ധര്‍മശാല ടെസ്റ്റ്‌ : ഇന്ത്യക്ക് 106 റണ്‍സ് വിജയലക്ഷ്യം

227

ധര്‍മശാല: ഓസ്ട്രേലിയയില്‍ നിന്ന് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയും ടെസ്റ്റ് പരമ്പരയും സ്വന്തമാക്കാന്‍ ഇന്ത്യക്കിനി വേണ്ടത് 87 റണ്‍സ് കൂടി. പത്തു വിക്കറ്റ് ശേഷിക്കെ നാലാം ദിനം നാടകീയ തകര്‍ച്ചയുണ്ടായില്ലെങ്കില്‍ ആദ്യ സെഷനില്‍ തന്നെ വിജയം നേടി പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യക്ക് കഴിയും. 13 റണ്‍സോടെ കെ എല്‍ രാഹുലും ആറു റണ്‍സുമായി മുരളി വിജയ്‌യുമാണ് ക്രീസില്‍. സ്കോര്‍ ഓസ്ട്രേലിയ 300, 137, ഇന്ത്യ 332, 19/0. നായകന്‍ സ്റ്റീവ് സ്മിത്ത് വീണാല്‍ പിന്നെ ഓസീസ് വീഴുമെന്ന് ഇന്ത്യക്കുറപ്പായിരുന്നു. ആദ്യ ഇന്നിംഗ്സിന്റെ ആവര്‍ത്തനമെന്നോണം ഡേവിഡ് വാര്‍ണര്‍ക്ക് രണ്ടാം ഇന്നിംഗ്സിലും കരുണ്‍ നായര്‍ ജീവന്‍ നല്‍കിയെങ്കിലും ഉമേഷ് യാദവിന്റെ പേസിനു മുന്നില്‍ സാഹയ്ക്ക് ക്യാച്ച് നല്‍കി വാര്‍ണര്‍(6) മടങ്ങി. ഭുവനേശ്വര്‍ കുമാറിനെയും ഉമേഷ് യാദവിനെയും ബൗണ്ടറികള്‍ കൊണ്ട് വരവേറ്റാണ് സ്മിത്ത് ക്രീസിലെത്തിയത്. ആത്മവിശ്വാസത്തിന്റെ നെറുകയിലായിരുന്നു ഓസീസ് ക്യാപ്റ്റന്‍. എന്നാല്‍ ഗുഡ് ലെംഗ്ത്തിലെത്തിയ ഭുവിയുടെ പന്ത് പുള്‍ ചെയ്യാന്‍ ശ്രമിച്ച സ്മിത്തിന് പിഴച്ചു. ബാറ്റില്‍ തട്ടി പന്ത് സ്റ്റമ്പ് കൊണ്ട് പറന്നു. 15 പന്തില്‍ 17 റണ്‍സായിരുന്നു ഓസീസ് ക്യാപ്റ്റന്റെ സംഭാവന. തൊട്ടുപിന്നാലെ റെന്‍ഷായെ(8) വീഴ്‌ത്തി ഇന്ത്യയുടെ 32 റണ്‍സ് ലീഡ് മറികടക്കുന്നതിന് മുമ്പെ ഉമേഷ് യാദവ് ഓസീസിനെ ഞെട്ടിച്ചു.

ഹാന്‍ഡ്സ്കോമ്പും മാക്സ്‌വെല്ലും ചേര്‍ന്ന് പിന്നീട് വിക്കറ്റ് വീഴ്ചയ്ക്ക് ചെറിയൊരു ചിറ കെട്ടി. എന്നാല്‍ ഹാന്‍ഡ്സ്കോമ്പിനെ(18) വീഴ്‌ത്തി അശ്വിന്‍ അത് പൊളിച്ചതോടെ പിന്നീട് വിക്കറ്റുകളുടെ കുത്തൊഴുക്കായി. നിലയുറപ്പിച്ചെന്ന് തോന്നിച്ച മാക്സ്‌വെല്ലിനെയും(45) വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ തന്നെ ഓസീസിന്റെ നടുവൊടിച്ചു. ജഡേജയുടെ ഊഴമായിരുന്നു പിന്നീട് ഷോണ്‍ മാര്‍ഷ്(1), കമിന്‍സ്(12), ഒക്കീഫെ(0) എന്നിവരെ മടക്കി ജഡേജ ഓസീസിന്റെ വാലറുത്തു. ലിയോണിനെ(0) യാദവും ഹേസല്‍വുഡിനെ(0) അശ്വിനും മടക്കിയതോടെ ഓസീസ് പോരാട്ടം 137 റണ്‍സില്‍ അവസാനിച്ചു. 25 റണ്‍സുമായി മാത്യു വെയ്ഡ് കീഴടങ്ങാടതെ നിന്നു. 106 റണ്‍സിന്റെ വിജയലക്ഷ്യവുമായി മൂന്നാം ദിനം ആറോവര്‍ ബാറ്റ് ചെയ്ത ഇന്ത്യക്കായി രാഹുല്‍ കമിന്‍സ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ മൂന്ന് ബൗണ്ടറി അടിച്ചാണ് തുടങ്ങിയത്. പിന്നീട് വിക്കറ്റ് വീഴ്ചയില്ലാതെ 19 റണ്‍സെന്ന നിലയില്‍ ഇന്ത്യ മൂന്നാം ദിനം അവസാനിപ്പിച്ചു. നേരത്തെ 248/6 എന്ന സ്കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ സാഹ-ജഡേജ സഖ്യത്തിന്റെ അപ്രതീക്ഷിത ചെറുത്തുനില്‍പ്പാണ് ലീഡിലേക്ക് നയിച്ചത്. 63 റണ്‍സുമായി ജഡേജ ഇന്ത്യയുടെ ടോപ് സ്കോറര്‍ ആയപ്പോള്‍ 31 റണ്‍സെടുത്ത സാഹ ജഡേജയ്ക്ക് പറ്റിയ പങ്കാളിയായി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 96 റണ്‍സാണ് കളിയില്‍ നിര്‍ണായകമായത്.

NO COMMENTS

LEAVE A REPLY