ബരാക് ഒബാമ തന്‍റെ ഫോണ്‍ ചോര്‍ത്തിയെന്ന് ഡോണള്‍‍ഡ് ട്രംപ്

204

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്റെ ഫോണ്‍ ചോര്‍ത്തിയെന്ന് പ്രസിഡന്റ് ‍ഡോണള്‍‍ഡ് ട്രംപ്. എന്നാല്‍ ട്രംപിന്റെ ആരോപണങ്ങള്‍ ഒബാമയുടെ വക്താവ് തള്ളികളഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഫോണ്‍ ചോര്‍ത്തിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. പവിത്രമായ തെരഞ്ഞെടുപ്പ് പ്രക്രിയക്കിടെ ട്രംപ് ടവറിലുള്ള തന്റെ ഫോണ്‍ ചോര്‍ത്തിയ ഒബാമ സ്വയം എത്ര മാത്രം താഴ്ന്നു പോയെന്ന് ഡോണള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ എതിരാളികളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ വാട്ടര്‍ഗേറ്റ് സംഭവത്തിന് സമാനമാണ് ഇതെന്നും ട്രംപ് ആരോപിച്ചു. അതേ സമയം ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ട്രംപ് പുറത്ത് വിട്ടിട്ടില്ല. ട്രംപിന്റെ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞ ഒബാമയുടെ വക്താവ് കെവിന്‍ ലൂവിസ്, വൈറ്റ് ഹൗസോ ഒബാമയോ ആരുടേയും ഫോണ്‍ ചോര്‍ത്തുന്നതിന് ഉത്തരവിട്ടിരുന്നില്ലെന്ന് പ്രതികരിച്ചു. തെര‌ഞ്ഞെടുപ്പ് വേളയില്‍ ട്രംപ് ടീമും റഷ്യയും സഹകരിച്ചു പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഒബാമക്കെതിരായ ട്വീറ്റുകളെന്നത് ശ്രദ്ധേയമാണ്.

NO COMMENTS

LEAVE A REPLY