ധാക്ക• ഇന്ത്യന്‍ വിദ്യാര്‍ഥിനി താരിഷി ജയിനുള്‍പ്പെടെ 20 വിദേശികള്‍ കൊല്ലപ്പെട്ട ഭീകരാക്രണമത്തിനു പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരല്ലെന്ന് ബംഗ്ലദേശ് ആഭ്യന്തരമന്ത്രി. ആക്രമണം നടത്തിയതു ബംഗ്ലദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയിലെ അംഗങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിനു പിന്നാലെയാണ് അവര്‍ക്ക് ആക്രമണത്തില്‍ പങ്കില്ലെന്നു വ്യക്തമാക്കി ബംഗ്ലദേശ് സര്‍ക്കാര്‍ രംഗത്തെത്തിയത്.
ധാക്കയില്‍ ആക്രമണം നടത്തിയത് ജമായത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലദേശ് എന്ന ഭീകരസംഘടനയിലെ അംഗങ്ങളാണെന്ന് ബംഗ്ലദേശ് ആഭ്യന്തരമന്ത്രി ആസാദുസ്മാന്‍ ഖാന്‍ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു. ഒരു പതിറ്റാണ്ടിലധികമായി ബംഗ്ലദേശില്‍ നിരോധിച്ചിരിക്കുന്ന സംഘടനയാണിത്. ആക്രമണത്തിന് ഇസ്ലാമിക് സ്റ്റേറ്റുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, സുരക്ഷാസേനയുടെ തിരിച്ചടിയില്‍ കൊല്ലപ്പെട്ട ആറു ഭീകരരുടെ ചിത്രങ്ങള്‍ ബംഗ്ലദേശ് പൊലീസ് പുറത്തുവിട്ടു. ആക്രമണം നടത്തിയ ഒരു ഭീകരനെ സുരക്ഷാസേന ജീവനോടെ പിടികൂടിയിരുന്നു. ഭീകരരെല്ലാം ഉന്നതവിദ്യാഭ്യാസം ലഭിച്ചവരും സാമ്ബത്തികമായി ഉയര്‍ന്ന കുടുംബങ്ങളില്‍ നിന്നുള്ളവരുമാണെന്ന് മന്ത്രി അറിയിച്ചു.