അമേരിക്കയുടെ ഒറ്റ ചൈന നയം അവസാനിപ്പിക്കാന്‍ സമയമായെന്ന് ട്രംപ്

207

ഒറ്റ ചൈന നയം അവസാനിപ്പിക്കാന്‍ സമയമായെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ചൈനയുമായി അത്തരമൊരു ധാരണയുടെ ആവശ്യമില്ലെന്നും താന്‍ അധികാരമേറ്റാല്‍ നയത്തില്‍ മാറ്റമുണ്ടാകുമെന്നും ട്രംപ് തുറന്നടിച്ചു. ഈ നയം മുന്നോട്ടു കൊണ്ടുപോകുന്നത് കൊണ്ട് അമേരിയ്‌ക്കയ്‌ക്ക് പ്രത്യേക നേട്ടമൊന്നുമില്ല. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ റഷ്യ, തന്നെ സഹായിച്ചെന്ന വാര്‍ത്തയും ട്രംപ് നിഷേധിച്ചു. ട്രംപിന്റെ പ്രസ്താവന അമേരിക്കയ്‌ക്കും ചൈനയ്‌ക്കും ഇടയിലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഒറ്റ ചൈന നയത്തിനെതിരെ ‍ഡൊണാള്‍ഡ് ട്രംപ് ആഞ്ഞടിച്ചത്. ഈ നയം മുന്നോട്ട് കൊണ്ടുപോകുന്നത് കൊണ്ട് അമേരിയ്‌ക്കയ്‌ക്ക് പ്രത്യേക നേട്ടമൊന്നുമില്ല. വ്യാപാര മേഖലയിലടക്കം ഏതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ ചൈനയുമായി ഉണ്ടെങ്കില്‍ മാത്രമേ ഇത്തരമൊരു നയത്തെ അംഗീകരിക്കേണ്ടതുള്ളൂ. നിലവില്‍ അങ്ങനെയൊരു സാഹചര്യമില്ല. അതുകൊണ്ട് താന്‍ അധികാരമേറ്റാല്‍ നയത്തില്‍ മാറ്റമുണ്ടാകുമെന്ന് ട്രംപ് വ്യക്തമാക്കി.
ട്രംപിന്‍റെ പ്രസ്ഥാവന അമേരിക്കയ്‌ക്കും ചൈനയ്‌ക്കും ഇടയിലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തങ്ങളുട കീഴില്‍ വരുന്ന വിഘടിത പ്രദേശമായാണ് ചൈന തായ്‍വാനെ കാണുന്നത്. ചൈനയുടെ ഈ ഒറ്റ ചൈന നയം അംഗീകരിച്ച് 1979ല്‍ അമേരിക്ക, തായ്‍വാന്‍ വിഷയത്തില്‍ പ്രത്യേക നയം രൂപീകരിച്ചിരുന്നു. 37 വര്‍ഷമായി നിലനില്‍ക്കുന്ന ഈ നയമാണ് ഇപ്പോള്‍ ഭേദഗതി ചെയ്യാന്‍ ട്രംപ് ഒരുങ്ങുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തായ്‍വാന്‍ പ്രസിഡന്റിനെ ഫോണില്‍ വിളിച്ചതോടെ ഒറ്റ ചൈന വിഷയത്തിലുള്ള തന്റെ നിലപാട് ട്രംപ് വ്യക്തമാക്കിയിരുന്നു. ചൈനയുമായി ഒരു തുറന്ന പോരിലേക്കാണ് ട്രംപ് നീങ്ങുന്നത്. എന്നാല്‍ ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ ഇതുവരെ ചൈന പ്രതികരിച്ചിട്ടില്ല. ട്രംപിന് എങ്ങനെ ചൈന മറുപടി നല്‍കുമെന്ന് കാത്തിരിക്കുകയാണ് ലോകം
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ തന്നെ റഷ്യ സഹായിച്ചുവെന്ന സി.ഐ.എ റിപ്പോര്‍ട്ടും ട്രംപ് തള്ളി. വാര്‍ത്തകള്‍ക്ക് സി.ഐ.എ അല്ലെന്നും ഡെമോക്രാറ്റുകളെന്നും തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി മറക്കാനുള്ള മുടന്തന്‍ ന്യായമാണ് ഇതെന്നും ട്രംപ് പരിഹസിച്ചു. ഹാക്കര്‍മാര്‍ ട്രംപിനെ സഹായിച്ചെന്ന വാര്‍ത്ത റഷ്യയും നിഷേധിച്ചു.

NO COMMENTS

LEAVE A REPLY