്ചതോടെ അന്തരീക്ഷത്തിലെ ജലാംശം പൂര്‍ണമായും നഷ്ടമായി. ഇതോടെ സൂര്യതാപം നേരിട്ടു ഭൂമിയില്‍ പതിക്കാന്‍ തുടങ്ങി. മരങ്ങള്‍ക്കു ഭൂമിയില്‍ നിന്നു ജലം കിട്ടാതായതോടെ പച്ചപ്പ് മാറി. മഴവെള്ളം ഭൂമിയിലിറങ്ങാന്‍ അനുവദിക്കാതായതോടെ ഭൂഗര്‍ഭജലത്തിന്റെ അളവിലും കുറവുണ്ടായി. കുഴല്‍ക്കിണറുകള്‍ വ്യാപകമായതോടെ ഭൂഗര്‍ഭജല വിതാനം കിലോമീറ്ററോളം താഴ്ന്നു. വൃഷ്ടിപ്രദേശങ്ങളില്‍ ഒരുതുള്ളി മഴ പോലും ലഭിക്കാതായതോടെ റിസര്‍വോയറുകളിലേക്കുള്ള നീരൊഴുക്കും പൂര്‍ണമായി നിലച്ചു. വനാന്തരങ്ങളിലെ ചെറുതോടുകള്‍ പോലും വറ്റിവരണ്ടതോടെ ജനവാസകേന്ദ്രങ്ങളിലേക്ക് വന്യജീവികള്‍ വെള്ളം തേടിയെത്തുന്നതും സംഘര്‍ഷത്തിനു കാരണമാകുന്നുണ്ട്. മേയ് വരെ വരള്‍ച്ചയുടെ രൂക്ഷത തുടരുമെന്നാണ് മുന്നറിയിപ്പ്. ഇതു മുന്നില്‍ കണ്ടു ജലവിനിയോഗം കാര്യക്ഷമമാക്കണം. ഉപയോഗിച്ച ജലം പുനരുപയോഗിക്കാന്‍ ശ്രദ്ധിക്കണം. വാഹനം കഴുകല്‍, പൂന്തോട്ടം നനയ്ക്കല്‍, ജല ഫൗണ്ടനുകളുടെ ഉപയോഗം എന്നിവ നിര്‍ത്തണം. കുടിവെള്ളം കിട്ടാത്ത പ്രദേശങ്ങള്‍ കണ്ടെത്തി, വെള്ളമുള്ള സ്ഥലങ്ങളില്‍ നിന്ന് വെള്ളമെത്തിച്ചു കൊടുക്കാന്‍ സര്‍ക്കാരും സംവിധാനങ്ങളും സന്നദ്ധപ്രവര്‍ത്തകരും തയാറാകണം. മാലിന്യം പേറി ഒഴുകുന്ന ജലസ്രോതസുകളെ മാലിന്യമുക്തമാക്കണമെന്നും നിര്‍ദേശമുണ്ട്.

NO COMMENTS

LEAVE A REPLY