ജനറല്‍ ആശുപത്രി വാക്സിനേഷന്‍ കേന്ദ്രം ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു കോവിഡ്-19 വാക്സിനേഷന് ഇന്ന് തുടക്കം; ജില്ല പൂര്‍ണസജ്ജം

16

കാസര്‍കോട് : കോവിഡ്-19 വാക്സിനേഷന്റെ ആദ്യഘട്ടത്തിന് ഇന്ന് (ജനുവരി 16) രാവിലെ തുടക്കമാവും. വാക്സിനേഷനുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ വാക്സിനേഷന്‍ കേന്ദ്രം കളക്ടര്‍ സന്ദര്‍ശിച്ച് ഒരുക്കങ്ങളില്‍ പൂര്‍ണ തൃപ്തി അറിയിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ കാത്തിരിപ്പ് മുറി, രജിസ്ട്രേഷന്‍ കൗണ്ടര്‍, വാക്സിനേഷന്‍ മുറി എന്നിവയ്ക്ക് പുറമെ വാക്സിന്‍ സ്വീകരിച്ചവരെ അര മണിക്കൂര്‍ നിരീക്ഷിക്കുന്നതിനായി നിരീക്ഷണ മുറിയും സജ്ജമാക്കിയിട്ടുണ്ട്. നിരീക്ഷണ മുറിയില്‍ ഓക്സിജന്‍, മോണിറ്റര്‍ സഹിതം എമര്‍ജന്‍സി സൗകര്യങ്ങളുള്ള ക്രാഷ് കാര്‍ട്ട്, സ്ട്രെച്ചര്‍ ട്രോളി, വീല്‍ ചെയര്‍ എന്നിവ സജ്ജമാണ്.

കോഴിക്കോട് റീജ്യണല്‍ വാക്സിന്‍ സ്റ്റോറില്‍ നിന്നും ലഭിച്ച വാക്സിന്‍ ജില്ലയിലെ ഒമ്പത് വാക്സിനേഷന്‍ കേന്ദ്രങ്ങളിലും എത്തിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ വി. രാംദാസ് അറിയിച്ചു. അതോടൊപ്പം വാക്സിനേഷന്‍ നടത്തുന്നതിനാവശ്യമായ സിറിഞ്ചുകളും വാക്സിന്‍ ക്യാരിയറുകളും ഐസ് പാക്കുകളും വാക്സിന്‍ കേന്ദ്രങ്ങളില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ആദ്യദിവസം രജിസ്റ്റര്‍ ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കുന്നത്. ‘കോവിന്‍’ ആപ്പ് ഉപയോഗിച്ചാണ് വാക്സിനേഷനെത്തുന്നവരുടെ രജിസ്ട്രേഷന്‍ നടത്തുന്നത്. ഇതിനായി എല്ലാ കേന്ദ്രങ്ങളിലും ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പ് വരുത്തിയിട്ടുണ്ട്. വാക്സിനേഷനെത്തേണ്ടവര്‍ക്കുള്ള അറിയിപ്പ് മൊബെല്‍ സന്ദേശം വഴി ലഭിക്കും. സന്ദേശം ലഭിച്ചവര്‍ നിര്‍ദേശിക്കപ്പെട്ട വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍, നിര്‍ദിഷ്ട സമയം ആധാര്‍ കാര്‍ഡുമായി എത്തി വാക്സിന്‍ സ്വീകരിക്കും.

കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസര്‍കോട് ജനറല്‍ ആശുപത്രി, നീലേശ്വരം, പനത്തടി, മംഗല്‍പ്പാടി, ബേഡഡുക്ക താലൂക്ക് ആശുപത്രികള്‍, പെരിയ സി എച്ച് സി, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവയാണ് ഒന്നാം ഘട്ടത്തിലെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍.

രണ്ടാം ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നതിനായി ഈ ഒമ്പത് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ജില്ലയില്‍ 58 വാക്‌സിന്‍ കേന്ദ്രങ്ങളും മൂന്നാം ഘട്ടത്തില്‍ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനായി ജില്ലയില്‍ 329 കേന്ദ്രങ്ങളും കണ്ടത്തിയിട്ടുണ്ട്. ഓരോ കേന്ദ്രങ്ങളിലും നാല് വാക്‌സിനേഷന്‍ ഓഫീസര്‍മാരും മൂന്ന് വാക്‌സിനേറ്റര്‍മാരും ഉണ്ടാകും. കൂടാതെ രണ്ട് ഷിഫ്റ്റുകളിലായി രണ്ട് ഡോക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്.

കോവിഡ് വാക്സിനേഷന്റെ ജില്ലാതല ഉദ്ഘാടനം രാവിലെ 11 ന് കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. സുജാത എന്നിവര്‍ സന്നിഹിതരാവും. എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളിലും അതത് പ്രദേശത്തെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ഉദ്ഘാടനം നടത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ജനറല്‍ ആശുപത്രിയില്‍ എത്തിയ കളക്ടറെ സൂപ്രണ്ട് ഡോ. രാജാറാം, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഗീത ഗുരുദാസ്, നഴ്സിംഗ് സൂപ്രണ്ട് സ്നിഷി, എല്‍എച്ച്ഐ മേരി ക്ലയര്‍, ജെഎച്ച്ഐ എവി ശ്രീജിത്ത് എന്നിവര്‍ ഒരുക്കങ്ങള്‍ ധരിപ്പിച്ചു.

NO COMMENTS