ഡോണള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ്

214

വാഷിങ്ടന്‍ • ലോകം ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യത്തിനുള്ള ഉത്തരമായി. അടുത്ത നാലു വര്‍ഷത്തേക്ക് അമേരിക്കയെ നയിക്കാനുള്ള ചുമതല റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ച ശതകോടീശ്വരന്‍ ഡോണള്‍ഡ് ട്രംപിന്. യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന പ്രത്യേകതയോടെയാണ് എഴുപതുകാരനായ ട്രംപിന്റെ സ്ഥാനാരോഹണം. ‍ഈ സ്ഥാനത്തെത്തുന്ന 45-ാമത്തെ വ്യക്തിയാണ് അദ്ദേഹം. ഡോണള്‍ഡ് ട്രംപിലൂടെ എട്ടു വര്‍ഷത്തിനുശേഷം പ്രസിഡന്റ് പദം പിടിച്ചെടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടി, യുഎസ് സെനറ്റിലും കോണ്‍ഗ്രസിലും വ്യക്തമായ ആധിപത്യത്തോടെ ഭൂരിപക്ഷം നേടി വിജയത്തിന് ഇരട്ടിമധുരം പകര്‍ന്നു. 538 ഇലക്ടറല്‍ വോട്ടുകളുള്ളതില്‍ 276 വോട്ടുകളും സ്വന്തം പേരിലാക്കിയ ട്രംപ്, കടുത്ത മല്‍സരം കാഴ്ചവച്ച ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റനെ പിന്തള്ളി.