ഈ-മെയില്‍ വിവാദം : എഫ്ബിഐ ഡയറക്ടര്‍ക്കെതിരെ ആഞ്ഞടിച്ച്‌ ട്രംപ്

194

മിഷിഗണ്‍: ഈ-മെയില്‍ വിവാദത്തില്‍ എഫ്ബിഐ ഡയറക്ടര്‍ ജയിംസ് കോമിക്കെതിരെ ആഞ്ഞടിച്ച്‌ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ജയിംസ് കോമി ഡയറക്ടറായി ഇരുന്ന് അന്വേഷിക്കുന്നിടത്തോളം കാലം കുറ്റക്കാരിയായ ഹിലരി നിരപരാധിയായിരിക്കുമെന്നാണ് ട്രംപിന്‍റെ ആരോപണം. തിരഞ്ഞെടുപ്പ് റാലിക്കിടെ മിഷിഗണില്‍ നടത്തിയ സമ്മേളനത്തില്‍ 8000ത്തോളം വരുന്ന ജനക്കൂട്ടത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 65000 വിവാദ ഈ-മെയിലുകളിലാണ് ഹിലരിക്കെതിരെ അന്വേഷിക്കുന്നത്. വിശദമായി അന്വേഷണം വേണ്ട കേസ് വെറും എട്ട് ദിവസം കൊണ്ട് അന്വേഷിച്ച്‌ ദുര്‍ബലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ച കോമിയെ സംശയിക്കേണ്ടിയിരിക്കുന്നു ഇവരെല്ലാം ചേര്‍ന്ന് രാജ്യദ്രോഹിയായ ഹിലരിയെ സംരക്ഷിക്കുകയാണെന്ന് ട്രംപ് പറയുന്നു. കഴിഞ്ഞ ഞായറാഴ്ച ഈ-മെയില്‍ കേസിലെ അന്വേഷണം അവസാനിപ്പിച്ചതായി എഫ്ബിഐ അറിയിച്ചിരുന്നു. ഹിലരിക്കെതിരെ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നുമാണ് എഫ്ബിബെ നിലപാട്. ഈ-മെയില്‍ വിവാദം ശക്തമായതോടെ തിരഞ്ഞെടുപ്പില്‍ ഹിലരിയുടെ പിന്തുണ ഗണ്യമായി കുറഞ്ഞിരുന്നു. അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്പോള്‍ പുതിയ റിപ്പോര്‍ട്ട് ഹിലരിക്ക് വീണ്ടും അനുകൂലമാകുമെന്ന് ഡെമോക്രാറ്റുകളും റിപ്പബ്ലക്കന്‍സും ഒരേ പോലെ കരുതുന്നു. ഇതാണ് പുതിയ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നത്.