ഡ്രൈവിങ് ടെസ്റ്റ് പൂർണമായും കംപ്യൂട്ടർവൽക്കരിക്കും

231

തിരുവനന്തപുരം ∙ ഡ്രൈവിങ് ടെസ്റ്റ് നടക്കുമ്പോൾ വശങ്ങളിൽ സ്ഥാപിക്കുന്ന കമ്പികൾ ഇനി പഴങ്കഥയാകും. ഡ്രൈവിങ് ലൈസൻസിനായി ‘എട്ടും’ ‘എച്ചും’ എടുക്കുന്നതു പരിഷ്ക്കരിക്കാനും ഡ്രൈവിങ് ടെസ്റ്റ് പൂർണമായും കംപ്യൂട്ടർവൽക്കരിക്കാനുമുള്ള നടപടികൾക്കു മോട്ടോർവാഹന വകുപ്പ് തുടക്കമിട്ടു. സ്വകാര്യ പങ്കാളിത്തത്തോടെയാണു പദ്ധതി. ഇതിന് ആസൂത്രണ കമ്മിഷന്റെ അനുമതി ലഭിച്ചു.

ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന കേന്ദ്രങ്ങളിൽ ക്യാമറകളുടെ സഹായത്തോടെ ഒരാളുടെ ഡ്രൈവിങ് മികവ് പരിശോധിക്കുന്നതാണ് പദ്ധതി. എട്ടും എച്ചും ലൈസൻസ് നേടാനുള്ള മാനദണ്ഡങ്ങളിൽ ഒന്നുമാത്രമായി ചുരുങ്ങും. വിദേശരാജ്യങ്ങളിലെപോലെ വേറെയും പരീക്ഷണങ്ങൾ ടെസ്റ്റ് പാസാകുന്നതിന് അഭിമുഖീകരിക്കേണ്ടിവരും. മാത്രമല്ല എട്ടും എച്ചും എടുക്കുന്നതിനായി സ്ഥാപിക്കുന്ന കമ്പികൾ ഘട്ടംഘട്ടമായി ഒഴിവാക്കും. ടെസ്റ്റിൽ പങ്കെടുക്കുന്നയാൾ ഓടിക്കുന്ന വാഹനം വരകൾ മറികടന്നോ എന്നു കംപ്യൂട്ടർ പരിശോധിക്കും.

എട്ടും എച്ചും വരച്ച് അതിന്റെ വശങ്ങളിൽ സ്ഥാപിക്കുന്ന കമ്പികളിൽ തട്ടാതെ വണ്ടിയോടിക്കണമെന്നതാണു നിലവിലെ മാനദണ്ഡം. എന്നാൽ, വാഹമോടിക്കാൻ അറിയാത്തവർപോലും ഉദ്യോഗസ്ഥരുടെയും ഏജന്റുമാരുടെയും സഹായത്തോടെ ടെസ്റ്റെന്ന കടമ്പ മറികടക്കുന്നതായി പലയിടത്തുനിന്നും മോട്ടോർവാഹന വകുപ്പിനു റിപ്പോർട്ട് ലഭിച്ചിരുന്നു. ഇത്തരത്തിൽ ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നതു നിയന്ത്രിക്കാനാണ് സർക്കാരിന്റെ പുതിയ നടപടി.

നിലവിൽ കോഴിക്കോട്, കണ്ണൂർ, കഴക്കൂട്ടം എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ കംപ്യൂട്ടർ നിയന്ത്രിത ഡ്രൈവിങ് ടെസ്റ്റ് നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ, പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുന്നതിനു സ്ഥലസൗകര്യം പ്രശ്നമായി. ആസൂത്രണ കമ്മിഷൻ അനുമതി നൽകിയതോടെ സ്വകാര്യ വ്യക്തികളുടെ പങ്കാളിത്തത്തിൽ പദ്ധതിക്കായി സ്ഥലം കണ്ടെത്താനാണു തീരുമാനം. സ്ഥലം വിട്ടുനൽകുന്നതിന് സ്വകാര്യവ്യക്തികൾക്ക് മികച്ച പ്രതിഫലം നൽകും.

എത്രയുംവേഗം പദ്ധതി നടപ്പിലാക്കാനാണു സർക്കാർ ആലോചിക്കുന്നതെന്നു മോട്ടോർ വാഹനവകുപ്പ് അധികൃതർ മനോരമ ഓൺലൈനോട് പറഞ്ഞു. മികച്ച ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കാൻ, ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവർക്കു ബോധവൽക്കരണ ക്ലാസുകൾ നിർബന്ധമാക്കാനും തീരുമാനമായിട്ടുണ്ട്.

NO COMMENTS

LEAVE A REPLY