തെരുവുകുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ വിസമ്മതിച്ച ഡല്‍ഹിയിലെ ഹോട്ടലിനെതിരെ നടപടിയെടുത്ത് ആം ആദ്മി സര്‍ക്കാര്‍

197

ന്യൂഡല്‍ഹി: ദരിദ്രരായ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ വിസമ്മതിച്ച ഡല്‍ഹിയിലെ ഹോട്ടലിനെതിരെ നടപടിയെടുത്ത് ആം ആദ്മി സര്‍ക്കാര്‍. ഹോട്ടലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതായും ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുമെന്നും ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയിലെ റസ്റ്റോറന്റ് തെരുവില്‍ താമസിച്ചിരുന്ന കുട്ടികള്‍ക്ക് ഭക്ഷണം നിഷേധിച്ചത്. സൊനാലി ഷെട്ടി എന്ന യുവതി ഭര്‍ത്താവിന്റെ ജന്മദിനത്തില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കാന്‍ നഗരത്തിലെ ശിവ് നഗര്‍ എന്ന ഹോട്ടലിലെത്തിയത്. എന്നാല്‍ മുഷിഞ്ഞ വസ്ത്രവുമായെത്തിയ കുട്ടികളെ അകത്ത് ഇരുത്താനാകില്ലെന്നും എല്ലാവരും പുറത്തുപോകണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു.
ഭക്ഷണം കഴിക്കാനിരുന്ന തങ്ങളോട് ഇറങ്ങിപ്പോവാന്‍ പറഞ്ഞതിനെത്തുടര്‍ന്ന് മറ്റൊരു ഹോട്ടലില്‍ നിന്നാണ് ഭക്ഷണം കഴിച്ചതെന്ന് കുട്ടികള്‍ പറഞ്ഞു. പുറത്താക്കിയതിന്റെ കാരണം തിരക്കിയതിന് ഹോട്ടല്‍ ജീവനക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും സൊനാലി പറയുന്നു.
അതേസമയം കുട്ടികള്‍ മറ്റുള്ളവരെ ശല്യം ചെയ്തതു കൊണ്ടാണ് ഇറക്കി വിട്ടതെന്ന് ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. സംഭവം നിഷ്ഠൂരമായിപ്പോയെന്നും ഭരണഘടന അനുശാസിക്കുന്നത് സമത്വമാണെന്നും സിസോദിയ വ്യക്തമാക്കി. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സൊനാലി ഷെട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.