ഡീസൽ വാഹന നിയന്ത്രണത്തിന് ഹൈക്കോടതിയുടെ സമ്പൂർണ സ്റ്റേ

241

കൊച്ചി• ഡീസല്‍ വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവു ഹൈക്കോടതി പൂര്‍ണമായി സ്റ്റേ ചെയ്തു. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്കു പ്രധാന നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. 2000 സിസി ക്കു മുകളിലുള്ള ഡീസല്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നിരോധിച്ചതു നേരത്തേ സ്റ്റേ ചെയ്തിരുന്നു. ട്രൈബ്യൂണല്‍ വിധിക്കെതിരായ ഹര്‍ജി ഹൈക്കോടതിയില്‍ നിലനില്‍ക്കുമെന്നു വ്യക്തമാക്കിയാണു ജസ്റ്റിസ് പി.ബി.സുരേഷ്കുമാറിന്റെ ഉത്തരവ്.
ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഡല്‍ഹിയില്‍ രണ്ടു വര്‍ഷത്തെ സാവകാശം നല്‍കിയാണ് നിരോധനം നടപ്പാക്കിയതെന്നും കോടതി വ്യക്തമാക്കി.
വാദം പൂര്‍ത്തീകരിച്ച്‌ വിധി പ്രഖ്യാപിക്കുന്നതുവരെയാണ് സ്റ്റേ. കെഎസ്‌ആര്‍ടിസിയുടെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 10 വര്‍ഷത്തിലേറെ പഴക്കമുള്ള ബസുകള്‍ക്കു പ്രധാന നഗരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയതു ചോദ്യം ചെയ്തായിരുന്നു കെഎസ്‌ആര്‍ടിസിയുടെ ഹര്‍ജി.
സംസ്ഥാനത്തു പൊതുഗതാഗത, തദ്ദേശ സ്ഥാപന വാഹനങ്ങളൊഴികെ 2000 സിസിക്കു മുകളിലുള്ള പുതിയ ഡീസല്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യരുതെന്നും ജൂണ്‍ 23 മുതല്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളില്‍ 10 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ ഓടിക്കരുതെന്നുമാണു ട്രൈബ്യൂണല്‍ ഉത്തരവ്.

NO COMMENTS

LEAVE A REPLY